ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

15 September 2010

പ്രണയത്തെക്കുറിച്ച്‌ ചില പ്രബന്ധങ്ങള്‍



 രാധാമാധവം 

എവിടെയോ ഒരു മുരളിക പാടി! 
എവിടെയോ ഒരു കാല്‍ച്ചിലങ്ക കിലുങ്ങി! 

വൃന്ദാവനത്തില്‍ 
വേനലിലും 
മഴ പെയ്തുകൊണ്ടേയിരുന്നു! 
ഗോപാംഗനയുടെ വനികയില്‍ 
വസന്തകാലമല്ലാതിരുന്നിട്ടും
നിറയെ പൂക്കള്‍ വിടര്‍ന്നു! 
യമുനാതീരം 
അമാവാസി നാളിലും 
നറുനിലാവില്‍ കുളിച്ചു!

ആരോ പറഞ്ഞു, 
പ്രണയം അങ്ങനെയാണ്‌!
......................................1998

മഴ,എന്റെയും നിന്റെയും 

മഴ എവിടെയെല്ലാമാണ് പെയ്യുന്നത്‌? 

മണ്ണില്‍, മരങ്ങളില്‍, 
മലകളില്‍, മാനത്ത്‌,
എല്ലായിടത്തും!

കുഞ്ഞുകുട തുറന്ന്‌ 
കന്നിമഴയിലേക്ക്‌
കുതിക്കാന്‍ ഒരുങ്ങുന്ന 
കുരുന്നിന്റെ കണ്ണുകളോടെ
നീയും ഞാനും
മതിവരുവോളം മഴ കണ്ടു. 

മണ്ണില്‍, മരങ്ങളില്‍, 
മലകളില്‍, മാനത്ത്‌,
എല്ലായിടത്തും! 

പിരിയുമ്പോള്‍ പക്ഷേ, 
പെയ്തു തീരാതെ ഒരു മഴ 
നിന്റെ കണ്ണിലുള്ളതു മാത്രം 
ഞാന്‍ കണ്ടില്ല! 
തുള്ളി പെയ്യാതെ ഒരു മഴ 
എന്റെ ഉള്ളിലുള്ളത്‌ 
നീയും!
...........................2002


ആത്മഹത്യ! 
പ്രണയ സായഹ്നക്കടല്‍ക്കര! പുക
 കലര്‍ന്ന കാറ്റിലോ മരണത്തിന്‍ മണം!* 
മൃത നിമ്മ്നോന്നത ശിലകളില്‍ വീണു 
മൃഗ വികാരമായ്‌ ചിതറുന്ന കടല്‍! 

അടര്‍ന്ന സ്മാരകശിലകള്‍പ്പുറം, 
അനന്ത സാഗരത്തിരകള്‍ക്കപ്പുറം, 
വിളറുന്നു താരപഥത്തില്‍ നമ്മുടെ
അവസാനസന്ധ്യ! 
മിഴിയിമകളില്‍ 
നിറം പൊലിഞ്ഞന്തി വെയില്‍ മയങ്ങുമ്പോള്‍ 
മുറിഞ്ഞു പോകുന്നോ മൊഴികള്‍? നമ്മളില്‍ 
മൃതസഞ്ജീവനി തിരയുമോര്‍മ്മകള്‍? 

സ്മൃതികള്‍, സങ്കടക്കടല്‍ കടന്നെന്നും 
അരികിലെന്തിനോ വരുന്ന പക്ഷികള്‍! 
മൊഴികള്‍, വേദനക്കതിരുകള്‍ കൊത്താന്‍ 
പറന്നിറങ്ങുന്ന വയല്‍പ്പറവകള്‍! 

നിരര്‍ത്ഥമാകുമൊരനുഭവം നിന്റെ 
നിനവില്‍ കയ്പ്പായി നിറയുമെങ്കിലും, 
പ്രണയത്തിന്‍ തീരം വെടിഞ്ഞെന്നേക്കുമായ്‌ 
വിരഹത്തിലേക്ക്‌ പിരിഞ്ഞിടും മുന്‍പ്‌, 
അതൃപ്തി തന്‍ ദീര്‍ഘ സമസ്യപോലെയീ 
നരജന്‍മം നമ്മില്‍ നിറഞ്ഞിടും മുന്‍പ്‌, 
ജരകയറുമെന്‍ ഹൃദയത്തില്‍ നിന്നും 
വരണ്ട ചുണ്ടിലെ ശിശിരത്തില്‍ നിന്നും, 
എടുത്തു കൊള്‍ക നീ, ക്രമരഹിതമെന്‍ 
വചനവും, ഉള്ളിന്‍ ജ്വലനവും, എന്തോ 
നിനച്ചിരിക്കവേ മരിക്കുമോര്‍മ്മയും, 
സമസ്ത്ത ദു:ഖവും, കിനാക്കളും സഖീ! 

