ഉറങ്ങുക സഖീ!
അകലെ,
ഓര്‍മ്മതന്‍
ഒടിഞ്ഞ ചില്ലയില്‍
തനിച്ചിരുന്നേതോ കിളി കരയുന്നു.
അരികെ
പേടകം
പതിഞ്ഞ ശബ്ദത്തില്‍
പഴയൊരു പ്രേമകവിത പാടുന്നു.
മയങ്ങുക
മഞ്ഞില്‍ തണുത്ത രാത്രിയില്‍,
മധുര സ്വപ്നത്തിന്‍
മകരശയ്യയില്‍!
സ്ഫടികപാത്രത്തില്‍
നുരയുമെന്‍ സ്നേഹം
അതുല്യമാകുന്നു!
വിശുദ്ധമാകുന്നു!
മധുചഷകങ്ങള്‍
നിറഞ്ഞൊഴിയവേ,
മനസ്സിന്‍ ജാലകമടഞ്ഞു പോകിലും,
അടുത്തിരിക്കാം ഞാന്‍ നിനക്കു കാവലായ്!
അടുത്തടുത്തു നാം മടുത്തുവെങ്കിലും!
കുറച്ചും കൂട്ടിയും
ഗുണിച്ചും ഭാഗിച്ചും
പിഴച്ചു പോകുന്നൂ ഗണിതമെങ്കിലും
ഒരിക്കലുമാരുമറിയാതെ നമ്മള്‍
ഒളിച്ചുവയ്ക്കുന്നു കണക്കുപുസ്തകം!
പല നിറങ്ങളില്‍ ഉടുപുടവകള്‍
അണിഞ്ഞൊരുങ്ങുന്ന പകലുകള്‍!
രാത്രി
വിശുദ്ധവേഷങ്ങള്‍ ഉരിയവേ
എത്ര വിരക്തമാകുന്നൂ വികൃതനഗ്നത!
ഉറങ്ങുക സഖീ!
അനന്ത രാത്രി പോല്‍
അഗാധമെന്‍ സ്നേഹം
വിശുദ്ധമാകുന്നു!
ചഷകങ്ങള്‍ വീണ്ടും
നിറഞ്ഞൊഴിയുന്നു!
ഹൃദയത്തിലേതോ കടല്‍ കരയുന്നൂ!
ഉടലെരിയുന്ന
വികാരവേനലില്‍ വരളും
ബോധത്തിന്‍ മരു നിലങ്ങളില്‍,
അകന്നകന്നുപോം
മരീചികതേടി
അലയുമാസക്തി മനസാ ഭോഗിച്ചും,
മകരമഞ്ഞുപോല്‍ ലഹരി മൂടവേ
മറയുമോര്‍മ്മതന്‍ മല നിരയിലോ
ഇരുണ്ട ചിന്തതന്‍വനാന്തരത്തിലോ
അഗമ്യകാമങ്ങള്‍ സ്ഖലിച്ചുമോമനേ!
അരികില്‍ ഞാനില്ലേ!
വിളിച്ചുണര്‍ത്തി,
നീ കിനാവു കാണുന്ന
തരുണനാരെന്നു തിരക്കുകില്ല ഞാന്‍!
ഉറങ്ങുക സഖീ!
ഉണര്‍ത്തുകില്ല ഞാന്‍!