ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

26 February 2012

പ്രളയകാലം



1

പെയ്തു നിറയാന്‍
ഞാനുള്ളതുകൊണ്ട് മാത്രം
നീ ഒരു നദി !

ഒഴുകിവന്നു ചേരാന്‍
ഞാനുള്ളതുകൊണ്ട് മാത്രം  
നീ ഒരു കടല്‍ !

മഴ തോര്‍ന്ന്
പ്രളയകാലമൊടുങ്ങുമ്പോള്‍
നീ എന്ത് ചെയ്യുമെന്നാണ്..

ഒരു ചാവുകടലായ്
വെറുതെ അങ്ങനെ കിടക്കുകയല്ലാതെ .....




2
വസന്തവും
ചെറിമരവും


എല്ലായ്പ്പോഴും
അങ്ങനെയാകണമെന്നില്ല


ഇടയ്ക്ക് എപ്പോഴെങ്കിലും  നീ
തടശിലയെന്നോ
തരംഗലീല
യെന്നോ പറയൂ .

അല്ലെങ്കില്‍
കാറ്റെന്നോ 

കരിമ്പനയെന്നോ ....

കോളറകാലത്തെ പ്രണയം
അടച്ചു വയ്കൂ


എന്നിട്ട്
ഈ പ്രളയകാലത്തിന്റെ
കൊലവെറിയെ   
കുറിച്ച്
പറയൂ


3 

ഋതു ഭേദങ്ങള്‍ക്കിടയിലൂടെ
ഒരുനാള്‍
പ്രളയകാലം വരുന്നു.

കൊടുമുടികളില്‍ ചുംബിച്ച്
മലഞെട്ടുകള്‍ കടിച്ചു പറിച്ച്
തരുരാജികള്‍  പിഴുതെടുത്ത്
നിമ്ന്നോന്നതങ്ങളിലൂടെ
താഴ്വരകളിലേക്ക് പാഞ്ഞൊഴുകി
നിന്നില്‍ വിലയം പ്രാപിച്ച്

ഋതു ഭേദങ്ങള്‍ക്കിടയിലൂടെ
ഒടുവില്‍ ഒരുനാള്‍
പ്രളയകാലം തിരിച്ചു പോകുന്നു.

പ്രളയ വേളയില്‍
നമുക്ക്   കര അരുത് !
നമ്മില്‍ കവി അരുത് !
 

പ്രിയേ
ഋതു ഭേദങ്ങള്‍ക്കിടയിലൂടെ 

ഞാന്‍ പോവുകയായി....

അരുത് ,
കരയരുത് !
കവിയരുത് !

ഇനിയൊരു
പ്രളയകാലം വരും വരെ
നീ കര കവിയരുത് ...