ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

25 July 2012

അരികില്‍ നീയില്ലാത്തോരെന്റെ പ്രഭാതങ്ങള്‍ !എന്നുമെന്നപോല്‍ ഇന്നും
അലാറം കൂവും നേരം
പ്രഭാതമാവുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
ഗൃഹാന്തര്‍ വനങ്ങളിലങ്ങിങ്ങായ്
പ്രഷര്‍കുക്കര്‍പ്പക്ഷികള്‍ കൂവുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
അടുക്കള സ്റ്റീല്‍ പാത്രങ്ങള്‍
ആരെയോ കലമ്പുമ്പോള്‍
അത് കേള്‍ക്കാത്ത പോല്‍ വീണ്ടും
കണ്ണടച്ച് കിടക്കുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
എഴുന്നേറ്റ് വരുംനേരം
തുളവീണ ചൂടാറാപ്പെട്ടിയില്‍*
ആറിപ്പോയ ചായ കാത്തിരിക്കുന്നുണ്ട്

എന്നുമെന്നപോല്‍ ഇന്നും
കുഞ്ഞുണര്‍ന്നു കരയുന്നുണ്ടെന്നു
ടെലിവിഷന്‍ കാഴ്ച്ചയ്ക്കിടെ
അകത്തേക്ക്  സന്ദേശമയക്കുന്നുണ്ട്

എന്നുമെന്നപോല്‍ ഇന്നും
ഒരുങ്ങാനൊരുങ്ങുമ്പോള്‍
അലക്കിത്തേച്ച ഷര്‍ട്ട് എടുത്തു തന്ന്‍
അവള്‍ തന്നെ ബട്ടന്‍ ഇട്ടു തരുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
എന്നെ കാത്തിരിക്കുന്ന
ഔദ്യോഗിക പ്രശ്നങ്ങള്‍
എന്തൊക്കെയാവാമെന്ന
ചിന്തകള്‍ക്കിടയില്‍ അവളെ  മറക്കാതുമ്മവയ്ക്കുന്നുണ്ട് .

തനിച്ചു കാറോടിക്കും
ഈ മൂന്നു ഗാനങ്ങള്‍ തന്‍ ദൂരം മാത്രം
പക്ഷെ ,എന്നുമെന്നപോലിന്നും
മാറി മാറി വരുന്നുണ്ട്.

അരികില്‍ നീ ഉണ്ടായി രുന്നെങ്കില്‍ എന്നോ
അവളൊരു ദേവതയായിരുന്നൂ   എന്നോ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ എന്നോ
എന്തെന്തു മോഹങ്ങള്‍ ആയിരുന്നു എന്നോ
എന്‍ ജീവനെ എങ്ങാണ് നീ എന്നോ
ഒരു പെണ്‍മണിയുടെ ഓര്‍മ്മയില്‍ മുങ്ങി എന്നോ
ഒരിക്കല്‍ മാത്രം വിളി കേള്‍ക്കുമോ എന്നോ
ഇന്നെന്റെയിണക്കിളിയക്കരെ എന്നോ
ഒരുമുഖം മാത്രം കണ്ണില്‍ എന്നോ
അഴകേ ഞാന്‍ നിന്നെയോര്‍ത്തു പാടും എന്നോ
അങ്ങനെയങ്ങനെ ഓരോ ദിനവും
ഓര്‍മ്മയുടെ ഓരോരോ വഴികളിലായ് 
ആ ദൂരം  മാറി മാറി പാടിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രണയം പാതിവഴി  മുറിച്ച്
നീ എന്റെ ഇടനെഞ്ചില്‍ കൊരുത്ത
വിരഹരാഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
ഈ പ്രഭാതങ്ങള്‍ എന്നും
നിര്‍ജീവമാമൊരു  താളമായ് പോയേനെ !

അരികില്‍ നീ തന്നെ എന്നും ഉണ്ടായിരുന്നെങ്കിലോ
അവയെന്നും  രാഗരഹിതമാമൊരു
തനിയാവര്‍ത്തന താളം മാത്രമായ്പ്പോയേനെ!!!
-------------------------------------------------------------------------
*ചൂടാറാ പെട്ടി - തെര്‍മോകോള്‍  നിര്‍മ്മിതമായ പെട്ടി. തുള വീണു കഴിഞ്ഞാല്‍ പിന്നെ ചൂട് നില്‍ക്കില്ല

6 comments:

ഉദയപ്രഭന്‍ said...

നന്നായി. പഴയ ഗാനങ്ങള്‍ ഓര്‍മിപ്പിച്ചതിന് നന്ദി.

വഴിമരങ്ങള്‍ said...

ആഹാ ഇത് സംഗതി കൊള്ളാം ,വിരുദ്ധ താളങ്ങളിലിടറിപാടുന്ന ഒരു താന്തോന്നിപ്പാട്ടു പോലെയാണ് പ്രണയമെന്ന് എനിക്കും തോന്നിയിട്ടുണ്ട് മാഷേ....വിരഹമില്ലാത്ത പ്രണയത്തിനെന്താണ് നല്കാനാകുക..,ഇടക്ക്, അനാശാസ്യകരമല്ലാത്ത ചറുങ്ങു പിറ്ങ്ങ് സമാന്തര മാനസ പ്രണയങ്ങളില്ലാതെന്ത് ജീവിതം ...പെരുത്ത നുണയാകുമത്..
കവിത തിമര്‍ത്തു കേട്ടോ

ശ്രീനാഥന്‍ said...

സത്യം,പാതിവഴിപിരിഞ്ഞു പോയ പ്രണയം സഫലീകരിക്കപ്പെട്ടതിനേക്കാൾ എത്ര ഉദാത്തം,വിരഹഗാനലാവണ്യഭരിതം,അനുഭൂതിപ്രദായകം!

ajith said...

ജിയെ ജിയെ

കവിത ഉഗ്രന്‍

minis said...

ishtam..

Gopan Kumar said...

നന്നായി കവിത
ആശംസകള്‍
http://admadalangal.blogspot.com/