ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

30 December 2010

കഥാവശേഷം !

ആരവങ്ങള്‍ നിലച്ചിരിക്കുന്നു!
ആഘോഷങ്ങള്‍ അവസാനിച്ചുകാണണം.


ക്രൂശിതമായ ശരീരം കൊത്തിത്തിന്ന്‌ 
കഴുകന്‍മാര്‍ പള്ളിമേടകളിലേക്ക്‌
പറന്നു പോയിക്കാണണം!
ഉടഞ്ഞ ഒരു എല്ലിന്‍ കൂട്‌ 
കുരിശില്‍ അനാഥമായിക്കാണണം!
നിരാലംബമായി ഒരാത്മാവിപ്പോള്‍ 
തരിശൂ ഭൂമിയില്‍ അലഞ്ഞു തിരിയുകയാവണം!

നീ 
നിന്റെ  ദിനം വരും വരെ 
കാത്തിരിക്കണം 
ചോദ്യം ചോദിക്കുന്നവന്‍ കള്ളനാകുന്നു 
സത്യം പറയുന്നവന്‍ ഭ്രാന്തനാകുന്നു.
ആകയാല്‍ അന്ന് നിന്നെ
ചാട്ടവാര്‍ കൊണ്ട് അടിച്ച് 
കവിയെന്നോ കള്ളനെന്നോ
കാമുകനെന്നോ ഭ്രാന്തനെന്നോ ആര്‍ത്ത്
മലമുകളിലേയ്ക്കു കൊണ്ടുപോകും!
കുന്തങ്ങളും ആണികളും കൂര്‍പ്പിച്ച്‌ 
ചുറ്റികകള്‍ തയ്യാറാക്കി 
അവര്‍ അവിടെ അപ്പോള്‍ 
കാത്തിരിക്കുന്നാണ്ടാവും!

മുള്‍ക്കിരീടം ചൂടി 
മുറിവുകളാല്‍ അലംകൃതനായി 
നീ  അഭിഷിക്തനാകുമ്പോള്‍ 
അലഞ്ഞുതിരിയുന്ന ആ ആത്മാവ്‌ 
പ്രാര്‍ഥിക്കുന്ന ചുണ്ടുകളില്‍ നിന്നല്ല 
നിറഞ്ഞൊഴുകുന്ന മിഴികളില്‍ നിന്ന്‌ 
ഇളംകാറ്റായോ 
ചിലപ്പോള്‍ 
ഒരു കൊടുംകാറ്റായ്‌ തന്നെയോ 
നിന്നെത്തേടി വരും! 

അധരങ്ങളാല്‍ വാഴ്ത്തപ്പെടുമ്പോഴും 
ഹൃദയങ്ങളാല്‍ ഒറ്റുകൊടുക്കപ്പെട്ടവരാണ്‌ 
എല്ലാ ബലിമൃഗങ്ങളും എന്ന്‌ 
നിന്റെ  കാതില്‍ ചൊല്ലിത്തരും! 
നീ കാത്തിരുന്ന തിരുപ്പിറവികള്‍ എല്ലാം
കഥാവശേഷങ്ങളായ 
കള്ളങ്ങളായിരുന്നുവെന്നും!

__________________________________________________________________________________
ചുള്ളിക്കാടിന്റെ  തിരുപ്പിറവി വായിച്ചപ്പോള്‍ എഴുതിയത്‌. എല്ലാവരും ക്ഷമിക്കുക. തിരുപ്പിറവി വായിക്കാത്തവര്‍ക്ക്‌ ഇവിടെ വായിക്കാം
http://balachandranchullikkad.blogspot.com/2010/12/blog-post_21.html


21 December 2010

നാലാം ദിവസം!


വിളിക്കുമ്പോഴെല്ലാം 
'തിരക്കിലാണ്‌ 
അല്‍പ്പനേരം കഴിഞ്ഞ്‌ വിളിക്കൂ' 
എന്നവള്‍ 
ആവര്‍ത്തിക്കാന്‍ തുടങ്ങിയത്‌
രണ്ടു നാള്‍ മുന്‍പാണ്‌. 
അതുവരെ എന്നും
 'പ്രണയിക്കുകയായിരുന്നൂ നാം 
ഓരോരോ ജന്‍മങ്ങളില്‍*' 
എന്ന്‌ പാടിക്കൊണ്ടിരുന്നവള്‍! 

 ഇന്നലെ 
ഏതുനേരവും അവള്‍ 
മറ്റൊരു ലൈനില്‍ 
സംഭാഷണത്തില്‍.
 താങ്കള്‍ ക്യൂവിലാണെന്ന്‌ 
 എല്ലായ്പ്പോഴും ഓര്‍മിപ്പിച്ചുകൊണ്ട്‌! 

