ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

22 April 2013

ഗെറ്റുഗതര്‍




1
തീര്‍ത്തും സാധാരണമായ,

ചരിത്ര പ്രാധാന്യമോ സാമൂഹ്യപ്രസക്തിയോ 
ഒട്ടുമില്ലാത്ത എന്തോ ഒന്ന്

കവിതയെന്ന പേരില്‍
കഥയോ കടം കഥയോ
കഥയില്ലായ്മയോ ആയ
എന്തോ ഒന്ന്-

എഴുതാനാണ് തുനിയുന്നത്  എന്നറിയാമെങ്കിലും 
അതിനു എന്ത് പേരിടും എന്ന്
ഏറെ നേരം ആലോചിച്ചു ..

ഏകാന്തമായ

വരാന്തയെന്നോ
ആരവങ്ങള്‍ ഒഴിഞ്ഞ
കളി സ്ഥലം  എന്നോ
എഴുത്തുകള്‍ തെളിയാത്ത
ബ്ലാക്ക് ബോര്‍ഡ് എന്നോ
എഴുതിത്തീര്‍ന്നു  പോയൊരു
ചോക്കുകഷണം എന്നോ

അല്ലെങ്കില്‍ 

എഴുതുംമുന്‍പേ പരാജയപ്പെട്ടു പോയ
ഒരിക്കലും എഴുതപ്പെടാതെ പോയ
ഒരു പൊട്ട പ്രേമകവിതയെന്നോ

 ഏതു പേരും ആകാം.

അല്ലെങ്കില്‍ എല്ലാ പേരുകളും ആകാം ..

2

ഭൂതകാലത്തിലേക്കാണ്
കാറോടിച്ചു വരുന്നത്


കടല്‍ത്തീരത്തെവിടെയോ
അതെന്നെ  കാത്തു നില്‍ക്കുന്നു... 

എത്രയും വേഗം
അതില്‍  എത്തിച്ചേരണം എന്നുണ്ട്

എത്രയും വേഗം അതില്‍ നിന്നും

ഓടിയൊളിക്കണം എന്നുമുണ്ട് .

ഓരോ തിരിവിലും നിര്‍ത്തി

ഓരോ പുല്ലിനോടും പൂവിനോടും ചോദിച്ചു.

അതിലെത്തിച്ചേരാന്‍  ഏതു  വഴി ?

അതില്‍  നിന്നും രക്ഷപ്പെടാന്‍  ഏതു വഴി  ?

 3


വിളക്കിനു ആവശ്യത്തിന്

വെളിച്ചമില്ലെന്നു തോന്നി.
ശീതീകരണിയ്ക്ക് ആവശ്യ ത്തിലേറെ ശബ്ദമുണ്ടെന്നും .

എല്ലാവരും ഏറെ മിണ്ടുന്നുണ്ടെന്നു തോന്നി

ആരും ഒന്നും മിണ്ടുന്നില്ലെന്നും.

അഭ്രപാളിയില്‍ന്നിന്നും ഇറങ്ങിവന്ന

ഭരത് ചന്ദ്രന്മാര്‍ ചുറ്റും നിരന്നു
"ഓര്‍മ്മയുണ്ടോ ഈ മുഖം ?"

കൂട്ടരില്ലാതെ പിന്‍ ബഞ്ചില്‍

തനിച്ചിരുന്ന കുട്ടി
ആരോ ചൊല്ലിയ കവിത മാത്രം കേട്ടു

"ഓര്‍മ്മകളുണ്ടായിരിക്കണം

അല്ലെങ്കില്‍
ആതിര വരുന്നുവെന്നെങ്ങനെയറിഞ്ഞു നാം ?"*


" നീ എപ്പോള്‍ തിരിച്ചു പോകും ?"

ഞാന്‍  എപ്പോളെ  തിരിച്ചുപോയ്ക്കഴിഞ്ഞു ..


4


കഴുകിത്തുടച്ചു വച്ച ഈ സ്ഫടികപ്പാത്രം

ഒരിക്കലും ഒന്നും ആഹരിക്കുന്നില്ല .

