ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

15 November 2011

ഒരു കവി യശ:പ്രാര്‍ത്ഥി എന്ന നിലയില്‍ എന്റെ ജീവിതം !!!

കാല്‍പ്പനിക സ്വപ്നങ്ങളായിരുന്നു
ആദ്യ ലക്ഷണം.

എപ്പോഴും
തേനെന്നും പാലെന്നും
ചിന്തിച്ചു ചിന്തിച്ച്
തേനെന്നു പാലെന്നു
വര്‍ണ്ണിച്ച് വര്‍ണ്ണിച്ച്

ആദ്യ രാവില്‍ പക്ഷെ
ഉപ്പു ചുവക്കുന്ന
ഉമിനീര് തന്നെയാണ്
അതും എന്ന് തിരിച്ചറിഞ്ഞപ്പോള്‍
ഞെട്ടി ബോധം പോയി !

ഉദ്ബോധനങ്ങള്‍ ആയിരുന്നു
അടുത്ത ഘട്ടം!

അപരാധങ്ങള്‍
പെരുമഴ പോലെ പെയ്യുമ്പോഴും
എല്ലാവരും കിടന്നുറങ്ങുന്നു
എന്ന് വിലപിച്ച്,
ഉണരൂ ഉണരൂ എന്നുദ്ഘോഷിച്ച് !

പക്ഷെ
ഒടുവില്‍ ഞാന്‍ ഉറങ്ങിപ്പോയി!

തത്വ ചിന്തകളായി പിന്നീട് !

ഏട്ടിലെ കവിത പുല്ലു തിന്നുന്നില്ലെന്നും,
കൂട്ടിലെ കവിത കുരയ്ക്കുമെങ്കിലും കടിക്കില്ലെന്നും,
ആകാശത്തിലെ കവിതകള്‍
വിതയ്ക്കുന്നില്ലെന്നും കൊയ്യുന്നില്ലെന്നും ..........

ഒടുവില്‍
എല്ലാം
ചിതല്‍ തിന്നും കനല്‍ തിന്നും
തീരുന്നു എന്നറിഞ്ഞതോടെ
ബോധോദയമായി!!

തിരിച്ചറിവിന്റെ ഈ നിമിഷത്തില്‍
ഇനി എനിക്ക് ഒരു സഹായം മാത്രമേ വേണ്ടു !

പറയൂ കൂട്ടുകാരാ !

ഭ്രാന്താശുപത്രിയിലേക്ക്
ഏതു വഴി പോകണം ?..


22 August 2011

ജന്തു ജീവിതങ്ങളില്‍ ചില സാധ്യതകള്‍ 2


അരാഷ്ട്രീയ വാദിയായ ഒരു ആമയുടെ ആത്മഗതം !!

അവന്‍ മുന്നിലെത്തും എന്നായിരുന്നു 
എല്ലാവരും ധരിച്ചത്!!

അതിനാല്‍ ജനാവലി
അവനായി ആരവങ്ങള്‍ മുഴക്കി!
മുഷ്ടി ചുരുട്ടി ആകാശത്തെ മര്‍ദിച്ചു !
കോടി തോരണങ്ങള്‍ വീശി !

എപ്പോഴും താന്‍ തന്നെ ജയിക്കുമെന്ന് 
അവനും അഹങ്കരിച്ചു !

അവന്‍
കിടന്നുറങ്ങിയത് കൊണ്ട് മാത്രമാണ് 
ഞാന്‍ മുന്നിലെത്തിയത് !

ഞാന്‍ എന്നും
അതുമാത്രം ഓര്‍ക്കുന്നു!

അവന്‍ പക്ഷെ എന്നും 
അതുമാത്രം മറന്നുപോകുന്നു!!!

17 August 2011

ജന്തു ജീവിതങ്ങളില്‍ ചില സാധ്യതകള്‍ 1(ആട്ടിന്‍ കുട്ടിയുടെ  മരണത്തെ കുറിച്ച്  ചെന്നായുടെ പ്രതികരണം)


കൊല്ലാനും തിന്നാനും  ഉള്ള 
ഞങ്ങളുടെ അവകാശം 
ജന്മസിദ്ധവും
ദൈവസിദ്ധവും ആണ് !

ഞങ്ങള്‍
കൊല്ലുകയും
തിന്നുകയും 
ചെയ്യന്നത് 
അതുകൊണ്ട് തന്നെ 
ആരും ചോദ്യം ചെയ്യരുത് !

ഇലകള്‍ ആടരുത്!
കിളികള്‍ പാടരുത് 
പൂക്കള്‍ എല്ലായ്പ്പോഴും 
ഞങ്ങളുടെ കാല്‍ക്കീഴില്‍ മാത്രം വീഴട്ടെ !!!

പിന്നെ 
ആട്ടിന്‍കുട്ടിയെ ഞാന്‍ 
കൊന്നു തിന്നത് 

അത് ആട്ടിന്‍കുട്ടി എല്ലായ്പ്പോഴും 
വെള്ളം കലക്കിക്കൊണ്ടിരിക്കും 
എന്നത് കൊണ്ട് മാത്രമല്ലേ ?

അല്ലാതെ
ആട്ടിന്‍കുട്ടിയെ  എനിക്ക് 
പേടിയാണെന്ന് 
ആരാണ് പറഞ്ഞത് ?

ആരാണത് പറഞ്ഞത്?

7 August 2011

കുമ്പസാരം

എന്റെ ഈ ആദ്യ പോസ്റ്റിനു ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയായി !!
 കുരിശുണ്ടാക്കിയത് 
ഞാന്‍ തന്നെയാണ്.
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍തെഴുനേറ്റതും ഇല്ല!

ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
____________________________________________________

2 August 2011

കൃതജ്ഞത!!!

