ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

30 April 2011

ഒടുവില്‍









ഒടുവില്‍
അവ്യക്തമാം ഒരു നോവില്‍ മിഴിയടച്ച് ,
ഹൃദയം നിലച്ച്,
പ്രണയ പാശം മുറിച്ച്, 
നിരാര്‍ദ്രം,നിവചനം, 
നാം  പിരിഞ്ഞു പോകുന്നു!

ചപലമാകും   വികാരങ്ങള്‍ കണ്ണീര്‍
മഴയായ് നമ്മളില്‍ പെയ്യാം ചിലപ്പോള്‍ !
മൃത സുഗന്ധ ധൂപങ്ങളായ് ഖേദ-
സ്മൃതികള്‍ നീറി ജ്വലിക്കാം ചിലപ്പോള്‍!
വ്രണിത മോഹങ്ങള്‍ ഗ്രന്ഥം തുറന്നു
വരികള്‍ വായിച്ചിരിക്കാം ചിലപ്പോള്‍!

ശിഥില ഭഗ്നാക്ഷരങ്ങള്‍, വാക്യങ്ങള്‍
ചിലത് ചേര്‍ത്തു  വിലാപ സംഗീതം
പരിഭവത്താല്‍ നിറയ്ക്ക, സമാശ്വാസ
വചന ധാരകള്‍ തര്‍പ്പണം ചെയ്ക!
പ്രണയ തീര്‍ഥമൊഴുകി വീഴുന്ന
മിഴികളാലെ തിലോദകം നല്ക!

കസവ് തുന്നിയ സ്നേഹവസ്ത്രങ്ങള്‍
മുഴുവനും നാം തിരിച്ചെടുക്ക! നൂറു
ഹത ഹൃദയ വികാരങ്ങള്‍ നീറും
ചിതയില്‍ ഓര്‍മ്മകള്‍ വയ്ക്കണം പിന്നെ!

തരള ജീവനില്‍ ശേഷിക്കുമേക
സ്മരണ പോലും കരിച്ചൊടുക്കേണം!
ഒടുവില്‍ അസ്ഥികള്‍, ഭസ്മ കുംഭങ്ങള്‍,
വിസ്മൃതിയില്‍ ഒന്നായ് നിമജ്ജനം ചെയ്ക!

വഴി തിരിഞ്ഞു നാം ശിഷ്ട ജന്മത്തിന്‍
വഴി തിരയുവാന്‍ പോവുക! ജീവ-
ഭ്രമണ വേളയില്‍ അസ്വസ്ഥമാമീ
മൊഴികള്‍ ഒന്നുമേ നീ സ്മരിക്കായ്ക!
....................................1994

13 April 2011

തിരഞ്ഞെടുത്ത വാര്‍ത്തകള്‍

ആരവങ്ങളുടെ അകമ്പടിയോടെ 
പീഡിത 
വേദിയിലേക്ക് വന്നു.
തൊഴു കൈകളോടെ
അവള്‍  
പീഡകനു വേണ്ടി വോട്ടു ചോദിച്ചു 

വേദി വിട്ടിറങ്ങുമ്പോള്‍
മുഖം മറയ്ക്കാന്‍ ഒരു ചേലയും 
മുപ്പതു വെള്ളിക്കാശും 
എന്നും ധരിക്കാന്‍ ഒരു കുരിശും 
അവള്‍ക്കു സമ്മാനമായ്‌ നല്കപ്പെട്ടു.

രാമനും രാവണനും 
ഒരേ  മുന്നണിയില്‍ 
അണി നിരന്നു!
സീറ്റ് ലഭിക്കാഞ്ഞതിനാല്‍ 
ലക്ഷ്മണന്‍ പ്രചാരണത്തിന് 
ഇറങ്ങിയില്ല.
എന്നാല്‍ ഊര്‍മ്മിള രാമന് വേണ്ടി 
പ്രചാരണത്തിന് വന്നു.
തര്‍ക്കത്തിനൊടുവില്‍ 
ഹനുമാനും കൂട്ടരും 
പ്രത്യേക മുന്നണി ആയാണ് 
മത്സരിച്ചത് .
പാവരാജാവിന്റെ പദവി 
ഉറപ്പുള്ളതിനാല്‍ ആവണം 
ഭരതനും ഭാര്യയും വോട്ടു ചെയ്തില്ല.
ഒരു കെട്ട് വെറ്റിലയും 
ഒരു കുപ്പി നാടനും 
പ്രതിഫലമായി ലഭിച്ചപ്പോള്‍ 
വാനര വൃന്ദം ഒന്നടങ്കം  ഒടുവില്‍ 
രാവണന് തന്നെ വോട്ടു ചെയ്തു.