ഇന്ന് 
ഈ പാതിരാവിലും 
അവള്‍ പരിധിക്കു പുറത്താണ്‌. 
സ്വീകരിക്കുമെന്ന്‌ ഉറപ്പില്ലാത്ത 
ഒരു ശബ്ദസന്ദേശമയക്കാമെനിക്ക്‌ !
അതും താല്‍പര്യമുണ്ടെങ്കില്‍ മാത്രം! 

ആര്‍ക്കറിയാം? 
നാളെ പുലരുമ്പോള്‍ 
ഓര്‍മ്മകളും വിനിമയങ്ങളും ഇല്ലാതെ 
നഗ്നമായി, അനാഥമായി 
കടലില്‍, 
അജ്ഞാതമായ ഒരു വനാന്തരത്തില്‍ 
 അല്ലെങ്കില്‍ ഏതോ ഒരു നദിയില്‍ 
എവിടെയോ ഒരു തടാകത്തില്‍ 
അതുമല്ലെങ്കില്‍ റയില്‍പ്പാളത്തില്‍ 
ഒന്നും പ്രതികരിക്കാതെ
സ്വിച്ച്‌ ഓഫ്‌ ആയി............ 

അത്രയേ ഉള്ളൂ 
ചില ജന്‍മങ്ങള്‍! 
അത്രയൊക്കെയേ കാണൂ 
ചില പ്രണയങ്ങള്‍!
_________________________________________________________________________________
*ശ്രീ സുരേഷ്‌ രാമന്തളി മനസ്സില്‍ ഒരു മഞ്ഞുതുള്ളി എന്ന ചലച്ചിത്രത്തിനുവേണ്ടി എഴുതിയ ഗാനം. ഒരു റിംഗ്‌ ബാക്ക്‌ ടോണ്‍.

12 December 2010

രൂപാന്തരം!അന്ന്‌ 
ഞങ്ങള്‍ ഈരടികള്‍ പോലിരുന്നു. 
വാക്കും അര്‍ഥവും പോലെ,
പരസ്പ്പരം ചേര്‍ന്ന്‌! 
എന്നും ഒരേ താളം!
ഒരേ ഈണം! ഒരേ ലയം!

ഇന്നു പക്ഷെ 
ഒരു ഉത്തരാധുനിക കവിത പോലെ 
കിടക്കവേ,
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല!
എവിടെ നമ്മുടെ താളം?
ഈണം? ലയം?

"കുന്തം!"
അവള്‍ 
തലമൂടിപ്പുതച്ചു 
തിരിഞ്ഞു കിടന്നു.
കൂര്‍ക്കം വലി തുടങ്ങും മുന്‍പെ
ഈരടി ഒഴുകി വന്നു!
" ഉറങ്ങുകയുമില്ല
ഉറക്കുകയുമില്ല!"

കൂട്ടില്‍കിടന്നു 
പട്ടി കുരച്ചു 

ആരുടെയോ തൊഴുത്തില്‍ 
ഒരു പശു അമറി 

"നാശം,
തിന്നുകയുമില്ല,
തീറ്റിക്കുകയുമില്ല!"

4 December 2010

ആത്മകഥ!


വരൂ, 
പാദുകങ്ങള്‍ 
പുറത്തു വയ്ക്കണമെന്നില്ല! 

കഥയാവും തിരയുന്നത്‌! 
കഥ മെനയാനുള്ള വാക്കുകളാണ്‌ 
ഞാന്‍ തിരയുന്നത്‌! 

വാക്കുകള്‍ 
നാവില്‍ നിന്നാണു വരുന്നതെന്ന്‌ 
ആരാണു നിന്നോടു പറഞ്ഞത്‌? 

വാക്കുകള്‍ 
നാവില്‍നിന്നോ 
മനസ്സില്‍ നിന്നോ അല്ല, 
ആഴമുള്ള മുറിവുകളില്‍ നിന്നാണ്‌ വരുന്നത്‌! 

എന്നെ 
മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുക! 
മുറിവുകളില്‍ നിന്നും 
നിലയ്ക്കാത്ത നദി പോലെ 
വാക്കുകള്‍ വാര്‍ന്നൊഴുകട്ടെ! 
മുറിവുകളില്‍ മുളകു പുരട്ടുക! 
വാക്കുകള്‍ തീക്ഷ്ണ സുന്ദരമാകട്ടേ! 

ഛേദിക്കപ്പെടുന്ന 
ശിഖരങ്ങളെ കുറിച്ച്‌ 
എനിക്കു ഖേദമില്ല! 

ശിഖരങ്ങള്‍ അടരും തോറും 
എന്റെ  വേരുകള്‍ 
ആഴത്തിലേക്കു പടരും!
ആഴ്ന്നിറങ്ങുന്ന വേരുകളാലാണ്‌ 
ഞാന്‍ നിന്നെ അറിയുന്നത്‌! 

കൊഴിഞ്ഞു വീഴുന്ന ഇലകളാണ്‌ 
എന്നെ വളര്‍ത്തുന്നത്‌! 
കരിഞ്ഞു പോകുന്ന പൂവുകളല്ല, 
അവയുടെ സൌരഭമാണ്‌ 
ഞാന്‍ നിനക്കു നല്‍കുന്നത്‌! 