             ഈ ആഗസ്റ്റ്‌  മാസത്തില്‍ ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു! എത്ര കാലം ബ്ലോഗിങ് തുടരും എന്ന നിശ്ചയമില്ലാതെ ആണ് ഞാന്‍ ഇത് തുടങ്ങിവച്ചത് . വായനയുടെ ഘട്ടങ്ങളില്‍ വച്ച് എന്റെ രചനകളെ പിന്തുടരാന്‍ തീരുമാനിച്ച സുമനസ്സുകള്‍ക്ക്‌ നന്ദി . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ എന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു . എപ്പോഴെങ്കിലും നിങ്ങള്‍ക്കു നിങ്ങളുടെ തീരുമാനത്തില്‍ ഖേദം തോന്നിയെങ്കില്‍ എന്നോടു ക്ഷമിക്കുക!!

          ഒരിക്കലും എന്റെ എഴുത്തുകള്‍ അച്ചടി മഷി പുരളാന്‍ ഇടയില്ല എന്ന് തോന്നിയിരുന്നതിനാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഇനി എഴുതേണ്ടതില്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ആരും ഒന്നും അച്ചടിക്കാന്‍ തയ്യാറായിരുന്നില്ല. സൈബര്‍ സ്പെയ്സ് തുറന്നു തന്ന സാധ്യതകള്‍ ആണ് എന്നെകൊണ്ട്‌ വീണ്ടും എഴുതിച്ചത് . ഈ ഒരു വര്‍ഷത്തിനിടയില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല പ്രോത്സാഹനം അസീസി മാഗസിനില്‍ നിന്നാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ രണ്ടു രചനകള്‍ ബ്ലോഗില്‍ നിന്നും തിരഞ്ഞെടുത്തു അവര്‍ പ്രസിദ്ധീകരിച്ചു . സൈബര്‍ സ്പെയ്സിലെ രചനകളെ അവജ്ഞയോടെ കാണുന്ന പത്രാധിപന്മാര്‍ വാഴുന്ന ഈ കാലത്ത് അവിടെനിന്നും ഉള്ള രചനകളെ സ്വമേധയാ പ്രസിദ്ധീകരിച്ച അസീസി അധികൃതരോട് , വിശിഷ്യാ ഇപ്പോള്‍ അതിന്റെ മാനേജിംഗ് എഡിറ്റര്‍ ആയ ശ്രീ ജിജോ കുര്യനോടു ഉള്ള എന്റെ കൃതജ്ഞത ഞാന്‍ ഇവിടെ കുറിക്കുന്നു !!!
 
ഏല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി !!!!

18 July 2011

ഞാന്‍ മരിക്കും നേരം / പാബ്ലോ നെരൂദഞാന്‍ മരിക്കും നേരം  / പാബ്ലോ നെരൂദ 

ഞാന്‍ മരിക്കും നേരമോമനേ നീ നിന്റെ
തൂവല്‍ കരമെന്‍  മിഴികള്‍ മേല്‍ വെക്കുക!
ഞാന്‍  അറിയട്ടെ -
എന്‍ ചേതനയെ
ഇത്ര ചേതോഹരമായ് പരിണമിപ്പിച്ചതാം
ആ സ്പര്‍ശനത്തിന്നതുല്യതയെ വീണ്ടും 
 ഞാന്‍ അറിയട്ടെ - അന്നാ നിമിഷത്തിലും !!!

ഞാനൊരു നിദ്രയില്‍ കാത്തു നില്‍ക്കാം സഖീ 
നീയിങ്ങു ഭൂമിയില്‍ തന്നെ ജീവിക്കുക!
നാം കരം കോര്‍ത്തു നുകര്‍ന്ന കാറ്റിന്‍സ്വനം 
നീ വീണ്ടുമൊറ്റയ്ക്ക് കേട്ടു നിന്നീടുക!
നാമൊരുമിച്ച സമുദ്രസായന്തന-
തീരങ്ങളില്‍ സഖീ നീ തനിച്ചാവുക!
നാമൊരുമിച്ചു   നടന്ന മണലിലൂ-
ടോമനേ  നീയേക വീണ്ടും  നടക്കുക!
ഞാന്‍ മരിച്ചാലും-കൊതിക്കുന്നു ഞാന്‍ -എന്റെ 
സ്നേഹമേ നീ ചിരമിങ്ങു ജീവിക്കുക!

ഞാന്‍ പ്രണയിച്ചവള്‍! ഞാനെന്‍ കവിതയില്‍ 
ജീവന്റെ ജീവനായ് എന്നും നിറച്ചവള്‍
ഞാന്‍ മരിച്ചാലും - കൊതിച്ചു പോകുന്നു-നീ
യീ മണ്ണിലെന്നുമേ പൂക്കള്‍ വിടര്‍ത്തുക!
പൂക്കളാല്‍ എന്നുമലംകൃതയാവുക!

എന്റെയീ സ്നേഹം നിനക്ക് നല്‍കുന്നതാം
ഉന്നതസീമയെ പ്രാപിച്ചിടും വിധം!
നിന്റെ കാര്‍കൂന്തലിഴകളോടൊത്തന്നു-
മെന്റെയാത്മാവു   പറന്നു പാടും വിധം!
എന്റെ ഗാനത്തിന്‍ പ്രചോദനമായ്‌ നിന്നെ-
യന്നുമീ ലോകം പ്രകീര്‍ത്തിച്ചിടും വിധം!
________________________________

Pablo Neruda: When I die I want your hands on my eyes

When I die I want your hands on my eyes:
I want the light and the wheat of your beloved hands
to pass their freshness over me one more time
to feel the smoothness that changed my destiny.

I want you to live while I wait for you, asleep,
I want for your ears to go on hearing the wind,
for you to smell the sea that we loved together
and for you to go on walking the sand where we walked.
I want for what I love to go on living
and as for you I loved you and sang you above everything,
for that, go on flowering, flowery one,
so that you reach all that my love orders for you,
so that my shadow passes through your hair,
so that they know by this the reason for my song.
__________________________________________
ജൂലൈ 12 നെരൂദയുടെ ജന്മദിനം ആയിരുന്നു . 
അല്‍പ്പം വൈകി ഈ ഓര്‍മ്മ !!!
ഇതൊരു വിവര്‍ത്തനം അല്ല ! എന്റെ ഹൃദയം ഈ കവിത ഇപ്രകാരം വായിക്കുന്നു !!! അത്രമാത്രം !!!!

