ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

10 December 2012

വല് മീകംഎഴുതിത്തീര്‍ത്ത്
അടിവരയിട്ടു.

ചിറകുകള്‍   വിരിച്ച് പക്ഷികളെ പോലെ
എല്ലാം ഇപ്പോള്‍ പറന്നു പോകുമെന്ന് നിനച്ചു .

ഇല്ല

തിളച്ചു തൂവുന്ന  കടലേ
ഉറക്കമില്ലാത്തൊരുടലേ
നക്ഷത്രങ്ങള്‍ നിറഞ്ഞതോ
കൊഴിഞ്ഞതോ ആയ ആകാശമേ
ഇടനെഞ്ചിലെ കാട്ടുതീയേ
കരിഞ്ഞു പോയ കാനനമേ
എന്നെല്ലാം കരഞ്ഞും

ഒരു ചുംബനം കൊണ്ട്
ഉടലാകെ പൂത്തൊരു  വാകമരമേ
ഒരു ഭൂതകാല രാത്രിയുടെ കൈതപ്പൂ മണമേ
മാറാല പുരണ്ടൊരു   മഞ്ചാടി ചെപ്പേ
എന്നെല്ലാം സ്മരിച്ചും

എല്ലാം  ഇപ്പോഴും
എന്റെ അരികെ തന്നെ!

വാതിലുകളെല്ലാം
അടഞ്ഞു കാണണം!

വിളക്കുകള്‍ എല്ലാം
അണഞ്ഞു കാണണം!

ചിറകുകള്‍ ഒതുക്കി
ഇനി  മൌനത്തിലേക്ക്‌  ചേക്കേറുക


എല്ലാമുള്ള ,
ഒന്നുമില്ലാത്ത
ഒരു  മൌനത്തിലല്ലാതെ
വാക്കുകള്‍ മറ്റെവിടെയാണ്  അവസാനിക്കുക!11 November 2012

അതേ കടല്‍!!


അതേ തീരം,
വീണ്ടും അതേ തിര,
വീണ്ടും അതേ വിധം
ഒരു  സമുദ്ര സന്ധ്യയില്‍ !

അതേ മട്ടില്‍ 
ഒരു മുഷിഞ്ഞ പെണ്‍കുട്ടി 
അരികെ , ഓര്‍മ്മതന്‍ കടല വില്‍ക്കുന്നു !

അകമലിയാത്ത ശിലകളില്‍ തല്ലി
തിരപ്പെരുക്കങ്ങള്‍ വരുന്നു പോകുന്നു!

അതേ സിമന്റു ബെഞ്ച്‌ ,
അതേ കടല്‍പ്പരപ്പ-
തേവിധം ദൂരക്കടലില്‍ നൌകകള്‍ !

സ്മൃതിയാല്‍ 
സ്വപ്നത്താല്‍ 
പ്രണയത്താല്‍ നമ്മ-
ളെഴുതിയ ഗ്രന്ഥാവലികളൊക്കെയും 
ദ്രവിക്കും കാലത്തിന്‍ കടല്‍ കാറ്റിലെന്നു
പിരിയുമ്പോള്‍ അന്നു കരുതിയെങ്കിലും 
അറിയാനാവാത്ത മനോവ്യഥ പോലെ  -
അലകടല്‍ മുന്നില്‍ തിളച്ചു തൂവുമ്പോള്‍
നഖമുള്ളോരോര്‍മ്മപ്പറവയായ്  വന്നാ
പ്രണയമെന്തിനെന്‍ കരളില്‍ മാന്തുന്നൂ!

വിരഹരാഗത്തില്‍ വയലിന്‍ വായിച്ചു 
കടലിലേക്കാരോ നടന്നു പോകുന്നു.

അതേ സന്ധ്യ 
വീണ്ടുമതേ കടല്‍ 
ഇന്നും അലയൊടുങ്ങാതെ!
അലയൊടുങ്ങാതെ!!
1996

6 September 2012

മരിക്കുമ്പോള്‍ -ക്രിസ്റ്റീനാ റോസെറ്റി


മരിക്കുമ്പോള്‍
എന്റെ പ്രിയനേ, നീയപ്പോള്‍
എനിക്കായ് പാടൊല്ലാ വിഷാദ ഗാനങ്ങള്‍ !