വെയിലായ വെയിലെല്ലാം കൊള്ളുന്ന 
എന്റെ ഈ ഉടലാണു 
എന്നും നിന്റെ തണല്‍! 

നീ 
ഏറ്റവും അധികം അവഗണിക്കുന്ന 
എന്റെ വാക്കുകളാണു
എനിക്കു ഏറ്റവും പ്രിയങ്കരം. 

ഞാന്‍ 
തീവ്രമായി നിറഞ്ഞു നില്‍ക്കുന്നത്‌ 
അവയിലാണല്ലോ!

അതിനാലാവാം 
നിനക്കവ അന്യമായതും! 

കഥകള്‍ 
ഇവിടെ തീരുന്നു! 
കേട്ടുകഴിഞ്ഞതും കേള്‍ക്കാനിരിക്കുന്നതും 
കണ്ടു കഴിഞ്ഞതും കാണാനിരിക്കുന്നതും 
കഥയില്ലായ്മകള്‍ ആണെന്നു തിരിച്ചറിഞ്ഞ്‌ 
ഈ വരികളില്‍ നിന്നുമിറങ്ങി 
നീ തിരിച്ചു പോകുക! 

ഒരിക്കലും ഈ വഴി 
വരില്ലെന്നുറപ്പുള്ളവരെയാണ്‍്‌ 
ഞാന്‍ കാത്തിരിക്കുന്നത്‌! 
അവര്‍ക്കുള്ളതത്രെ 
എന്റെ ആത്മകഥ!
............2002


15 November 2010

ഹൃദയാന്തരം!


(സമര്‍പ്പണം: ഒരിക്കലും പിരിഞ്ഞു പോവാതെ എന്നില്‍ ജീവിക്കുന്ന എന്റെ കാല്‍പനിക സ്വപ്നങ്ങള്‍ക്ക്‌)

നീ അറിയുന്നോ?
കിനാവിന്റെ  നൌകയില്‍ 
ഞാന്‍ തുഴഞ്ഞെത്തും വിദൂരതീരങ്ങളെ? 

നീ അറിയുന്നോ?
നിലാവിന്റെ  തല്‍പ്പത്തില്‍ 
ഞാന്‍ കുടഞ്ഞിട്ട ഹൃദയദലങ്ങളെ? 

നിന്റെ  നേത്രങ്ങള്‍ 
അലക്ഷ്യമായ്‌ സ്പര്‍ശിക്കെ-
യെന്‍ കണ്ണില്‍ മിന്നിയ മിന്നാമിനുങ്ങിനെ? 

നിന്റെ  സാന്നിദ്ധ്യം അറിയവേ,
എന്നിടം നെഞ്ചില്‍ ശരം കോര്‍ത്തൊരിന്ദ്രധനുസ്സിനെ?

പൊന്‍ചെമ്പകം പൂത്ത 
ഗന്ധവുമായ്‌ എന്റെ  
നെഞ്ചില്‍ പടര്‍ന്നു കയറിയ സന്ധ്യയെ? 

എന്റെ  കൌമാര 
പകല്‍ സ്വപ്ന വീഥിയില്‍ 
എന്നും മുഴങ്ങിയ നിന്റെ കാലൊച്ചയെ? 

നീയറിഞ്ഞില്ലവയൊന്നുമൊരിക്കലും!! 

എന്റെ  മൌനങ്ങള്‍ക്കു 
ചേക്കേറുവാനുള്ള 
ചില്ലകളായില്ല   നിന്‍ ഹൃദയാന്തരം! 

എങ്കിലും, 
ഏതോ വെളിപാടു പോലെ,യെന്‍ 
ചിന്താതപം നിന്റെ  അന്തരംഗത്തിനെ 
മന്ത്രമുഖരിതമാക്കുമൊരു ദിനം! 

എന്നെയും തേടി, 
എന്നെ മാത്രം തേടി, 
നിന്റെ  ഹൃദയം വരുമൊരുനാള്‍! 

അന്ന്‌, 
നിന്നെ വീണ്ടും വരവേല്‍ക്കും, 

എല്ലാ വെളിച്ചവും 
തൂകിക്കഴിഞ്ഞൊരു 
മിന്നാമിനുങ്ങിന്‍ ഹൃദയം! 

എല്ലാ ദലങ്ങളും 
വാടിക്കഴിഞ്ഞൊരു 
ചെമ്പകത്തിന്‍ കനല്‍ക്കാലം! 

എല്ലാവരാലും 
അനാഥമാക്കപ്പെട്ട 
മണ്‍കുടീരത്തിന്‍ വിലാപ മൌനം!
-1993-5 November 2010

പേപ്പട്ടി, വിഷപ്പാമ്പ്‌, ചില ക്ഷുദ്രജീവികള്‍!