9 July 2011

ഓര്‍മ്മകളുടെ സ്നേഹം!
താരക ശതാവരി 
വിരിയും തെളിമാനം
ആദ്യമായ്‌ എന്‍ ജീവനില്‍ 
തീര്‍ത്തു തന്നതിനാലേ,
ആതുരാകുലം എന്റെ 
ആത്മതന്ത്രിയില്‍ സ്നേഹ-
സാഗര സംഗീതം നീ 
കോര്‍ത്തു തന്നതിനാലേ
ഖേദങ്ങള്‍ തപം തീര്‍ക്കും 
രാത്രി സ്വപ്നത്തില്‍ മോഹ-
മാരിയായ്‌ എന്നും പിന്നെ 
പെയ്തു നിന്നതിനാലേ,
ഒടുവില്‍ നിരാലംബ
ദു:ഖമൊന്നെനിക്കായി
നിറയും കനിവോടെ  
ബാക്കി വെച്ചതിനാലേ,

താരക രഹിതമാം 
ശാരദാകാശം പോലേ,
പാടിയെത്തവേ പാതി 
വഴിയില്‍ നിലച്ചൊരു
മോഹനഗാനം പോലേ,
പെയ്തിറങ്ങീടും മുന്‍പേ 
തീര്‍ന്നൊരു മഴ പോലേ,
ഓമനേ ഇന്നും നിന്റെ 
ഓര്‍മ്മയെ സ്നേഹിപ്പൂ ഞാന്‍! 
                                     1994
__________________________

30 June 2011

സ്നേഹിതന്‍

പെണ്ണേ,
ഞാനെന്നും നിന്റെ 
സ്നേഹിതനല്ലേ? 
മാന്യനായ പ്രിയസ്നേഹിതന്‍?
അകലെയാണെങ്കിലും!
അരികിലാണെങ്കിലും!

മധുരവാക്കുകള്‍ കൊണ്ട് 
നിന്നെ രസിപ്പിച്ച് !
നിന്റെ സങ്കടങ്ങളില്‍ 
സമാശ്വസിപ്പിച്ച്!
ഓരോ ചുവടിലും 
ശ്രദ്ധിക്കൂ ശ്രദ്ധിക്കൂ
എന്നോര്‍മ്മിപ്പിച്ച് !
ഉടലില്‍ തൊടാതെ,
എന്നും നിന്റെ 
മനസ്സില്‍ മാത്രം തൊട്ട്!

അരികിലിരിക്കവേ,
നീയറിയാതെ 
നിന്‍ ഉടലളവുകളിലേക്ക് 
എന്റെ കണ്ണുകള്‍     
പറന്നിറങ്ങാറുണ്ടെങ്കിലും!

അകലത്തിരിക്കവേ,
നീയറിയാതെ 
പുടവകളില്ലാത്ത  നിന്നുടല്‍ 
എന്റെ  കിനാവിലുണ്ടെങ്കിലും !

19 June 2011

പാബ്ലോ നെരൂദ / ഭഗ്ന ഹൃദയം

പാബ്ലോ നെരൂദ / ഭഗ്ന ഹൃദയം

നഷ്ടമാവുന്നൂ 
നമുക്കു സായാഹ്നവും!

കണ്ടതില്ലാരുമിന്നീ സന്ധ്യയില്‍ നമ്മള്‍ 
തങ്ങളില്‍ കൈ കോര്‍ത്തു പോകുന്നതായ്‌,
രാത്രി, നീലയവനിക നീര്‍ത്താന്‍ തുടങ്ങവേ! 

കാണാമെനിക്കെന്‍ ജനാലയിലൂടെ 
വിദൂര ശൈലാഗ്രത്തിലസ്തമയോല്സവം! 
പൊന്‍ നാണയം പോലെരിയുന്നു സൂര്യന്റെ 
കുഞ്ഞുകഷ്ണങ്ങള്‍ ചിലപ്പോഴെന്‍ കൈകളില്‍ !

നിന്നെയോര്‍മ്മിച്ചെന്റെ ഭഗ്നമാമാത്മാവ്  
ഇന്നു നീ മാത്രമറിയുന്ന നോവുമായ്‌!
എങ്ങു നീയപ്പോള്‍  ?
നിന്‍ കൂടെയാരാവാം?
എന്തേ  പറവതു നിങ്ങള്‍ പരസ്പ്പരം?

ഏറെയകലെയാകുന്നു നീയെന്നുള്ള
ഖേദമെന്‍ ചേതന മൂകമറിയവേ
എന്തുകൊണ്ടാവാം സഖീ,യെന്റെയുള്ളിലെ -
യന്ധമാം സ്നേഹമൊന്നാകെ തുടിക്കുവാന്‍?

എല്ലായ്പ്പോഴുമിങ്ങടഞ്ഞു വീഴുന്നെന്റെ
സന്ധ്യതന്‍ പുസ്തകം! എന്റെ കാല്ക്കീഴിലായ്
എങ്ങോ മുറിവേറ്റ നായയെപ്പോലിന്നു
പമ്മിക്കിടപ്പെതെന്‍ നീലക്കരിമ്പടം!

എന്നും തിരിച്ചു പോയീടുക
സായാഹ്ന ശോഭയിലൂടെ
ഈ ശില്പങ്ങള്‍ മങ്ങുന്ന
സന്ധ്യയിലേക്കു  നീ!
എന്നും!
എല്ലായ്പ്പോഴും!
 __________________________________________________

Clenched Soul

We have lost even this twilight.
No one saw us this evening hand in hand
while the blue night dropped on the world.

I have seen from my window
the fiesta of sunset in the distant mountain tops.

Sometimes a piece of sun
burned like a coin in my hand.

I remembered you with my soul clenched
in that sadness of mine that you know.

Where were you then?
Who else was there?
Saying what?
Why will the whole of love come on me suddenly
when I am sad and feel you are far away?

The book fell that always closed at twilight
and my blue sweater rolled like a hurt dog at my feet.