കവലകള്‍ തോറും യൂദാ
യേശുവിനെ കുറിച്ചോര്‍ത്തു 
കണ്ണീരോടെ പ്രസംഗിച്ചു.
നമ്മള്‍ ജയിച്ചാല്‍ 
വിദ്യാഭ്യാസം 
യൂദയ്ക്ക് തന്നെ നല്‍കണമെന്നും 
അല്ലെങ്കില്‍ അവന്‍ വീണ്ടും കാലു മാറുമെന്നും 
പൌലോ പത്രോസിനോട് പറഞ്ഞു.

ഗാന്ധിയാണ് തന്റെ 
ലക്ഷ്യവും മാര്‍ഗവും എന്ന് 
ഗോഡ് സെ എല്ലാ വേദികളിലും ആവര്‍ത്തിച്ചു!
യോഗാനന്തരം
ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 
നോട്ടിന്റെ കെട്ടുകള്‍ 
അയാള്‍ എല്ലാവര്‍ക്കും നല്‍കി!

വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍,
ജനാധിപത്യത്തിന്റെ നിര്‍വൃതി 
ഒരു ഭാഗിക സൂര്യഗ്രഹണം പോലെ 
വിരല്‍ത്തുമ്പുകളില്‍ അണിഞ്ഞും,
തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന 
എല്ലാ പൂര്‍ണ്ണ ഗ്രഹണങ്ങളെയും മറന്നും,
പൌരാവലി ആത്മഹര്‍ഷ ത്തോടെ കിടന്നുറങ്ങി!
വോട്ടു ചെയ്ത സാധുക്കളെ  ശ്ലാഘിച്ചും
നാളെ മുതല്‍ അവരെല്ലാം 
അസാധുക്കള്‍ എന്ന് ഘോഷിച്ചും 
പ്രജാപതിമാര്‍ 
അഭിഷേകത്തിനായ് ഒരുങ്ങി!

ജനാധിപത്യം
ഉയര്‍ന്ന നിലകളിലേക്ക് 
ഹെലികോപ്ടറിലും,
താഴ്ന്ന നിലകളിലേക്ക്  
കാളവണ്ടിയിലും,
വന്നു കൊണ്ടിരിക്കുകയാണെന്ന് 
ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ പറഞ്ഞു!

അങ്ങാടി നിലവാരം:
വിപണിയില്‍ 
കൈകൂപ്പല്‍ , കൈ വീശല്‍, 
കൈകുലുക്കല്‍,കെട്ടിപ്പിടിക്കല്‍
വെളുക്കെ ചിരി,
കള്ളവും അല്ലാത്തതും ആയ കണ്ണുനീര്‍,
മുതലായവയ്ക്ക് നാളെമുതല്‍ വിലകുറയും!
മറ്റെല്ലാ സാധനങ്ങള്‍ക്കും വിലകൂടും !


10 April 2011

ഇടയലേഖനം




കുഞ്ഞാടുകളേ,
നിങ്ങള്‍ 
ചെന്നായ്ക്കള്‍ക്കൊപ്പം ചേരുവിന്‍!


എന്തെന്നാല്‍
അവര്‍ ഇന്ന്
മേടയില്‍ വന്ന്‌
ഇടയന്റെ കൈ മുത്തുകയും
അവര്‍ കൊന്ന
കുഞ്ഞാടുകളുടെ
രക്തവും മാംസവും
നേദിക്കുകയും ചെയ്ത
വിശ്വാസികളല്ലോ!

!