രാത്രിമഴയുടെ ഇടവേളയില്‍ 
പുറത്തേക്കിറങ്ങാന്‍ തുടങ്ങവേ, 
അച്ഛന്‍ പറഞ്ഞു .

"വെളിച്ചം മാത്രം പോരാ! 
നല്ലൊരു വടിയും കരുതണം നീ, 
ബലമുള്ളത്‌!
ഒടിഞ്ഞു പോകാത്തത്! 
കുത്തി നടക്കാനല്ല, 
എവിടെയും എല്ലായ്പ്പോഴും 
ക്ഷുദ്രജീവികളാണ്‌, 
നാള്‍ തോറും അവ പെരുകിവരുന്നു! 
ഏതു പൊന്തക്കാട്ടില്‍ നിന്ന്‌ 
എപ്പോള്‍ എങ്ങിനെ ചാടി വീഴും?
 ആര്‍ക്കറിയാം? 

മുന്നിലെങ്ങാന്‍ വന്നാല്‍,
 ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍, 
മടിക്കേണ്ട, 
കൈയും കാലും വിറക്കേണ്ട! 
കണ്ണും കരളും പതറേണ്ട! 
ഒറ്റത്തല്ലിനു കൊല്ലണം!

 പേപ്പട്ടിയായാലും!
 വിഷപ്പാമ്പായാലും! 
മതഭ്രാന്തനായാലും!'


27 October 2010

ഇടയന്‍ കഴുതകള്‍ക്ക്‌ എഴുതിയ ലേഖനം
ഇടയന്‍ 
 എഴുതിയ ലേഖനം
ലായങ്ങളില്‍ 
വീണ്ടും വീണ്ടും 
വായിക്കപ്പെട്ടുകൊണ്ടിരിക്കും. 

കുതിരകള്‍ മുന്നില്‍ നടക്കണമെന്നു
ഇടയന്‍ ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കും

ശരിയാണ്‌,
കുതിരകള്‍ തന്നെ മുന്നില്‍ നടക്കണം! 
അവര്‍ നന്നായി വളര്‍ത്തപ്പെട്ടവര്‍! 
അവര്‍ തന്നെ നയിക്കണം! 

എങ്കില്‍ മാത്രമേ
 ഇടയന്‌ കുതിരപ്പുറത്തേറി 
നമ്മെ നയിക്കാനാവൂ! 

കഴുതകള്‍ വെറും ചുമട്ടുകാര്‍! 

അവര്‍ നമ്മെ നയിച്ചാല്‍
ഭാരങ്ങള്‍ ആരു ചുമക്കും? 

അവര്‍ എന്നും
 കഴുതകളായി പിറക്കണം! 
കഴുതകളായി നടക്കണം! 
കഴുതകളായി രമിക്കണം! 
കഴുതകളെ ജനിപ്പിക്കണം! 
പിന്നെ,
 കഴുതകളായി മരിക്കണം! 

കഴുതകള്‍ക്കായി എന്ന വ്യാജേന 
കുതിരകളാല്‍ 
കുതിരകള്‍ക്കായി നടത്തപ്പെടുന്ന
 കുതിരകളുടെ രാജ്യം വാഴ്ത്തപ്പെടട്ടേ! 

കുതിരരാജാവിനും, 
രാജാവിന്റെ  ഇടയനും 
സ്തോത്രം! 

എവിടെയും 
എല്ലായ്പ്പോഴും 
കുതിരരാജ്യം വരേണമേ! 


23 October 2010

പൊരുള്‍!(എന്റെ സ്വപ്നത്തിലെ കവിയ്ക്ക്)
__________________________________________


നിന്റെവാക്കുകള്‍ എന്നും
ചിറകു നീര്‍ത്തിയ
കിളി പോലെ!
അനന്തതയിലേക്ക് പറന്നും
ആകാശത്തെ ചുംബിച്ചും
നക്ഷത്രക്കതിരുകള്‍
കൊത്തിയും!


നിന്റെവാക്കുകള്‍ എന്നും
ചിറകു നീര്‍ത്തിയ
മീന്‍ പോലെ !
ആഴങ്ങളിലേക്ക്‌ ഊളിയിട്ടും,
പവിഴപുറ്റുകള്‍ ചുറ്റിയും,
മുത്തുകള്‍ വാരിയും!


നിന്റെവാക്കുകള്‍ എന്നും
ഹൃദയത്തില്‍
ചാര്‍ത്തിയ കൈയൊപ്പ്‌ പോലെ!
കാരുണ്യത്തിന്റെ തൂവലാല്‍
മുറിവുകളില്‍ തൊട്ടും,
സാന്ത്വനത്തിന്റെ വിശറി
നിര്‍ത്താതെ വീശിയും!