Always, always you recede through the evenings
toward the twilight erasing statues.
Pablo Neruda
______________________________________________________________
ഇതിന്റെ ഒറിജിനല്‍ സ്പാനിഷ് ആകുമെന്ന് കരുതുന്നു. എനിക്ക് കിട്ടിയത് ഈ ഇംഗ്ലീഷ് രൂപം ആണ്. നെരൂദയെ വിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ മുതിരുന്നത്  എറുംബ് എവറസ്റ്റു കയറുന്നത് പോലെ ഒരു അഹങ്കാരം ആണ്. എന്നാലും വെറുതെ ഒരു കൌതുകം . തെറ്റുകുറ്റങ്ങള്‍ അറിവുള്ളവര്‍ ചൂണ്ടിക്കാട്ടിയാലും 4 June 2011

ഹൃദയത്തിന്റെ ഋതു ഭേദംഎഴുതാന്‍ തുടങ്ങിയത് 
ഋതു ഭേദങ്ങളെ കുറിച്ചാണ്


പക്ഷെ
ജന്മത്തിന്റെ
വരണ്ടുണങ്ങിയ മരചില്ലമേല്‍
ഗ്രീഷ്മം എന്നും 
തല കീഴായി തൂങ്ങിക്കിടന്നു.
ജരാനര ബാധിച്ച 
മരണമില്ലാത്ത ആത്മാവിനെ പോലെ!
ഒരു കഥ പോലും പറയാനില്ലാത്ത 
ഒരു വേതാളം.
ഒരിക്കലും മാറി വരാത്ത എന്റെ ഋതു.


അവളോ
വസന്തം തേടി
പോയി കഴിഞ്ഞിരുന്നു.
ഒരിക്കലും
തിരികെ വന്നതുമില്ല!


അങ്ങനെയാണ് 
ഹൃദയ ഭൂമിയില്‍
ഋതു ഭേദങ്ങള്‍ നിലച്ചു പോയത്!!
എഴുതി തീര്‍ന്നപ്പോള്‍
വരികളില്‍ നിന്നും
കവിത മാഞ്ഞു പോയത്!!!
..................1998

20 May 2011

അവിടെ നിന്നും ഉള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല

[സഞ്ജയാ, എന്താണവിടെ നടക്കുന്നത് ? 
എന്താണ്? എന്താണ് ?]
കെ ജി ശങ്കരപിള്ള , ബംഗാള്‍
ഒന്ന് 
ധര്‍മ്മാധര്‍മ്മ ഭേദങ്ങള്‍ 
അന്യമാം യുദ്ധഭൂമിയില്‍ 
അവരും അവരും തമ്മില്‍
എന്തേ ചെയ് വതു സഞ്ജയാ?രണ്ട്
പ്രഭോ
പലതും കാണുന്നു
പലതും കേള്‍ക്കുന്നു
പലരും
പലതും 
 
തോക്കുമായ് വന്ന കിഷന്‍ പറഞ്ഞത് 
നദിയിലൂടെ
ഉള്‍ കടലിലേയ്ക്ക് ഒഴുകിപ്പോയത്‌ 
ആട്ടിന്‍ തോലിട്ട ഒരു പറ്റം
ചെന്നായ്ക്കളുടെ ജഡമാണെന്നാണ്!

പാടത്തു ദ്രവിച്ചുകൊണ്ടിരിക്കുന്ന 
ഫാക്ടറി കെട്ടിടംനോക്കിനിന്ന 
ജ്യോതിദായുടെ അഭിപ്രായത്തില്‍ 
ഒഴുകിപ്പോയവരെല്ലാം 
ധര്‍മ്മം മറന്നുപോയ ധര്‍മ്മ പുത്രന്മാരാണ്.

നിറം മങ്ങിയ ചെന്തുണി നെഞ്ചില്‍ ചേര്‍ത്തു
വൃദ്ധനായ ഘനശ്യാം പറഞ്ഞു
അവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ട
പാണ്ഡവന്മാര്‍ ആണെന്ന് !

പ്രഭോ 
സത്യം ഇവയ്ക്കിടയില്‍ എവിടെയോ ഉണ്ട്.
പ്രസക്തവും,പ്രചരണാത്മകവും
പ്രേക്ഷകപ്രിയവും ആയ സത്യത്തെ
നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. 

നന്ദി സഞ്ജയാ,
പറയേണ്ടുന്ന സത്യമേതെന്നു
നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. 
അതുവരെ
കാഴ്ചകള്‍ കണ്ടു നടക്കുക!

പ്രഭോ!


മൂന്ന്
സഞ്ജയനുമായുള്ള ബന്ധത്തില്‍ എന്തോ 
സാങ്കേതിക തടസ്സം സംഭവിച്ചിരിക്കുന്നു!
തടസ്സം മാറുന്നത്  വരെ 
നമുക്ക് ചര്‍ച്ച തുടരാം 
പറയൂ കവേ,
ധാരാളം വാര്‍ത്തകളുണ്ട് കേള്‍ക്കാന്‍!
എന്തുണ്ട് പറയുവാന്‍?


പ്രഭോ,
അവിടെ എനിക്ക് ബന്ധുക്കള്‍ ആരുമില്ല!
അന്യര്‍ക്ക് വേണ്ടി 
പുതുകവികള്‍ സംസാരിക്കാറുമില്ല!
ഞങ്ങള്‍ ഞങ്ങളെ പറ്റി
മാത്രമേ സംസാരിക്കൂ!
ഞാന്‍ എന്നെപ്പറ്റിയും!

എനിക്ക് വേണ്ടി
എന്നെക്കുറിച്ച്
എപ്പോള്‍ വേണമെങ്കിലും
എത്ര വാക്കുകള്‍ വേണമെങ്കിലും !

ക്ഷമിക്കണം 
നമുക്കിപ്പോള്‍
ഒരു ഇടവേള ആവശ്യമായ് വന്നിരിക്കുന്നു.
അവിടെ നിന്നും ഉള്ള  വാര്‍ത്തകള്‍ 
അവസാനിക്കുന്നില്ല!
അവ ഇടവേളയ്ക്കുശേഷം തുടരും!
അതിനാല്‍ എല്ലാവരും ഇവിടെ തുടരുക 

ഈ ഇടവേള
നിങ്ങള്‍ക്കായ് അവതരിപ്പിക്കുന്നത്‌
ടാറ്റാ നാനോ! 
സന്തോഷങ്ങളുടെ  താക്കോല്‍ !


