ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

10 February 2012

ഉത്തമ പുരുഷോപാഖ്യാനം
എന്നും
എല്ലായ്പ്പോഴും
അങ്ങനെ തന്നെ .

ഞാന്‍ എന്നും
പുരുഷന്‍ .
നീ എന്നും സ്ത്രീയും.

ഉപ്പിനുപ്പെന്ന പോല്‍
നിന്നില്‍ അസൂയ.
അതിനാലെന്നും
എനിക്ക് വനവാസവിധി!

ഇടനാഴികളില്‍ നിഴലുകള്‍
പലതും പറയും .
പിതാവ് പെണ്‍ കോന്തനായിരുന്നു എന്നു
പക്ഷെ ഞാന്‍ ഒരിക്കലും പറയില്ല.
കഥാ ഗതിയില്‍
രാജധര്‍മത്തിന്റെ വീര്യത്തെക്കാള്‍
പുത്രധര്‍മത്തിന്റെ ത്യാഗത്തിനു
കീര്‍ത്തിയേറുമെന്നു
എന്റെ സാമർത്ഥ്യം
അന്ന് തിരിച്ചറിഞ്ഞത് കൊണ്ടുമല്ല.

കാട്ടു പെണ്ണൊരുവള്‍ എന്നില്‍
കാമാമോഹിതയാകയാലല്ലോ
നീ അപഹരിക്കപ്പെട്ടത് !

കാട്ടുകിളികള്‍ പാടിയത് പോലെ
പ്രണയാര്‍ത്തയായവളുടെ
മൂക്കും മുലയും ആരോ
മുറിച്ചു കളഞ്ഞതിനാലല്ല.
വീണ്ടു വിചാരമില്ലാതെ ഒരുത്തന്‍
സ്വര്‍ണ്ണ മാനിനു പിന്നാലെ
പോയതിനാലുമല്ല.

കടല്‍ കടന്നും പട കടന്നും
നിന്നെ വീണ്ടെടുത്തത്
നീ അത്രയേറെ പ്രിയങ്കരിയായതിനാല്‍.

നിരൂപകരാരോ നിരുപിച്ചത് പോലെ
വീണ്ടെടുത്ത ശേഷം തീയിലിടാനല്ല.
പെണ്ണ് പോയ അണ്ണാനെപ്പോല്‍ എന്നൊരു ദുഷ്ക്കീര്‍ത്തി
കഥാന്ത്യത്തില്‍ തേടി വരുമെന്ന് ഭയന്നുമല്ല.

രാജധര്‍മ്മത്തിന്റെ
നീതിബോധം കൊണ്ടുതന്നെ
നിന്നെ കാട്ടില്‍ ഉപേക്ഷിച്ചത്.

അമ്മിയും അലക്കുകല്ലും പറഞ്ഞതുകേട്ട്
സംശയത്തിന്റെ പരമാണു
എന്റെ ഹൃദയത്തെയും ആക്രമിച്ചത് കൊണ്ടല്ല.
പത്നിയ്ക്ക് വേണ്ടി സിംഹാസനം ത്യജിച്ച
കാന്തനെക്കാള്‍ ചരിത്രത്തിൽ തിളങ്ങും
ധര്‍മ്മനീതിയ്ക്കായ് എന്തും ത്യജിക്കുന്ന രാജന്‍ എന്ന്
ചിന്തിച്ചതിനാലും അല്ല.

ഒടുവില്‍ ഈ നിമിഷം
കാട്ടാറില്‍ ചാടി അപ്രത്യക്ഷനാകുന്നത്
ജീവിതം പൂര്‍ത്തിയായ ഒരുവന്റെ
സ്വാഭാവിക ധര്‍മ്മം മാത്രം.

വാല്‍ക്കുലുക്കി പക്ഷികളായ
മാധ്യമ ഭീകരര്‍ പ്രചരിപ്പിക്കുന്നത് പോലെ
ജീവിതനൈരാശ്യം കൊണ്ടല്ല
കാട്ടില്‍ നിന്നും കട്ടുകൊണ്ടുപോയി
കൊട്ടാരത്തില്‍ പാര്‍പ്പിച്ച ഖലനോ
അതോ കൊട്ടാരത്തില്‍നിന്നും കബളിപ്പിച്ചു കൊണ്ട് പോയി
കാട്ടില്‍ തള്ളിയ ഖലനോ
ആരാണ് ഭേദം എന്ന് ചിന്തിച്ചു
തലപുകഞ്ഞുമല്ല.