മനസ്സില്‍ പഞ്ചാഗ്ന്നി ഉരച്ചുണര്‍ത്തി നീ- 
യെനിക്കു നല്‍കുക അപൂര്‍വ സദ്ഗതി! 
പടരുമാഗ്നേയകരങ്ങളില്‍ കോര്‍ത്തി- 
ന്നിവനരുളുക അപൂര്‍വ നിര്‍വാണം! 

പ്രണയം ദു:ഖത്തിന്‍ മരണമാകുന്നു! 
മരണം  ദു:ഖത്തിന്‍ പ്രണയവും പ്രിയേ! 
------------------------- 1998
* കണ്ണൂര് പയ്യാമ്പലം ബീച്‌-
സ്മാരക ശിലകള്‍ നിറഞ്ഞ ശ്മശാനവും ബീച്ചും ഇവിടെ ഒന്നിക്കുന്നു!
പ്രണയവും മരണവും കൈ കോര്‍ത്ത്‌ നടക്കുന്ന
സായാഹ്നങ്ങള്‍ ഇവിടെ സാധാരണം
--------------------------------------------------------

ഫലശ്രുതി
മാതുലന്റെ സാമ്രാജ്യം 
അവളുടെ പ്രേമത്തേക്കാള്‍ 
വലുതാണെന്ന്‌ 
അവനും,
മുന്തിരിച്ചാറിന്‌ 
അവന്റെ സ്നേഹത്തേക്കാള്‍ 
മധുരമുണ്ടെന്ന്‌ 
അവളും, 
തിരിച്ചറിഞ്ഞപ്പോളാണ്‌
ആറുമുഴം കയറിന്റെ 
ഒരറ്റം കഴുത്തിലും, 
മറ്റേയറ്റം മരക്കൊമ്പിലും കെട്ടി 
പ്രണയം 
ആകാശത്തുനിന്നും 
ഭൂമിയിലേക്ക്‌ ചാടിയത്‌!  
.......................2008



9 comments:

keralainside.net said...

this post is being listed with Keralainside.net.This post is also added in to favourites category..
visit Keralainside.net.- The First Complete Malayalam Flash Agregattor
thank you..

Unknown said...

പിരിയുമ്പോള്‍ പക്ഷേ,
പെയ്തു തീരാതെ ഒരു മഴ
നിന്റെ കണ്ണിലുള്ളതു മാത്രം
ഞാന്‍ കണ്ടില്ല!

nisagandhi said...

അവതരണം കൊള്ളാം .....

ആശംസകള്‍ ..

nirbhagyavathy said...

പ്രണയവും മരണവും കലരുന്ന
കലഹമില്ലാത്ത പ്രബന്ധ കവിത.
പ്രണയത്തിന്റെ വഴികള്‍ പോലെ
വാക്കുകള്‍. നിഴലുണ്ട്.നിരാശയും.
ഇല പൊഴിയും കാലം?
ഇഷ്ടമായി കവിത.

അനൂപ്‌ .ടി.എം. said...

പ്രണയം അങ്ങനെയാണ്‌!!

അനില്‍ ജിയെ said...

വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയ എല്ലാ സ്നേഹിതര്‍ക്കും എന്റെ നന്ദി!

ജന്മസുകൃതം said...

ആരോ പറഞ്ഞു,
പ്രണയം അങ്ങനെയാണ്‌!

അങ്ങനെ യാണ്‌?????

കൊള്ളാം ...കവിത ഇഷ്ടമായി.
ആശംസകള്‍ ആശംസകള്‍ആശംസകള്‍ ആശംസകള്‍ആശംസകള്‍ആശംസകള്‍!!!

Unknown said...

അതേ പ്രണയം ദു:ഖത്തിന്‍ മരണമാകുന്നു

അനില്‍ ജിയെ said...

വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയ എല്ലാ സ്നേഹിതര്‍ക്കും എന്റെ നന്ദി!