നാല്
ഇടവേളയില്‍ സഞ്ജയന്‍
വീഡിയോ ക്ലിപ്പുകള്‍ നോക്കിക്കൊണ്ടിരുന്നു .
എവിടെയാണ് സത്യം?

പുത്രന്റെ ശവകുടീരത്തിലേക്ക് നോക്കി
കിഷോരി പറഞ്ഞു
കൊല്ലപ്പെട്ടവരെല്ലാം
ആരുടെയെല്ലാമോ പുത്രന്മാരാണ് !
മാനം പോയവര്‍ 
ആരുടെയെല്ലാമോ പുത്രിമാരും!

ചാരു പക്ഷെ നിലത്തുനിന്നും
കണ്ണുകള്‍ ഉയര്‍ത്തിയതേയില്ല!
"ഉപേക്ഷിക്കപ്പെട്ട ഒരു നാട്ടുവഴിപോലെ
എന്റെ  ജീവിതം.
അല്ലെങ്കില്‍
കവര്‍ന്നെടുക്കപ്പെട്ട പാടം പോലെ" 
അയാള്‍ പറഞ്ഞു 
തുരുമ്പു വീണു വീണ്
പാടത്തിന്റെ
ഫല സമൃദ്ധി നഷ്ടമായിരുന്നു .
കാടും പടലും നിറഞ്ഞ്,
മഴയും വെയിലും കൊണ്ട്.
ആരും ആ വഴി വരാറില്ല.
ആരും!
ഒരിക്കലും!

വറചട്ടി വാങ്ങിവച്ചു
നെഞ്ചില്‍ എരിതീയുമായാണ് 
കലാവതി പുറത്തേക്കുവന്നത്.
"എല്ലാവര്‍ക്കും ഇപ്പോള്‍  ഇടവേളയായി  ,
സിംഹാസനത്തില്‍ 
ഇത്രനാള്‍ ഇരുന്നവര്‍ക്കും,
സിംഹാസനത്തിനായ് 
ഇത്രനാള്‍ കൊതിച്ചവര്‍ക്കും.
ഇടവേളകള്‍ ഇല്ലാത്തത് 
എന്റെ ദുരിതങ്ങള്‍ക്ക് മാത്രമാണ് !


കടലില്‍ പോയി 
വെറും കയ്യോടെ തിരികെ വന്ന
ബങ്കിം പറയുന്നത്
ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം
രൂപം കൊള്ളാന്‍ ഇടയുണ്ടെന്നാണ്.
ഇടവേളയ്ക്കു ശേഷം ചിലപ്പോളൊരു
പെരുമഴ പെയ്തേക്കും .
ആരെല്ലാം അതില്‍ ഒലിച്ചു പോകും?
ജയിച്ചവര്‍? 
തോറ്റവര്‍? 
രണ്ടുപേരും ?

ഭ്രാന്തന്‍ യോഗീന്ദ്രന്‍
നിര്‍ത്താതെ പുലമ്പിക്കൊണ്ടിരുന്നു
"സുന്ദര്‍ബന്നില്‍ നിറയെ കടുവകളുണ്ട്.
അതില്‍ നിറയെ തേന്‍ കൂടുകളും ഉണ്ട് !"


അഞ്ച് 
കാഴ്ചയില്ലാത്ത രാജാവു 
കാഴ്ച്ചതന്‍ പൊരുള്‍ കല്‍പ്പിക്കേ
കാഴ്ച്ചതന്‍കടലാഴത്തില്‍ -
ത്താഴ്ന്നു പോകുന്നു സഞ്ജയന്‍ !

കാഴ്ചയില്ലാത്ത കാലത്തിന്‍
അന്ത്യമില്ലാത്തതാം  രാത്രി
ചോര വീണാല്‍ ചുവക്കുമോ?
മഴ പെയ്താല്‍ വെളുക്കുമോ?

11 May 2011

കൊയ്ത്തു കഴിഞ്ഞ്


കന്നി നാളുകള്‍ കൊയ്ത്തു -
        വാളിനാല്‍ പാടത്തിന്റെ
വര്‍ണ്ണ രാജികള്‍ മെല്ലെ
        കൊയ്തെടുത്തീടും നേരം,

അന്ന് നീ പാടി കൃഷി-
      ക്കാരാ, നിന്‍ വിയര്‍പ്പിന്റെ
തുള്ളിയില്‍ അലിഞ്ഞു പോയ്‌
     മൃത്യു , ഞാന്‍ ഓര്‍മ്മിക്കുന്നു!
 
മകരക്കൊയ്തില്‍ നിന്റെ
     പാടത്ത് വിളഞ്ഞ നെല്‍
മണികള്‍! കാലത്തിന്റെ
    വാസന്ത സങ്കല്പങ്ങള്‍ !
 
എല്ലുറപ്പേറും നീ കൈ -
    ക്കോട്ടു പേറിയും, ചോര
നീരാക്കി പണി ചെയ്തും
     ചമച്ച മാണിക്യങ്ങള്‍!
 
ഒക്കെയും നിന്‍ മൌലിയില്‍
    ഭൂഷകള്‍ ചാര്‍ത്തി! ആദ്യ 
കര്‍ഷക രാജന്‍ ! മണ്ണും -
    വിണ്ണും ഒന്നുപോല്‍ വാഴ്ത്തി !
 

ഉണരും ഗ്രാമോത്സവം !
    കൊയ്തുപടത്തിന്‍ മണ്ണില്‍
ഉതിരും ചെറു ചെറു
    കൊള്ളിവാക്കുകള്‍ പോലെ ! 
ജീവിതം ചലിക്കവേ,
    മരണം ആ ജീവന്റെ
കൊടിതന്‍ മുന്നില്‍ മുട്ടു
    കുത്തി നില്‍ക്കുന്ന നേരം
രുധിരം വിയര്‍പ്പാക്കി-
    യൂറ്റി നീ ചമച്ചന്നു
വിധി സംഗീതം! സൌന്ദ-
    ര്യാത്മക ഫലം പോലെ!
 