നടാതിരിക്കുക തലയ്ക്കലായ്  റോസാ-
ചെടികളോ  ,നിഴല്‍ വിരിക്കും  സൈപ്രസോ !

അനുവദിക്കുക , മഴയാല്‍ മഞ്ഞിനാല്‍
നനയട്ടെയെന്മേല്‍ ഹരിത നാമ്പുകള്‍ !

സ്മരിക്കുക  നിന്റെ മനസ്സുപോലെ നീ  !
മറക്കുക   നിന്റെ മനസ്സുപോലെ നീ !


നിഴലിനെയെനിക്കറിയാനാവില്ല!
മഴപെയ്യുന്നതുമറിയാനാവില്ല!

അഗാധ വേദനാ ഭരിത പോല്‍ നിശാ-
ക്കിളി പാടുന്നതുമറിയാനാവില്ല !

ഉദയാസ്തമയ രഹിതമാം സന്ധ്യാ-
വെളിച്ചത്തില്‍, ഏതോ കിനാവു കാണുമ്പോള്‍
ചില നേരം ഞാനും സ്മരിച്ചേക്കാം! പിന്നെ
ചില നേരം ഞാനും മറന്നു പോയേക്കാം !!
------------------------------------------------------------------------------------------
When I am Dead, My Dearest by Christina Georgina Rossetti
(1830-1894)

When I am dead, my dearest,
Sing no sad songs for me;
Plant thou no roses at my head,
Nor shady cypress tree:
Be the green grass above me
With showers and dewdrops wet;
And if thou wilt, remember,
And if thou wilt, forget.

I shall not see the shadows,
I shall not feel the rain;
I shall not hear the nightingale
Sing on, as if in pain:
And dreaming through the twilight
That doth not rise nor set,
Haply I may remember,
And haply may forget.

25 July 2012

അരികില്‍ നീയില്ലാത്തോരെന്റെ പ്രഭാതങ്ങള്‍ !എന്നുമെന്നപോല്‍ ഇന്നും
അലാറം കൂവും നേരം
പ്രഭാതമാവുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
ഗൃഹാന്തര്‍ വനങ്ങളിലങ്ങിങ്ങായ്
പ്രഷര്‍കുക്കര്‍പ്പക്ഷികള്‍ കൂവുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
അടുക്കള സ്റ്റീല്‍ പാത്രങ്ങള്‍
ആരെയോ കലമ്പുമ്പോള്‍
അത് കേള്‍ക്കാത്ത പോല്‍ വീണ്ടും
കണ്ണടച്ച് കിടക്കുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
എഴുന്നേറ്റ് വരുംനേരം
തുളവീണ ചൂടാറാപ്പെട്ടിയില്‍*
ആറിപ്പോയ ചായ കാത്തിരിക്കുന്നുണ്ട്

എന്നുമെന്നപോല്‍ ഇന്നും
കുഞ്ഞുണര്‍ന്നു കരയുന്നുണ്ടെന്നു
ടെലിവിഷന്‍ കാഴ്ച്ചയ്ക്കിടെ
അകത്തേക്ക്  സന്ദേശമയക്കുന്നുണ്ട്

എന്നുമെന്നപോല്‍ ഇന്നും
ഒരുങ്ങാനൊരുങ്ങുമ്പോള്‍
അലക്കിത്തേച്ച ഷര്‍ട്ട് എടുത്തു തന്ന്‍
അവള്‍ തന്നെ ബട്ടന്‍ ഇട്ടു തരുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
എന്നെ കാത്തിരിക്കുന്ന
ഔദ്യോഗിക പ്രശ്നങ്ങള്‍
എന്തൊക്കെയാവാമെന്ന
ചിന്തകള്‍ക്കിടയില്‍ അവളെ  മറക്കാതുമ്മവയ്ക്കുന്നുണ്ട് .

തനിച്ചു കാറോടിക്കും
ഈ മൂന്നു ഗാനങ്ങള്‍ തന്‍ ദൂരം മാത്രം
പക്ഷെ ,എന്നുമെന്നപോലിന്നും
മാറി മാറി വരുന്നുണ്ട്.