ഒന്നും
ഒരിക്കലും അങ്ങനെയല്ല .

കല്‍പ്പാന്ത വേളയില്‍ പ്രളയജലത്തോടൊപ്പം
അനാഥമായ ഒരു ഹൃദയം ചിലപ്പോൾ പൊങ്ങിവരും .
എന്നുമെന്നുള്ളിനെ ചുട്ടുപൊള്ളിക്കുന്ന കാഞ്ചന വിഗ്രഹം എന്നോ
ഇന്നുമെന്‍ ജീവന്റെ കര്‍ണ്ണികാരങ്ങളെ
ചുംബിച്ചുണര്‍ത്തുന്ന വൈശാഖസംക്രമം എന്നോ
ആ ഹൃദയം ചിലപ്പോൾ നിന്നെയോര്‍ത്ത് വിലപിക്കും.
ധര്‍മ്മാശ്രമ ധര്‍മ സൂത്രങ്ങളെന്നുമെന്‍
കര്‍മ്മാശ്രമത്തെ നിയന്ത്രിച്ചു നില്‍ക്കയാല്‍
എന്ന് ചിലപ്പോൾ കുമ്പസാരിക്കും.
ആര്‍ത്ത നാദങ്ങളെ കാട്ടില്‍ക്കളഞ്ഞു മല്‍-
ക്കീര്‍ത്തിയെ കാത്ത കിരാതനാകുന്നു ഞാന്‍
എന്ന് ചിലപ്പോൾ ആത്മനിന്ദ ചൊരിയും
രാജ്യത്തെ രക്ഷിപ്പതിനു കഴിഞ്ഞില്ല
രാജ്യമുപേക്ഷിപ്പതിന്നും കഴിഞ്ഞില്ല
കാന്തയെ പാരില്‍ വെറുക്കാന്‍ കഴിഞ്ഞില്ല
കാന്തനായ് പാലിക്കുവാനും കഴിഞ്ഞില്ല
അച്ഛനെ ത്രാണനം ചെയ്യാന്‍ കഴിഞ്ഞില്ല
പിതൃധര്‍മ്മങ്ങള്‍ പുലര്‍ത്താന്‍ കഴിഞ്ഞില്ല.....
അങ്ങനെ പലതും
ചിലപ്പോൾ പതം പറഞ്ഞേക്കും.

ഹൃദയത്താല്‍ മുദ്ര ചാര്‍ത്തിയ
ആ മൊഴി കേൾക്കാൻ
ആരും അന്ന് ബാക്കിയുണ്ടാവില്ല!

ആകയാൽ പ്രിയേ,
എന്നും എവിടെയും
ഇങ്ങനെ ഇങ്ങനെ തന്നെ
ഈ ഇതിഹാസചരിത്രം!
അങ്ങനെ അങ്ങനെ തന്നെ
ഈ ഉത്തമപുരുഷ മഹത്വം !

7 comments:

Anonymous said...

വളരെ നന്നായിരിക്കുന്നു .ഇതിഹാസ പുരുഷന്റെ ഉള്‍തുടിപ്പുകള്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു .

padmakumarpanangode said...

Very good.
Only a poet who has depth in his heart can write such poems.It conveys some sense in a senseless world.
Congratulations!

elayoden said...

ഇതിഹാസത്തെ കൂട്ടുപിടിച്ചെഴുതിയ ഈ കവിത മനോഹരം.
ആശംസകളോടെ..

elayoden said...

ഇതിഹാസത്തെ കൂട്ടുപിടിച്ചെഴുതിയ ഈ കവിത മനോഹരം.
ആശംസകളോടെ..

സങ്കൽ‌പ്പങ്ങൾ said...

നല്ല വരികൾ...

നിശാസുരഭി said...

രണ്ട് പ്രാവശ്യം വായ്ക്കേണ്ടി വന്നു, പിടിച്ചെട്ക്കാന്‍!
ഇത്തിരി ആഴം കൂടിപ്പോയീ, ഹ്ഹ്ഹി!

ആശംസകള്‍

കാവ്യജാതകം said...

ഉത്തമം ഉചിതം ഈ വാവൽക്കാഴ്ച. ആശംസകൾ.