പൊരിയും വെയിലിന്റെ
    തൃഷ്ണയില്‍ എരിയുന്ന
ചെറുജന്മങ്ങള്‍ എങ്ങോ
    കാതോര്‍ത്തു നില്‍ക്കും നേരം,
 മെല്ലെ നീ പാടി , രാവു
    പകലായ് മാറ്റാന്‍ വിണ്ണില്‍
താരങ്ങള്‍ വെട്ടം തൂവും
    പാതിരാവിനെ പറ്റി! 
ശ്രാവണമാസം പുല്‍കാന്‍
    കൂരിരുള്‍ മാറ്റാന്‍ പന്ത-
ത്തീയുമായ് അണയുന്ന
    യുഗഹസ്തത്തെ പറ്റി ! 
മുറ്റത്തെ തൈമാവില്‍ നി-
    ന്നാഫലം വീഴും നേരം
കണ്ണുനീര്‍ കഥ പാടും
    അമ്മസ്നേഹത്തെ പറ്റി !
 
പാടങ്ങള്‍ പാടും കൊയ്ത്തു
     പാട്ടിന്റെ താളങ്ങളില്‍
ഗ്രാമങ്ങള്‍ മൂളുമോണ-
    പ്പാട്ടിന്റെയീണങ്ങളില്‍
അന്ന് നീ പാടി മുഗ്ധ-
     ഗായകാ നിന്‍ ഗാനത്തിന്‍
തുള്ളിയില്‍ അലിഞ്ഞു പോയ്‌
    മൃത്യു! ഞാന്‍ ഓര്‍മ്മിക്കുന്നു.

ഒടുവില്‍ അനിവാര്യ
    മന്ധകാരത്തില്‍ കൊടി-
പ്പടവും താഴ്ത്തി മെല്ലെ
    മറഞ്ഞുവെന്നാകിലും
അണയുന്നല്ലോ പൂര-
    ക്കാറ്റായി നിന്‍ ഗാനത്തിന്‍
അമൃത സ്പന്ദമിന്നും
    പാടത്തിനോരങ്ങളില്‍!. 
ആ വീചി കേള്‍ക്കെ ഞങ്ങള്‍
    നിന്റെ പിന്മുറക്കാരായ്‌
ഈ വിളഭൂവില്‍ , പണി-
    ക്കരുവിന്‍ ഗാനം തീര്‍ക്കേ , 
ഉതിരുന്നുണ്ടോ നവ-
    മാമ്പഴം? മനസ്സുകള്‍
ഉണരും ഉത്സാഹത്താല്‍
    പാടിയാടുന്നോ? വീണ്ടും
നിറയും സ്മൃതി നിണം
    വാര്‍ന്നോഴുകുന്നോ പുത്ര-
കദനം സഹിയാത്ത
    മാതാവിന്‍ ഹൃദയത്തില്‍ ? 
 _________________________________________________________________________
[ഇത് വായിക്കുമ്പോള്‍ ഏതെല്ലാം ചുണ്ടുകളില്‍ പരിഹാസച്ചിരി വിരിയും? ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം ഒരു പ്രീഡിഗ്രീക്കാരന്‍ കോഴിക്കോട് യൂണിവേഴ്സിറ്റി സോണല്‍ കലോത്സവത്തില്‍ കവിത മത്സരത്തില്‍ എഴുതിയതാണ്. "കൊയ്തുകഴിഞ്ഞ പാടത്തിലൂടെ" എന്ന വിഷയം ലഭിച്ചപ്പോള്‍ ആയിടെ അന്തരിച്ച വൈലോപ്പിള്ളിയെ ഓര്‍ത്തു. പൂര്‍വ്വസൂരികളെ അനുസ്മരിച്ചും അനുകരിച്ചും ഇങ്ങനെ എഴുതി. അന്ന് എനിക്ക് ഒന്നാം സ്ഥാനം തന്ന സുമനസ്സുകള്‍ക്ക്‌ നന്ദി! അവര്‍ തന്ന അഹന്തയാണ് ഇന്ന് ഓരോന്ന് കുത്തിക്കുറിച്ചു സൈബര്‍ സ്പെയ്സില്‍ പോസ്റ്റ്‌ ചെയ്തു നടക്കുന്നതിന്റെ അടിസ്ഥാനം .ഇന്ന് വൈലോപ്പിള്ളിയുടെ നൂറാം ജന്മദിനം! പാടങ്ങള്‍ തന്നെ എന്തരോ എന്തോ! പാടവരമ്പില്‍ നമുക്കെന്തു കാര്യം!!]

30 April 2011

ഒടുവില്‍

ഒടുവില്‍
അവ്യക്തമാം ഒരു നോവില്‍ മിഴിയടച്ച് ,
ഹൃദയം നിലച്ച്,
പ്രണയ പാശം മുറിച്ച്, 
നിരാര്‍ദ്രം,നിവചനം, 
നാം  പിരിഞ്ഞു പോകുന്നു!

ചപലമാകും   വികാരങ്ങള്‍ കണ്ണീര്‍
മഴയായ് നമ്മളില്‍ പെയ്യാം ചിലപ്പോള്‍ !
മൃത സുഗന്ധ ധൂപങ്ങളായ് ഖേദ-
സ്മൃതികള്‍ നീറി ജ്വലിക്കാം ചിലപ്പോള്‍!
വ്രണിത മോഹങ്ങള്‍ ഗ്രന്ഥം തുറന്നു
വരികള്‍ വായിച്ചിരിക്കാം ചിലപ്പോള്‍!

ശിഥില ഭഗ്നാക്ഷരങ്ങള്‍, വാക്യങ്ങള്‍
ചിലത് ചേര്‍ത്തു  വിലാപ സംഗീതം
പരിഭവത്താല്‍ നിറയ്ക്ക, സമാശ്വാസ
വചന ധാരകള്‍ തര്‍പ്പണം ചെയ്ക!
പ്രണയ തീര്‍ഥമൊഴുകി വീഴുന്ന
മിഴികളാലെ തിലോദകം നല്ക!