അരികില്‍ നീ ഉണ്ടായി രുന്നെങ്കില്‍ എന്നോ
അവളൊരു ദേവതയായിരുന്നൂ   എന്നോ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ എന്നോ
എന്തെന്തു മോഹങ്ങള്‍ ആയിരുന്നു എന്നോ
എന്‍ ജീവനെ എങ്ങാണ് നീ എന്നോ
ഒരു പെണ്‍മണിയുടെ ഓര്‍മ്മയില്‍ മുങ്ങി എന്നോ
ഒരിക്കല്‍ മാത്രം വിളി കേള്‍ക്കുമോ എന്നോ
ഇന്നെന്റെയിണക്കിളിയക്കരെ എന്നോ
ഒരുമുഖം മാത്രം കണ്ണില്‍ എന്നോ
അഴകേ ഞാന്‍ നിന്നെയോര്‍ത്തു പാടും എന്നോ
അങ്ങനെയങ്ങനെ ഓരോ ദിനവും
ഓര്‍മ്മയുടെ ഓരോരോ വഴികളിലായ് 
ആ ദൂരം  മാറി മാറി പാടിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രണയം പാതിവഴി  മുറിച്ച്
നീ എന്റെ ഇടനെഞ്ചില്‍ കൊരുത്ത
വിരഹരാഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
ഈ പ്രഭാതങ്ങള്‍ എന്നും
നിര്‍ജീവമാമൊരു  താളമായ് പോയേനെ !

അരികില്‍ നീ തന്നെ എന്നും ഉണ്ടായിരുന്നെങ്കിലോ
അവയെന്നും  രാഗരഹിതമാമൊരു
തനിയാവര്‍ത്തന താളം മാത്രമായ്പ്പോയേനെ!!!
-------------------------------------------------------------------------
*ചൂടാറാ പെട്ടി - തെര്‍മോകോള്‍  നിര്‍മ്മിതമായ പെട്ടി. തുള വീണു കഴിഞ്ഞാല്‍ പിന്നെ ചൂട് നില്‍ക്കില്ല

22 April 2012

എന്റെ ചില സാദാ സദാചാരാന്വേഷണ പരീക്ഷണങ്ങള്‍


വെളിച്ചം വരും മുമ്പേ
ഉണര്‍ന്നു

കാന്ത
ഭ്രാന്തയായുറങ്ങും നേരം നോക്കി
അയല്‍പക്കത്തെ പഴയ പ്രേമത്തെ
കാണാന്‍ വെമ്പിയിറങ്ങിയ കാമത്തെ 
മനസ്സിന്റെ ഇടവഴിയില്‍ വച്ചു
കയ്യോടെ പിടിച്ചു.
തല്ലിക്കൊന്നു
തെരുവില്‍ കെട്ടിത്തൂക്കി!

പുലരാന്‍ നേരം
മൊബൈലില്‍ കുത്തി
ദേശി സ്കൂള്‍ ഗേള്‍സി*നെ കണ്ടു
നൊട്ടി നുണയാന്‍ മോഹിച്ച
ഒരു കുഞ്ഞശ്ലീലത്തെ
കണ്ണുരുട്ടി ഓടിച്ചു.
മൊബൈലെടുത്ത് ഓടയിലെറിഞ്ഞു.

ഉച്ച തിരിയാന്‍ നേരം
മൈസൂര്‍ മല്ലിഗെ*യെ തേടി
യു ട്യൂബില്‍  പരതാനൊരുങ്ങിയ
ഒരു മുഴുത്ത അശ്ലീലത്തിന്റെ
കവിളത്തൊന്നു പൊട്ടിച്ചു!
കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു കിണറ്റിലിട്ടു!

വൈകുന്നേരം
കടല്‍ത്തീരത്തൊരൊഴിഞ്ഞ മൂലയില്‍
കൂടു കൂട്ടാന്‍  നോക്കിയ
രണ്ടു വിജാതീയ  പ്രേമങ്ങളെ
കൈക്കാര്യം ചെയ്തു.
ഒന്ന് കവിള്‍ വീര്‍ത്ത് കണ്ണ് തുടച്ചു
വീട്ടിലേക്കും
മറ്റേതു കയ്യും കാലും ഒടിഞ്ഞു
ആശുപത്രിയിലേക്കും പോയി.