പക്ഷെ
ഭോജ്യവസ്തുക്കള്‍ക്കായി എന്നും
കാത്തിരിക്കുന്നത് കൊണ്ടു മാത്രം 
അത് എല്ലാ വിശപ്പുകളുടെയും
പ്രതിനിധിയാകുന്നു 


വിളമ്പുകാരാ വിളമ്പുകാരാ

വിവരണാതീതമായ ഒരു വിശപ്പിനെ
ഞാനിതാ നീട്ടിപ്പിടിച്ചിരിക്കുന്നു

എന്തെല്ലാം ഓര്‍മ്മകളുണ്ട്

നിനക്കിന്നിതില്‍  വിളമ്പി നിറയ്ക്കാന്‍ ?


5.
ഇന്നിന്റെ  നിറമുള്ള
ചിത്രങ്ങളെടുക്കയാ-
ണെല്ലാവരും
ആ തണുത്ത മുറിക്കുള്ളില്‍ .

 പുറത്ത് വെയിലത്ത്
വന്നു നില്‍ക്കുമ്പോള്‍
എന്‍റെയുള്ളിന്റെയുള്ളില്‍
പക്ഷെ
പഴയ ചിത്രം  മാത്രം.

കറുപ്പും വെളുപ്പുമായ്‌
മങ്ങിയ നിഴലുകള്‍

ഭൂതകാലത്തിന്‍
ശുഷ്ക്കശാഖിയില്‍ നിന്നും
മഴവില്‍ച്ചിറകിലേറി
യോരോര്‍മ്മക്കിളിയതില്‍
പാറി വന്നിരിക്കുന്നതെനിക്കു  മാത്രം കാണാം ..

ഓര്‍മ്മയില്‍ ഒരിക്കലും
തെളിയാത്ത പോല്‍
പാറ്റ  തിന്നുതീര്‍ത്തിരിക്കുന്നൂ  എന്‍ മുഖം .

എത്ര പാറ്റകള്‍
എത്ര കാലങ്ങള്‍ തിന്നെന്നാലും
മായാതെ നില്‍ക്കുന്നല്ലോ നിന്‍ മുഖം ..

കടലില്‍ നിന്നും വീണ്ടും
ചുടു കാറ്റടിക്കുന്നു.

അകത്ത് മുറിക്കുള്ളില്‍
വിരുന്നു തുടരുന്നൂ

എത്ര ശബ്ദങ്ങള്‍!
പൊട്ടിച്ചിരികള്‍ കോലാഹലം!
എന്തുകൊണ്ടോ  നമുക്കു നടുവില്‍ മാത്രം മൌനം..

കട്ടിക്കണ്ണടവച്ച പട്ടുസാരിക്കാരീയി-
ന്നീ മധ്യവേനല്‍ച്ചൂടിന്‍ നടുവില്‍
നിന്നോടൊന്നും   പറയാനില്ലെങ്കിലും

സ്മരണാലയത്തിലെ
പട്ടുപാവാടക്കാരീ

ഈ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍

ഒരിക്കല്‍ പോലും  പറയാനാവാതെ
എന്നിടനെഞ്ചില്‍ എന്നേയ്ക്കുമായ്
ഉറച്ചുപോയൊരു വാക്കിന്‍ രൂപക്കൂടിനു  മുന്‍പില്‍ 
ഒരു മെഴുതിരി കൂടി കത്തിച്ചു
വീണ്ടും മുട്ടുകുത്താതെ വയ്യ

എന്‍റെ സ്നേഹമേ
എന്‍റെ സ്നേഹമേ
എന്നെമാത്രം
എന്നെമാത്രം
നീയറിയാഞ്ഞതെന്ത് ?

മരുഭൂവിലെ നിസ്സഹായമൌനമായ്എന്നെ
എന്നെ മാത്രം നീ ഉപേക്ഷിച്ചതെന്ത്?

6


വിരുന്നു തീരും മുന്‍പേ
ഇന്നും ഞാന്‍ മടങ്ങുന്നു

തിരികെപ്പോകുന്ന വഴിത്താര

ഒരു  വേദന കൂടി കാത്തു   വയ്ക്കുന്നു.

ഏറ്റവും ഉദാത്തമായ സ്നേഹം

ഒരിക്കലും ഉച്ചരിക്കപ്പെടാതെ പോയ ഒരു  വാക്കാണ്

എന്നും  പിന്തുടരുന്ന സ്മരണ

ഒരിക്കലും കേള്‍ക്കാതിരുന്ന ഒരീണവും ...

---------------

* എന്‍ എന്‍ കക്കാട് .. സഫലമീയാത്ര