നിന്റെവാക്കുകള്‍ എന്നും
മോചന സ്വപ്നങ്ങളുടെ
വിളമ്പര ജാഥ പോലെ !
തിരിച്ചറിവിന്റെ തീക്കനല്‍
ജീവനില്‍ കോരിയിട്ടും,
നിലപാടുകളുടെ കൊടിമരം
നെഞ്ചില്‍ കുത്തി നിര്‍ത്തിയും !
അനീതികളുടെ കടലില്‍
അതിജീവനത്തിന്റെ
തോണിയിറക്കിയും!


എന്റെ വാക്കുകള്‍, പക്ഷെ
മഴ നനഞ്ഞ തീ പോലെ!
ഒരിക്കലും ജ്വലിക്കാതെ,
ഇടയ്ക്ക്‌ പുകഞ്ഞും, നീറിയും!
ഏറു കൊണ്ട നായെപ്പോലെ
ഇടയ്ക്കിടെ മോങ്ങിയും!
പ്രേതഭീതിയാര്‍ന്ന രാത്രി പോലെ
നിരന്തരം ഉറക്കം കെടുത്തിയും!


നിന്റെ വാക്കുകളാണ്
എന്റെ സ്വപ്നം!


എന്റെ വാക്കുകള്‍
എന്റെ ദു:സ്വപ്നവും!


11 October 2010

നിനക്ക്!


സ്മരണയില്‍ നിന്നും മറഞ്ഞു വാക്കുകള്‍!
ഹൃദയത്തില്‍ വീണു മരിച്ചിതര്‍ത്ഥങ്ങള്‍ !
മനസ്സിന്റെ ഛായാ തലങ്ങളില്‍ നിന്നും
നിറം കവര്‍ന്നെന്നോ മറഞ്ഞു കാലവും!

ഉടുപുടവകള്‍ വെടിഞ്ഞീയാത്മാവ് 
വഴികളൊക്കെയും മറന്നു, ഭീതിയും 
പുതച്ച് മൂലയില്‍ ഒളിക്കുകയാണ് !
കിനാവുകള്‍ സ്വയം ചമച്ച ക്രൂശുമായ് 
മലമുകള്‍ ഏറി മരിക്കുകയാണ്! 
ഉടഞ്ഞ കല്ലറയ്ക്കടിയില്‍ എങ്ങെങ്ങോ
ഉയിര്‍ത്ത് എണീക്കാതെ കിടക്കുകയാണ്!

ക്ഷമിക്കുക!
മൌഡ്യം നിറഞ്ഞ മൌനവും 
പുക പുരണ്ടൊരീ വരികളും , ചോര 
വരണ്ടുണങ്ങിയ സ്മൃതിയും മാത്രമേ 
ഇവന് ബാക്കിയായ്!

അനര്‍ത്ഥമായ്, നീറും അനര്‍ത്ഥമായ് എന്നും
അവയെന്നില്‍ വന്നു നിറയുകയാവാം!

നിനക്ക് മോദിക്കാന്‍ ഇത് മതിയെങ്കില്‍ 
നിറച്ചു കൈകളില്‍ സ്വയമെടുക്കുക!
കഠിന വര്‍ഷങ്ങള്‍ നിറഞ്ഞ ജന്മത്തിന്‍ 
കദന വീഥികള്‍ അലങ്കരിക്കുക! 

കൊഴിഞ്ഞതൊക്കെയും വസന്തമാണെന്നും
വരുന്നതൊക്കെയും ശിശിരമാണെന്നും
വെറുതെയോര്‍പ്പു ഞാന്‍!

ഇവന് ജീവിതത്തിരി- കത്തും മുന്‍പേ 
അണഞ്ഞു പോയൊരു കരിന്തിരി മാത്രം!
കവിത കാലത്തിന്‍ കരയില്‍ പണ്ടെന്നോ 
കളഞ്ഞു പോയൊരു മയില്‍‌പ്പീലി മാത്രം!
.................2000

15 September 2010

പ്രണയത്തെക്കുറിച്ച്‌ ചില പ്രബന്ധങ്ങള്‍ രാധാമാധവം 

എവിടെയോ ഒരു മുരളിക പാടി! 
എവിടെയോ ഒരു കാല്‍ച്ചിലങ്ക കിലുങ്ങി! 

വൃന്ദാവനത്തില്‍ 
വേനലിലും 
മഴ പെയ്തുകൊണ്ടേയിരുന്നു! 
ഗോപാംഗനയുടെ വനികയില്‍ 
വസന്തകാലമല്ലാതിരുന്നിട്ടും
നിറയെ പൂക്കള്‍ വിടര്‍ന്നു! 
യമുനാതീരം 
അമാവാസി നാളിലും 
നറുനിലാവില്‍ കുളിച്ചു!

ആരോ പറഞ്ഞു, 
പ്രണയം അങ്ങനെയാണ്‌!
......................................1998

മഴ,എന്റെയും നിന്റെയും 

മഴ എവിടെയെല്ലാമാണ് പെയ്യുന്നത്‌? 