കസവ് തുന്നിയ സ്നേഹവസ്ത്രങ്ങള്‍
മുഴുവനും നാം തിരിച്ചെടുക്ക! നൂറു
ഹത ഹൃദയ വികാരങ്ങള്‍ നീറും
ചിതയില്‍ ഓര്‍മ്മകള്‍ വയ്ക്കണം പിന്നെ!

തരള ജീവനില്‍ ശേഷിക്കുമേക
സ്മരണ പോലും കരിച്ചൊടുക്കേണം!
ഒടുവില്‍ അസ്ഥികള്‍, ഭസ്മ കുംഭങ്ങള്‍,
വിസ്മൃതിയില്‍ ഒന്നായ് നിമജ്ജനം ചെയ്ക!

വഴി തിരിഞ്ഞു നാം ശിഷ്ട ജന്മത്തിന്‍
വഴി തിരയുവാന്‍ പോവുക! ജീവ-
ഭ്രമണ വേളയില്‍ അസ്വസ്ഥമാമീ
മൊഴികള്‍ ഒന്നുമേ നീ സ്മരിക്കായ്ക!
....................................1994

13 April 2011

തിരഞ്ഞെടുത്ത വാര്‍ത്തകള്‍

ആരവങ്ങളുടെ അകമ്പടിയോടെ 
പീഡിത 
വേദിയിലേക്ക് വന്നു.
തൊഴു കൈകളോടെ
അവള്‍  
പീഡകനു വേണ്ടി വോട്ടു ചോദിച്ചു 

വേദി വിട്ടിറങ്ങുമ്പോള്‍
മുഖം മറയ്ക്കാന്‍ ഒരു ചേലയും 
മുപ്പതു വെള്ളിക്കാശും 
എന്നും ധരിക്കാന്‍ ഒരു കുരിശും 
അവള്‍ക്കു സമ്മാനമായ്‌ നല്കപ്പെട്ടു.

രാമനും രാവണനും 
ഒരേ  മുന്നണിയില്‍ 
അണി നിരന്നു!
സീറ്റ് ലഭിക്കാഞ്ഞതിനാല്‍ 
ലക്ഷ്മണന്‍ പ്രചാരണത്തിന് 
ഇറങ്ങിയില്ല.
എന്നാല്‍ ഊര്‍മ്മിള രാമന് വേണ്ടി 
പ്രചാരണത്തിന് വന്നു.
തര്‍ക്കത്തിനൊടുവില്‍ 
ഹനുമാനും കൂട്ടരും 
പ്രത്യേക മുന്നണി ആയാണ് 
മത്സരിച്ചത് .
പാവരാജാവിന്റെ പദവി 
ഉറപ്പുള്ളതിനാല്‍ ആവണം 
ഭരതനും ഭാര്യയും വോട്ടു ചെയ്തില്ല.
ഒരു കെട്ട് വെറ്റിലയും 
ഒരു കുപ്പി നാടനും 
പ്രതിഫലമായി ലഭിച്ചപ്പോള്‍ 
വാനര വൃന്ദം ഒന്നടങ്കം  ഒടുവില്‍ 
രാവണന് തന്നെ വോട്ടു ചെയ്തു.

കവലകള്‍ തോറും യൂദാ
യേശുവിനെ കുറിച്ചോര്‍ത്തു 
കണ്ണീരോടെ പ്രസംഗിച്ചു.
നമ്മള്‍ ജയിച്ചാല്‍ 
വിദ്യാഭ്യാസം 
യൂദയ്ക്ക് തന്നെ നല്‍കണമെന്നും 
അല്ലെങ്കില്‍ അവന്‍ വീണ്ടും കാലു മാറുമെന്നും 
പൌലോ പത്രോസിനോട് പറഞ്ഞു.

ഗാന്ധിയാണ് തന്റെ 
ലക്ഷ്യവും മാര്‍ഗവും എന്ന് 
ഗോഡ് സെ എല്ലാ വേദികളിലും ആവര്‍ത്തിച്ചു!
യോഗാനന്തരം
ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 
നോട്ടിന്റെ കെട്ടുകള്‍ 
അയാള്‍ എല്ലാവര്‍ക്കും നല്‍കി!

വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍,
ജനാധിപത്യത്തിന്റെ നിര്‍വൃതി 
ഒരു ഭാഗിക സൂര്യഗ്രഹണം പോലെ 
വിരല്‍ത്തുമ്പുകളില്‍ അണിഞ്ഞും,
തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന 
എല്ലാ പൂര്‍ണ്ണ ഗ്രഹണങ്ങളെയും മറന്നും,
പൌരാവലി ആത്മഹര്‍ഷ ത്തോടെ കിടന്നുറങ്ങി!
വോട്ടു ചെയ്ത സാധുക്കളെ  ശ്ലാഘിച്ചും
നാളെ മുതല്‍ അവരെല്ലാം 
അസാധുക്കള്‍ എന്ന് ഘോഷിച്ചും 
പ്രജാപതിമാര്‍ 
അഭിഷേകത്തിനായ് ഒരുങ്ങി!

ജനാധിപത്യം
ഉയര്‍ന്ന നിലകളിലേക്ക് 
ഹെലികോപ്ടറിലും,
താഴ്ന്ന നിലകളിലേക്ക്  
കാളവണ്ടിയിലും,
വന്നു കൊണ്ടിരിക്കുകയാണെന്ന് 
ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ പറഞ്ഞു!

അങ്ങാടി നിലവാരം:
വിപണിയില്‍ 
കൈകൂപ്പല്‍ , കൈ വീശല്‍, 
കൈകുലുക്കല്‍,കെട്ടിപ്പിടിക്കല്‍
വെളുക്കെ ചിരി,
കള്ളവും അല്ലാത്തതും ആയ കണ്ണുനീര്‍,
മുതലായവയ്ക്ക് നാളെമുതല്‍ വിലകുറയും!
മറ്റെല്ലാ സാധനങ്ങള്‍ക്കും വിലകൂടും !


10 April 2011

ഇടയലേഖനം
കുഞ്ഞാടുകളേ,
നിങ്ങള്‍ 
ചെന്നായ്ക്കള്‍ക്കൊപ്പം ചേരുവിന്‍!


