ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

21 July 2013

മരണത്തെക്കുറിച്ച് ഒരു സുവിശേഷം


ആ നിമിഷത്തിൽ
ഭൂമിയിൽ  എവിടെയെങ്കിലും
അതിവിരസമാമൊരു   പകൽ അസ്തമിക്കും
മറ്റൊരിടത്തപ്പോൾ നിദ്രാരഹിതമാമൊരു രാത്രി
നിശബ്ദം പിൻവാങ്ങും .

എവിടെയോ
അവസാനത്തെ ഇലയും കൊഴിച്ചുകളഞ്ഞശേഷം
ശിശിരം വസന്തത്തിനു വഴിമാറും
ഗിരിശിഖരങ്ങളിൽ നിന്ന്
ഒരു ചെറുകാറ്റിന്റെ ചിറകിലേറി
മഞ്ഞുകാലം മാഞ്ഞുമാഞ്ഞു പോകും

ഏതോ ഒരു മരുഭൂമിയിൽ
എകാകിയാമൊരു  മരം
ആ നിമിഷത്തിൽ നിലംപതിക്കും
അവിടെ
അനാദിയാം മൌനം മാത്രം ബാക്കിയാകും
 
അജ്ഞാതമായൊരു  വനാന്തരത്തിൽ
അപ്പോൾ അനാഥമാമൊരു മഴ പെയ്യും
ഏറെക്കാലം വരണ്ടു കിടന്നൊരു നദി
പൊടുന്നനെ കരകവിഞ്ഞ്
ദു:ഖങ്ങളെയെല്ലാം ഒഴുക്കിക്കൊണ്ടു പോകും

ആർക്കും വേണ്ടാതെ പോയൊരു കവിത
ആ നിമിഷത്തിലും
കവിയുടെ ഹൃദയത്തിൽ അവശേഷിക്കും

ആ ഹൃദയത്തിൽ നിന്നും
പറന്നു പോയൊരു  പക്ഷി
എത്ര നിർമ്മലം എത്ര ചേതോഹരം
എത്ര മോക്ഷപ്രദായകം എന്നിങ്ങനെ
അപ്പോളും പാടിക്കൊണ്ടിരിക്കും