മണ്ണില്‍, മരങ്ങളില്‍, 
മലകളില്‍, മാനത്ത്‌,
എല്ലായിടത്തും!

കുഞ്ഞുകുട തുറന്ന്‌ 
കന്നിമഴയിലേക്ക്‌
കുതിക്കാന്‍ ഒരുങ്ങുന്ന 
കുരുന്നിന്റെ കണ്ണുകളോടെ
നീയും ഞാനും
മതിവരുവോളം മഴ കണ്ടു. 

മണ്ണില്‍, മരങ്ങളില്‍, 
മലകളില്‍, മാനത്ത്‌,
എല്ലായിടത്തും! 

പിരിയുമ്പോള്‍ പക്ഷേ, 
പെയ്തു തീരാതെ ഒരു മഴ 
നിന്റെ കണ്ണിലുള്ളതു മാത്രം 
ഞാന്‍ കണ്ടില്ല! 
തുള്ളി പെയ്യാതെ ഒരു മഴ 
എന്റെ ഉള്ളിലുള്ളത്‌ 
നീയും!
...........................2002


ആത്മഹത്യ! 
പ്രണയ സായഹ്നക്കടല്‍ക്കര! പുക
 കലര്‍ന്ന കാറ്റിലോ മരണത്തിന്‍ മണം!* 
മൃത നിമ്മ്നോന്നത ശിലകളില്‍ വീണു 
മൃഗ വികാരമായ്‌ ചിതറുന്ന കടല്‍! 

അടര്‍ന്ന സ്മാരകശിലകള്‍പ്പുറം, 
അനന്ത സാഗരത്തിരകള്‍ക്കപ്പുറം, 
വിളറുന്നു താരപഥത്തില്‍ നമ്മുടെ
അവസാനസന്ധ്യ! 
മിഴിയിമകളില്‍ 
നിറം പൊലിഞ്ഞന്തി വെയില്‍ മയങ്ങുമ്പോള്‍ 
മുറിഞ്ഞു പോകുന്നോ മൊഴികള്‍? നമ്മളില്‍ 
മൃതസഞ്ജീവനി തിരയുമോര്‍മ്മകള്‍? 

സ്മൃതികള്‍, സങ്കടക്കടല്‍ കടന്നെന്നും 
അരികിലെന്തിനോ വരുന്ന പക്ഷികള്‍! 
മൊഴികള്‍, വേദനക്കതിരുകള്‍ കൊത്താന്‍ 
പറന്നിറങ്ങുന്ന വയല്‍പ്പറവകള്‍! 

നിരര്‍ത്ഥമാകുമൊരനുഭവം നിന്റെ 
നിനവില്‍ കയ്പ്പായി നിറയുമെങ്കിലും, 
പ്രണയത്തിന്‍ തീരം വെടിഞ്ഞെന്നേക്കുമായ്‌ 
വിരഹത്തിലേക്ക്‌ പിരിഞ്ഞിടും മുന്‍പ്‌, 
അതൃപ്തി തന്‍ ദീര്‍ഘ സമസ്യപോലെയീ 
നരജന്‍മം നമ്മില്‍ നിറഞ്ഞിടും മുന്‍പ്‌, 
ജരകയറുമെന്‍ ഹൃദയത്തില്‍ നിന്നും 
വരണ്ട ചുണ്ടിലെ ശിശിരത്തില്‍ നിന്നും, 
എടുത്തു കൊള്‍ക നീ, ക്രമരഹിതമെന്‍ 
വചനവും, ഉള്ളിന്‍ ജ്വലനവും, എന്തോ 
നിനച്ചിരിക്കവേ മരിക്കുമോര്‍മ്മയും, 
സമസ്ത്ത ദു:ഖവും, കിനാക്കളും സഖീ! 

മനസ്സില്‍ പഞ്ചാഗ്ന്നി ഉരച്ചുണര്‍ത്തി നീ- 
യെനിക്കു നല്‍കുക അപൂര്‍വ സദ്ഗതി! 
പടരുമാഗ്നേയകരങ്ങളില്‍ കോര്‍ത്തി- 
ന്നിവനരുളുക അപൂര്‍വ നിര്‍വാണം! 

പ്രണയം ദു:ഖത്തിന്‍ മരണമാകുന്നു! 
മരണം  ദു:ഖത്തിന്‍ പ്രണയവും പ്രിയേ! 
------------------------- 1998
* കണ്ണൂര് പയ്യാമ്പലം ബീച്‌-
സ്മാരക ശിലകള്‍ നിറഞ്ഞ ശ്മശാനവും ബീച്ചും ഇവിടെ ഒന്നിക്കുന്നു!
പ്രണയവും മരണവും കൈ കോര്‍ത്ത്‌ നടക്കുന്ന
സായാഹ്നങ്ങള്‍ ഇവിടെ സാധാരണം
--------------------------------------------------------