എന്തെന്നാല്‍
അവര്‍ ഇന്ന്
മേടയില്‍ വന്ന്‌
ഇടയന്റെ കൈ മുത്തുകയും
അവര്‍ കൊന്ന
കുഞ്ഞാടുകളുടെ
രക്തവും മാംസവും
നേദിക്കുകയും ചെയ്ത
വിശ്വാസികളല്ലോ!

!

21 February 2011

ഉറങ്ങുക സഖീ
ഉറങ്ങുക സഖീ!


അകലെ,
ഓര്‍മ്മതന്‍
ഒടിഞ്ഞ ചില്ലയില്‍
തനിച്ചിരുന്നേതോ കിളി കരയുന്നു.

അരികെ
പേടകം
പതിഞ്ഞ ശബ്ദത്തില്‍
പഴയൊരു പ്രേമകവിത പാടുന്നു.

മയങ്ങുക
മഞ്ഞില്‍ തണുത്ത രാത്രിയില്‍,
മധുര സ്വപ്നത്തിന്‍ 
മകരശയ്യയില്‍!
സ്ഫടികപാത്രത്തില്‍ 
നുരയുമെന്‍ സ്നേഹം
അതുല്യമാകുന്നു! 
വിശുദ്ധമാകുന്നു!

മധുചഷകങ്ങള്‍
നിറഞ്ഞൊഴിയവേ,
മനസ്സിന്‍ ജാലകമടഞ്ഞു പോകിലും,
അടുത്തിരിക്കാം ഞാന്‍ നിനക്കു കാവലായ്‌!
അടുത്തടുത്തു നാം മടുത്തുവെങ്കിലും!

കുറച്ചും  കൂട്ടിയും
ഗുണിച്ചും ഭാഗിച്ചും
പിഴച്ചു പോകുന്നൂ ഗണിതമെങ്കിലും
ഒരിക്കലുമാരുമറിയാതെ നമ്മള്‍
ഒളിച്ചുവയ്ക്കുന്നു കണക്കുപുസ്തകം!
പല നിറങ്ങളില്‍ ഉടുപുടവകള്‍
അണിഞ്ഞൊരുങ്ങുന്ന പകലുകള്‍‍!
രാത്രി 
വിശുദ്ധവേഷങ്ങള്‍ ഉരിയവേ
എത്ര വിരക്തമാകുന്നൂ വികൃതനഗ്നത!

ഉറങ്ങുക സഖീ!
അനന്ത രാത്രി പോല്‍
അഗാധമെന്‍ സ്നേഹം
വിശുദ്ധമാകുന്നു!

ചഷകങ്ങള്‍ വീണ്ടും 
നിറഞ്ഞൊഴിയുന്നു!
ഹൃദയത്തിലേതോ കടല്‍ കരയുന്നൂ!
ഉടലെരിയുന്ന 
വികാരവേനലില്‍ വരളും
ബോധത്തിന്‍ മരു നിലങ്ങളില്‍,
അകന്നകന്നുപോം 
മരീചികതേടി
അലയുമാസക്തി മനസാ ഭോഗിച്ചും,
മകരമഞ്ഞുപോല്‍ ലഹരി മൂടവേ
മറയുമോര്‍മ്മതന്‍ മല നിരയിലോ
ഇരുണ്ട ചിന്തതന്‍വനാന്തരത്തിലോ
അഗമ്യകാമങ്ങള്‍ സ്ഖലിച്ചുമോമനേ!
അരികില്‍ ഞാനില്ലേ!

വിളിച്ചുണര്‍ത്തി,
നീ കിനാവു കാണുന്ന
തരുണനാരെന്നു തിരക്കുകില്ല ഞാന്‍!

ഉറങ്ങുക സഖീ!
ഉണര്‍ത്തുകില്ല ഞാന്‍! 23 January 2011

മിണ്ടണ്ടണമോ?

മിണ്ടണോ ?

മിണ്ടാതിരിക്കണോ ?

മിണ്ടിയാല്‍ തലപോകുമോ?

മിണ്ടാതിരുന്നാല്‍
തല കഴുത്തില്‍ തന്നെ ഇരിക്കുമോ?

മിണ്ടിയാല്‍
മിണ്ടാട്ടം മുട്ടി
കൊട്ടാരങ്ങള്‍ തകരുമോ?

മിണ്ടാതിരുന്നാല്‍
മിണ്ടാട്ടം മുട്ടി
മണ്ണിനടിയില്‍ ആകുമോ?

മിണ്ടലില്‍
ഇണ്ടലുണ്ടോ?
ഇണ്ടല്‍
മിണ്ടല്‍ ആകുമോ?

മിണ്ടിയാല്‍ ഇണ്ടലുണ്ടാകുമോ
എന്നൊന്നു മിണ്ടിയാല്‍
അത്‌ ഇണ്ടല്‍ ആകുമോ?

ഒന്നു മിണ്ടണോ?

ഒന്നു
മിണ്ടാതിരിക്കണോ ?

മിണ്ടണ്ടണമോ?
17 January 2011

ആവര്‍ത്തനങ്ങള്‍

തലയിണയില്‍
ചെവിയമര്‍ത്തിക്കിടക്കുമ്പോള്‍
കേള്‍ക്കാം

പതിഞ്ഞ ശബ്ദത്തില്‍
ഒരു തേങ്ങല്‍.
ചില പിറുപിറുക്കലുകള്‍.
ചിലപ്പോള്‍ ഒരു ചിരി.
പിന്നെ ഒരു ദീര്‍ഘനിശ്വാസം.


ഉറങ്ങാന്‍ കിടക്കുമ്പോള്‍
എന്നും ഓര്‍ക്കും.


കിടക്കയുടെ
കട്ടിലിന്റെ
മുറിയുടെ
തറയുടെ
അടിയില്‍
പച്ചമണ്ണില്‍ നിന്നും
ആരൊക്കെയാവും
ഇന്നു രാത്രി
എഴുനേറ്റു വരിക?

എനിക്കു മുന്‍പെ
ഉറങ്ങാന്‍ കിടന്നവര്‍?

എനിക്കു മുന്‍പെ
ഉറങ്ങിപ്പോയവര്‍?