ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

18 July 2011

ഞാന്‍ മരിക്കും നേരം / പാബ്ലോ നെരൂദ



ഞാന്‍ മരിക്കും നേരം  / പാബ്ലോ നെരൂദ 

ഞാന്‍ മരിക്കും നേരമോമനേ നീ നിന്റെ
തൂവല്‍ കരമെന്‍  മിഴികള്‍ മേല്‍ വെക്കുക!
ഞാന്‍  അറിയട്ടെ -
എന്‍ ചേതനയെ
ഇത്ര ചേതോഹരമായ് പരിണമിപ്പിച്ചതാം
ആ സ്പര്‍ശനത്തിന്നതുല്യതയെ വീണ്ടും 
 ഞാന്‍ അറിയട്ടെ - അന്നാ നിമിഷത്തിലും !!!

ഞാനൊരു നിദ്രയില്‍ കാത്തു നില്‍ക്കാം സഖീ 
നീയിങ്ങു ഭൂമിയില്‍ തന്നെ ജീവിക്കുക!
നാം കരം കോര്‍ത്തു നുകര്‍ന്ന കാറ്റിന്‍സ്വനം 
നീ വീണ്ടുമൊറ്റയ്ക്ക് കേട്ടു നിന്നീടുക!
നാമൊരുമിച്ച സമുദ്രസായന്തന-
തീരങ്ങളില്‍ സഖീ നീ തനിച്ചാവുക!
നാമൊരുമിച്ചു   നടന്ന മണലിലൂ-
ടോമനേ  നീയേക വീണ്ടും  നടക്കുക!
ഞാന്‍ മരിച്ചാലും-കൊതിക്കുന്നു ഞാന്‍ -എന്റെ 
സ്നേഹമേ നീ ചിരമിങ്ങു ജീവിക്കുക!

ഞാന്‍ പ്രണയിച്ചവള്‍! ഞാനെന്‍ കവിതയില്‍ 
ജീവന്റെ ജീവനായ് എന്നും നിറച്ചവള്‍
ഞാന്‍ മരിച്ചാലും - കൊതിച്ചു പോകുന്നു-നീ
യീ മണ്ണിലെന്നുമേ പൂക്കള്‍ വിടര്‍ത്തുക!
പൂക്കളാല്‍ എന്നുമലംകൃതയാവുക!

എന്റെയീ സ്നേഹം നിനക്ക് നല്‍കുന്നതാം
ഉന്നതസീമയെ പ്രാപിച്ചിടും വിധം!
നിന്റെ കാര്‍കൂന്തലിഴകളോടൊത്തന്നു-
മെന്റെയാത്മാവു   പറന്നു പാടും വിധം!
എന്റെ ഗാനത്തിന്‍ പ്രചോദനമായ്‌ നിന്നെ-
യന്നുമീ ലോകം പ്രകീര്‍ത്തിച്ചിടും വിധം!
________________________________

Pablo Neruda: When I die I want your hands on my eyes

When I die I want your hands on my eyes:
I want the light and the wheat of your beloved hands
to pass their freshness over me one more time
to feel the smoothness that changed my destiny.

I want you to live while I wait for you, asleep,
I want for your ears to go on hearing the wind,
for you to smell the sea that we loved together
and for you to go on walking the sand where we walked.
I want for what I love to go on living
and as for you I loved you and sang you above everything,
for that, go on flowering, flowery one,
so that you reach all that my love orders for you,
so that my shadow passes through your hair,
so that they know by this the reason for my song.
__________________________________________
ജൂലൈ 12 നെരൂദയുടെ ജന്മദിനം ആയിരുന്നു . 
അല്‍പ്പം വൈകി ഈ ഓര്‍മ്മ !!!
ഇതൊരു വിവര്‍ത്തനം അല്ല ! എന്റെ ഹൃദയം ഈ കവിത ഇപ്രകാരം വായിക്കുന്നു !!! അത്രമാത്രം !!!!

9 July 2011

ഓര്‍മ്മകളുടെ സ്നേഹം!












താരക ശതാവരി 
വിരിയും തെളിമാനം
ആദ്യമായ്‌ എന്‍ ജീവനില്‍ 
തീര്‍ത്തു തന്നതിനാലേ,
ആതുരാകുലം എന്റെ 
ആത്മതന്ത്രിയില്‍ സ്നേഹ-
സാഗര സംഗീതം നീ 
കോര്‍ത്തു തന്നതിനാലേ
ഖേദങ്ങള്‍ തപം തീര്‍ക്കും 
രാത്രി സ്വപ്നത്തില്‍ മോഹ-
മാരിയായ്‌ എന്നും പിന്നെ 
പെയ്തു നിന്നതിനാലേ,
ഒടുവില്‍ നിരാലംബ
ദു:ഖമൊന്നെനിക്കായി
നിറയും കനിവോടെ  
ബാക്കി വെച്ചതിനാലേ,

താരക രഹിതമാം 
ശാരദാകാശം പോലേ,
പാടിയെത്തവേ പാതി 
വഴിയില്‍ നിലച്ചൊരു
മോഹനഗാനം പോലേ,
പെയ്തിറങ്ങീടും മുന്‍പേ 
തീര്‍ന്നൊരു മഴ പോലേ,
ഓമനേ ഇന്നും നിന്റെ 
ഓര്‍മ്മയെ സ്നേഹിപ്പൂ ഞാന്‍! 
                                     1994
__________________________