അന്തി മോങ്ങും നേരം,
തെരുവില്‍
മൂക്കറ്റം കുടിച്ച് പുലഭ്യം കുരയ്ക്കാന്‍
നാവിന്‍ തുമ്പോളം വന്ന
അസഭ്യത്തെ  കല്ലെറിഞ്ഞ് ഓടിച്ചു.

അനന്തരം
രാത്രിയായപ്പോള്‍
അടിവയറിന് താഴെ
ചങ്ങല പൊട്ടിക്കാന്‍ തുടങ്ങിയ കാട്ടുമൃഗത്തെ
ഇരു കൈകള്‍ കൊണ്ടും പൊത്തിപ്പിടിച്ച്
ഇരുള്‍ മലയിലെ
ഏകാന്തതയിലേയ്ക്കോടിപ്പോയി,
ഭാവനാ രതിയുടെ കുരിശേറി
ഗത്യന്തരമില്ലാതെ
എന്റെ സദാചാരം
അങ്ങാത്മഹത്യ ചെയ്തു!!!


നാളെ കാലത്തുയിര്‍ത്തെഴുനേറ്റ്
നാണമില്ലാതെ വീണ്ടും വരും!!
---------------------------------------
* ദേശി സ്കൂള്‍ ഗേള്‍സ് ,മൈസൂര്‍ മല്ലിഗെ--- പ്രസിദ്ധമായ രണ്ടു അശ്ലീല വീഡിയോകള്‍


8 April 2012

മഴയുടെ ബാക്കി


പെരുമഴ പോലെയാണ് 
വചനങ്ങള്‍ പെയ്തത്!
ദു:ഖങ്ങള്‍ എല്ലാം 
ഒലിച്ചു പോകും വിധം!!


പെയ്തു തോര്‍ന്നപ്പോള്‍,
പക്ഷെ
എല്ലാം പഴയത് പോലിരുന്നു .
ദാരിദ്ര്യം, രോഗം, മരണം,
പാപം, പര പീഡനം.
തുളകള്‍ വീണ ആകാശം!
എരിഞ്ഞു പോയ വീടുകള്‍!
ഹൃദയങ്ങളിലെ ഊഷരത!
ജന്മങ്ങളുടെ വെയില്‍!
എന്റെയും നിന്റെയും മരുഭൂമി!
എല്ലാം പഴയത് പോലെ!

പെയ്തു വീണ ജലമെല്ലാം
എവിടെ പോയി?
---1998

20 March 2012

കാത്തിരിക്കുകയായിരുന്നു / ആര്‍ഷെനി തര്‍ക്കൊവിസ്കി

 


കാത്തിരിക്കുകയായിരുന്നിന്നലെ
രാവിലെ മുതല്‍ ഞാന്‍ നിന്നെ ! ഏവരും
നീ വരികയില്ലെന്നുള്ള വാസ്തവം
എവ്വിധമോ നിരൂപിച്ചു കാണണം!
എത്ര സുന്ദരമായിരുന്നാ ദിനം !
സുന്ദരമാമൊഴിവു ദിനം! ഒരു
കോട്ടു പോലുമാനാവശ്യമാം വിധം !

ഇന്ന് നീ വന്ന നേരം , ഈ വാസര-
മെത്രയേറെ ജഡ തുല്യമായ് , എത്ര
ശോക നിര്‍ഭരമായ്, എത്ര മൂകമായ് !
ഇപ്പോഴും മഴ തോരാതെ തോരാതെ !
എപ്പൊഴും തരുശാഖികളില്‍ നിന്നു
ദു:ഖ ബാഷ്പം പൊഴിച്ചും വിതുമ്പിയും !

ഏതു വാക്കിനും ശാന്തമാവാതെ, യി-
ന്നേതു തൂവാലയ്ക്കുമൊപ്പുവാനാവാതെ !!!


S UTRA YA TEBYA…. (From Morning on……..)

From morning on I waited yesterday,
They knew you wouldn´t come, they guessed.
You remember what a lovely day it was?
A holiday! I didn´t need a coat.

You came today, and it turned out
A sullen, leaden day,
And it was raining, and somehow late,
And branches cold with running drops.

Word cannot soothe, nor kerchief wipe away.

- Arseniy Tarkovsky
(Translated by Kitty Hunter-Blair)