ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

12 October 2013

സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ

ഇന്നത്തെ ചിന്താവിഷയം
വൈകിട്ട് ആറുമണിക്ക്  വായനശാലാ ഹാളിൽ
വിഷയം സാധാരണക്കാരന്റെ ചില  ജീവിത പ്രശ്നങ്ങൾ

ആന്റപ്പൻ
അനന്തേട്ടൻ
അബ്ദുക്ക
രാമൻ നായർ
ബാബു തോമാച്ചൻ
ഫിലോമിന സുലോചന തങ്കമ്മ
എല്ലാവരും വരണം

വൈകിട്ട് ആറു മണിക്ക്

ആന്റപ്പൻ അരകുപ്പി റമ്മിനായി
ബീവറേജ് ക്യൂവിൽ

അന്തിക്കൂലിക്കാശുമായി
അനന്തേട്ടൻ കള്ളുഷാപ്പിൽ

ചിട്ടിപിടിച്ച് ഒന്ന് ബാറിൽ പോണം
എന്ന ചിന്തയോടെ ബാബു ചിട്ടിക്കൂട്ടത്തിൽ ..

ഇസ്ക്കൂളിൽ പഠിക്കുന്ന മോളുടെ
നിക്കാഹ്  പ്രായം  തീരുമാനമാക്കാൻ
അബ്ദുക്ക മഹല്ല് യോഗത്തിൽ

സ്വർണ്ണപ്രശ്നത്തിനെന്തു
പിരിക്കേണ്ടിവരും എന്ന്   ചിന്തിച്ച്
രാമൻ നായര് അമ്പലക്കമ്മിറ്റിയിൽ

പള്ളികെട്ടിടത്തിനു
ഒരു കോടി വേണമെന്ന് ചിന്തിച്ച്
തോമാച്ചൻ ഇടവകയോഗത്തിൽ

ഫിലോമിന സുലോചന തങ്കമ്മ
സംഘം കഴിഞ്ഞുവന്നു സംഘമായി
ടി വി സീരിയലിനു മുൻപിൽ
അവരുടെ പിള്ളേര്
തല്ലുകൂടി വീട്ടുപറമ്പിൽ

ഒന്ന് ചിന്തിച്ചു നോക്കാൻ
ആരും വരാതിരുന്നതിനാൽ
സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ
അനാഥമായി വായന ശാലാഹാളിൽ
അങ്ങനെ അന്തിച്ചു നില്ക്കുകയാണ് ..


15 August 2013

ഗീതാഞ്ജലി (ഗീതം 59)_ടാഗോർ


നേരു,ഞാൻ അറിയുന്നൂ 
നിൻ സ്നേഹമല്ലാതൊന്നു-
മല്ലിതെൻ  ഹൃദയത്തിൻ  
നാഥനായ് നില്ക്കുന്നോനേ..

ഈയിലച്ചാർത്തിൽ നൃത്ത
മാടുന്ന ഹേമജ്വാല!
ഈ വാനിലലസമായ് 
നീന്തുന്ന മേഘമാല!
എൻ നെറ്റിത്തടത്തിൽ തൻ -
കുളിർമ പകർന്നെന്നും
വന്നുപോകുന്ന മന്ദ-
മാരുതനിതൊക്കെയും..

എന്റെ കണ്‍കളിൽ പുലർ
വെളിച്ചം നിറയുമ്പോൾ  
എന്നുടെ ഹൃദയം നിൻ 
സന്ദേശമറിയുന്നു

മേലെ നിന്നെൻ നേർക്കായി
നിന്മുഖം കുനിയുന്നൂ
നിന്റെ കണ്ണുകളെന്റെ
കണ്ണുമായിടയുന്നൂ ..

നാഥാ എൻ  ഹൃദയമോ 
നിൻപാദം  സ്പർശിക്കുന്നൂ!!...
________________________________________________ 
by Rabindranath Tagore (1861 - 1941) from Gitanjali, no. 59, published 1912
----------------------------------------------------------------------------
Yes, I know, this is nothing but thy love,
O beloved of my heart --
this golden light that dances upon the leaves, 
these idle clouds sailing across the sky, 
this passing breeze leaving 
its coolness upon my forehead.

The morning light has flooded my eyes --
this is thy message to my heart.
Thy face is bent from above, 
thy eyes look down on my eyes, 
and my heart has touched thy feet.