ഫലശ്രുതി
മാതുലന്റെ സാമ്രാജ്യം 
അവളുടെ പ്രേമത്തേക്കാള്‍ 
വലുതാണെന്ന്‌ 
അവനും,
മുന്തിരിച്ചാറിന്‌ 
അവന്റെ സ്നേഹത്തേക്കാള്‍ 
മധുരമുണ്ടെന്ന്‌ 
അവളും, 
തിരിച്ചറിഞ്ഞപ്പോളാണ്‌
ആറുമുഴം കയറിന്റെ 
ഒരറ്റം കഴുത്തിലും, 
മറ്റേയറ്റം മരക്കൊമ്പിലും കെട്ടി 
പ്രണയം 
ആകാശത്തുനിന്നും 
ഭൂമിയിലേക്ക്‌ ചാടിയത്‌!  
.......................20084 September 2010

ഛേദിക്കപ്പെടാനായി ഇതാ കൈകള്‍! !


പറയൂ ,
കൈകള്‍ കൊണ്ട്
എന്ത് പ്രയോജനം?


ചട്ടിയില്‍ വീണ അയിലയെ
മൂന്നായി മുറിക്കാം.പിന്നെ ?


വിലാപങ്ങള്‍ പുറത്ത് വരാതെ വായ്‌ മൂടാം .
കരയുന്ന പെണ്ണിന്റെ മടിക്കുത്തഴിക്കാം
ഗര്‍ഭിണിയുടെ വയര്‍
പച്ചജീവനോടെ പിളര്‍ന്നു
കുഞ്ഞിനെ പുറത്തെടുത്ത കൈകള്‍!
ആ കൈകള്‍ ആരുടേതാണ്?
സ്വപ്നത്തിന്റെ ആകാശ ഗോപുരങ്ങളിലേക്ക്
അസ്വസ്ഥതയുടെ വിമാനങ്ങളുമായി
പറന്നു കയറിയ കൈകള്‍ ?
മിനാരങ്ങള്‍ തച്ചു തകര്‍ത്ത കൈകള്‍ ?
വിഗ്രഹങ്ങള്‍ക്ക് കല്ലെറിഞ്ഞ കൈകള്‍ ?
ജീവന് തീ വെച്ച കൈകള്‍ ?എല്ലാ കൈകളും ഒരു പോലിരുന്നു!
ഒരേ നിറം! ഒരേ മണം!
ചിലര്‍ നിസ്ക്കാര പ്പായകളില്‍ മുട്ട് കുത്തി!
ചിലര്‍ ശ്രീലകങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പി!.
ചിലര്‍ അള്‍ത്താര യ്ക് മുന്‍പില്‍ കുമ്പിട്ടു!
അനന്തരം
വടിവാളുകളും കൈമഴുവും ഏന്തി
അയല്‍ക്കാരനെ തേടി പുറപ്പെട്ടു!
ഛേദിക്കപ്പെടാനുള്ള കൈകള്‍
ആരുടേതാണ് ??


ചോരയുടെ മണം
തെരുവില്‍ നിന്നും
തെരുവുകളിലേക്ക് പടര്‍ന്നു.
പുരോഹിതര്‍
പ്രാര്‍ത്ഥനാ മുദ്രകളോടെ
കാണിക്ക വഞ്ചിക്കു ചുറ്റും നിരന്നു.
വെളിച്ചത്തെ കുറിച്ചു പ്രസംഗിച്ചു.
വചനങ്ങള്‍ പെയ്തു.
"ദൈവം സ്നേഹമാകുന്നു '
പിന്നെയവര്‍
പഴയത് പോലെ
ഇരുട്ടിനു കാവല്‍ നിന്നു!


വന്‍ മരങ്ങളില്‍ എല്ലാം
ഇത്തിള്‍ കണ്ണികള്‍ ആണ്!
കമ്മട്ടങ്ങളില്‍ കള്ളനാണയങ്ങള്‍ !
കൊടി മരങ്ങളില്‍ കൌപീനം!
ദീപ ശിഖകളില്‍ വിഷജ്വാല!
വിലാപങ്ങള്‍ ഉയരുന്നത് എവിടെ നിന്നാണ്?


പിശാചുക്കള്‍
ദൈവത്തിന്റെ പോരാളികളായി
തെരുവില്‍ പരസ്പ്പരം നായാടി!
കത്തുന്ന തകരക്കുടിലുകളില്‍ നിന്നും
വിശ്വാസികളുടെ
തീ പിടിച്ച ഉടലുകള്‍ ഓടിവന്നു.
കരിഞ്ഞ കൈകള്‍
ആകാശത്തേക്ക് ഉയര്‍ന്നു.
"എന്റെ ദൈവമേ .., എന്റെ ദൈവമേ ....'

രോദനങ്ങള്‍കു നടുവില്‍,
അപരാധങ്ങളുടെ തീ വെയിലില്‍,
ഒരു കുടക്കമ്പി പോലും
പ്രതിരോധമായി ഉയര്‍ത്താതെ
തണുത്ത ഞെരമ്പുകളോടെ
നീയും ഞാനും തല കുനിച്ചു നിന്നു.
ഷണ്ഡന്‍മാര്‍ !