21 July 2013

മരണത്തെക്കുറിച്ച് ഒരു സുവിശേഷം


ആ നിമിഷത്തിൽ
ഭൂമിയിൽ  എവിടെയെങ്കിലും
അതിവിരസമാമൊരു   പകൽ അസ്തമിക്കും
മറ്റൊരിടത്തപ്പോൾ നിദ്രാരഹിതമാമൊരു രാത്രി
നിശബ്ദം പിൻവാങ്ങും .

എവിടെയോ
അവസാനത്തെ ഇലയും കൊഴിച്ചുകളഞ്ഞശേഷം
ശിശിരം വസന്തത്തിനു വഴിമാറും
ഗിരിശിഖരങ്ങളിൽ നിന്ന്
ഒരു ചെറുകാറ്റിന്റെ ചിറകിലേറി
മഞ്ഞുകാലം മാഞ്ഞുമാഞ്ഞു പോകും

ഏതോ ഒരു മരുഭൂമിയിൽ
എകാകിയാമൊരു  മരം
ആ നിമിഷത്തിൽ നിലംപതിക്കും
അവിടെ
അനാദിയാം മൌനം മാത്രം ബാക്കിയാകും
 
അജ്ഞാതമായൊരു  വനാന്തരത്തിൽ
അപ്പോൾ അനാഥമാമൊരു മഴ പെയ്യും
ഏറെക്കാലം വരണ്ടു കിടന്നൊരു നദി
പൊടുന്നനെ കരകവിഞ്ഞ്
ദു:ഖങ്ങളെയെല്ലാം ഒഴുക്കിക്കൊണ്ടു പോകും

ആർക്കും വേണ്ടാതെ പോയൊരു കവിത
ആ നിമിഷത്തിലും
കവിയുടെ ഹൃദയത്തിൽ അവശേഷിക്കും

ആ ഹൃദയത്തിൽ നിന്നും
പറന്നു പോയൊരു  പക്ഷി
എത്ര നിർമ്മലം എത്ര ചേതോഹരം
എത്ര മോക്ഷപ്രദായകം എന്നിങ്ങനെ
അപ്പോളും പാടിക്കൊണ്ടിരിക്കും

22 April 2013

ഗെറ്റുഗതര്‍
1
തീര്‍ത്തും സാധാരണമായ,

ചരിത്ര പ്രാധാന്യമോ സാമൂഹ്യപ്രസക്തിയോ 
ഒട്ടുമില്ലാത്ത എന്തോ ഒന്ന്

കവിതയെന്ന പേരില്‍
കഥയോ കടം കഥയോ
കഥയില്ലായ്മയോ ആയ
എന്തോ ഒന്ന്-

എഴുതാനാണ് തുനിയുന്നത്  എന്നറിയാമെങ്കിലും 
അതിനു എന്ത് പേരിടും എന്ന്
ഏറെ നേരം ആലോചിച്ചു ..

ഏകാന്തമായ

വരാന്തയെന്നോ
ആരവങ്ങള്‍ ഒഴിഞ്ഞ
കളി സ്ഥലം  എന്നോ
എഴുത്തുകള്‍ തെളിയാത്ത
ബ്ലാക്ക് ബോര്‍ഡ് എന്നോ
എഴുതിത്തീര്‍ന്നു  പോയൊരു
ചോക്കുകഷണം എന്നോ

അല്ലെങ്കില്‍ 

എഴുതുംമുന്‍പേ പരാജയപ്പെട്ടു പോയ
ഒരിക്കലും എഴുതപ്പെടാതെ പോയ
ഒരു പൊട്ട പ്രേമകവിതയെന്നോ

 ഏതു പേരും ആകാം.

അല്ലെങ്കില്‍ എല്ലാ പേരുകളും ആകാം ..

2

ഭൂതകാലത്തിലേക്കാണ്
കാറോടിച്ചു വരുന്നത്


കടല്‍ത്തീരത്തെവിടെയോ
അതെന്നെ  കാത്തു നില്‍ക്കുന്നു... 

എത്രയും വേഗം
അതില്‍  എത്തിച്ചേരണം എന്നുണ്ട്

എത്രയും വേഗം അതില്‍ നിന്നും

ഓടിയൊളിക്കണം എന്നുമുണ്ട് .

ഓരോ തിരിവിലും നിര്‍ത്തി

ഓരോ പുല്ലിനോടും പൂവിനോടും ചോദിച്ചു.

അതിലെത്തിച്ചേരാന്‍  ഏതു  വഴി ?