മതി!
വിലപിക്കാനായി
ഇനി നാവു മാത്രം മതി!
വരുവിന്‍!
പിഴുതെടുക്കുവാനായി
ഇതാ എന്റെ കണ്ണുകള്‍!
പറിച്ചെടുക്കുവാനായി
ഇതായെന്‍ ഹൃദയം!
ഛേദിക്കപ്പെടാനായ്
ഇതാ എന്റെ കൈകള്‍!

  ----------------------------------------------------------------------------

9 August 2010

പ്രണയിനിക്ക് ഒരു തുറന്ന കത്ത്കാമിനീ,
കാലം കടന്നു പോകും മുന്‍പ്,
വാഴ്വിന്റെ ഗ്രീഷ്മാതപം എന്റെ വാക്കിന്റെ
ചോരയും നീരും കവര്‍ന്ന്‍ പോകും മുന്‍പ്
സാരാംശമെല്ലാം ഗ്രഹിക്കുക!വാക്കുകള്‍
പൂമഴ പെയ്യിച്ച വാസന്തമല്ലിന്നു,
കേട്ടിട്ടും തോറും മടുത്തിടാം! പിന്നെ നാം
ഓര്‍ത്തിടും   തോറും വെറുക്കാം പരസ്പരം!

ജാലകമെല്ലാം അടഞ്ഞു  പോകെ ,സ്നേഹ-
ദീപങ്ങള്‍ ഒന്നായ് അണഞ്ഞു പോകെ, രാത്രി
ജീവനിലെന്നും വിരിക്കും തമസ്സിന്റെ
നീറുമീ ഏകാന്ത ശയ്യയില്‍,അജ്ഞാത
ഭൂത ഗണങ്ങള്‍ എന്നുള്ളില്‍ ഉണരവേ,
എണ്ണയും വേര്‍പ്പും  മണക്കും ശരീരവും
നിന്നിലെ നിന്നില്‍ ജ്വലിക്കും കനലുമായ്
വന്നു ചേരുന്നു നീ, കയ്പ്പ് നീര്‍ ചാലിക്കു-
മെന്റെ മാത്രം പാന പാത്രം പകുക്കുവാന്‍!

പിന്നെ പകല്‍, വെയില്‍ ഉച്ച വെളിച്ചമായ്
നമ്മില്‍ പതിക്കുന്ന നേരം , മനസ്സിലെ
കണ്ടുതീരാത്ത ഗ്രഹങ്ങള്‍ മായുന്നു ,നിന്‍-
കണ്ണിലെ താരാ ഗണങ്ങളും  മായുന്നു!
ഉള്ളില്‍ കനക്കും അനന്ത മൌനത്തിന്റെ
അന്തര്‍ ഗതങ്ങള്‍  പരസ്പരം മിണ്ടാതെ
എന്തോ പറഞ്ഞു  പിരിഞ്ഞു  പോകുന്നു നാം!

ഏതോ കടല്‍ ക്കൊടും കാറ്റില്‍ കിനാവിന്റെ
യാനപാത്രങ്ങള്‍! സഖീ നിന്റെയുള്ളിലെ ,
മോഹങ്ങള്‍ എന്നോ വരും രാത്രിനൌക! ഞാന്‍
ഖേദങ്ങള്‍ കാതോര്‍ത്തിരിക്കും കടല്‍മുഖം!

നാഗ വികാര തരംഗങ്ങള്‍ ഉന്മാദ-
ഭൂത പ്രവാഹമായ് ഈ ജലരാശിയെ
തീവ്ര വേഗങ്ങള്‍ ആക്കുന്നൂ!നമുക്കിതിന്‍
തീരത്തില്‍ എങ്ങു വിശ്രാന്തിയും സൌഖ്യവും!

കാമിനീ, നേരിന്റെ താപമീ ജീവന്റെ
ചോരയും നീരും കവര്‍ന്നു പോകും മുന്‍പ്,
ആര്‍ദ്രമായ്‌ എന്‍ നേര്‍ക്ക് നീട്ടും മനസ്സിന്റെ
വാതായനങ്ങള്‍ അടയ്ക്കുക ! പിന്നെയാ
വാതായനങ്ങള്‍ തുറക്കാതിരിക്കുക!

സ്നേഹം നിരാലംബി തന്‍ സ്വപ്ന ഗേഹം! ഈ
ദേഹം അതിന്‍ മൃത്യു ശയ്യയാകാം സഖീ!
--------------------------------------------------1998

7 August 2010

കുമ്പസാരം

 കുരിശുണ്ടാക്കിയത് 
ഞാന്‍ തന്നെയാണ്.
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍ത്തെഴുനേറ്റതും ഇല്ല!

ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
---1998