അതില്‍  നിന്നും രക്ഷപ്പെടാന്‍  ഏതു വഴി  ?

 3


വിളക്കിനു ആവശ്യത്തിന്

വെളിച്ചമില്ലെന്നു തോന്നി.
ശീതീകരണിയ്ക്ക് ആവശ്യ ത്തിലേറെ ശബ്ദമുണ്ടെന്നും .

എല്ലാവരും ഏറെ മിണ്ടുന്നുണ്ടെന്നു തോന്നി

ആരും ഒന്നും മിണ്ടുന്നില്ലെന്നും.

അഭ്രപാളിയില്‍ന്നിന്നും ഇറങ്ങിവന്ന

ഭരത് ചന്ദ്രന്മാര്‍ ചുറ്റും നിരന്നു
"ഓര്‍മ്മയുണ്ടോ ഈ മുഖം ?"

കൂട്ടരില്ലാതെ പിന്‍ ബഞ്ചില്‍

തനിച്ചിരുന്ന കുട്ടി
ആരോ ചൊല്ലിയ കവിത മാത്രം കേട്ടു

"ഓര്‍മ്മകളുണ്ടായിരിക്കണം

അല്ലെങ്കില്‍
ആതിര വരുന്നുവെന്നെങ്ങനെയറിഞ്ഞു നാം ?"*


" നീ എപ്പോള്‍ തിരിച്ചു പോകും ?"

ഞാന്‍  എപ്പോളെ  തിരിച്ചുപോയ്ക്കഴിഞ്ഞു ..


4


കഴുകിത്തുടച്ചു വച്ച ഈ സ്ഫടികപ്പാത്രം

ഒരിക്കലും ഒന്നും ആഹരിക്കുന്നില്ല .

പക്ഷെ
ഭോജ്യവസ്തുക്കള്‍ക്കായി എന്നും
കാത്തിരിക്കുന്നത് കൊണ്ടു മാത്രം 
അത് എല്ലാ വിശപ്പുകളുടെയും
പ്രതിനിധിയാകുന്നു 


വിളമ്പുകാരാ വിളമ്പുകാരാ

വിവരണാതീതമായ ഒരു വിശപ്പിനെ
ഞാനിതാ നീട്ടിപ്പിടിച്ചിരിക്കുന്നു

എന്തെല്ലാം ഓര്‍മ്മകളുണ്ട്

നിനക്കിന്നിതില്‍  വിളമ്പി നിറയ്ക്കാന്‍ ?


5.
ഇന്നിന്റെ  നിറമുള്ള
ചിത്രങ്ങളെടുക്കയാ-
ണെല്ലാവരും
ആ തണുത്ത മുറിക്കുള്ളില്‍ .

 പുറത്ത് വെയിലത്ത്
വന്നു നില്‍ക്കുമ്പോള്‍
എന്‍റെയുള്ളിന്റെയുള്ളില്‍
പക്ഷെ
പഴയ ചിത്രം  മാത്രം.

കറുപ്പും വെളുപ്പുമായ്‌
മങ്ങിയ നിഴലുകള്‍

ഭൂതകാലത്തിന്‍
ശുഷ്ക്കശാഖിയില്‍ നിന്നും
മഴവില്‍ച്ചിറകിലേറി
യോരോര്‍മ്മക്കിളിയതില്‍
പാറി വന്നിരിക്കുന്നതെനിക്കു  മാത്രം കാണാം ..

ഓര്‍മ്മയില്‍ ഒരിക്കലും
തെളിയാത്ത പോല്‍
പാറ്റ  തിന്നുതീര്‍ത്തിരിക്കുന്നൂ  എന്‍ മുഖം .

എത്ര പാറ്റകള്‍
എത്ര കാലങ്ങള്‍ തിന്നെന്നാലും
മായാതെ നില്‍ക്കുന്നല്ലോ നിന്‍ മുഖം ..

കടലില്‍ നിന്നും വീണ്ടും
ചുടു കാറ്റടിക്കുന്നു.

അകത്ത് മുറിക്കുള്ളില്‍
വിരുന്നു തുടരുന്നൂ

എത്ര ശബ്ദങ്ങള്‍!
പൊട്ടിച്ചിരികള്‍ കോലാഹലം!
എന്തുകൊണ്ടോ  നമുക്കു നടുവില്‍ മാത്രം മൌനം..

കട്ടിക്കണ്ണടവച്ച പട്ടുസാരിക്കാരീയി-
ന്നീ മധ്യവേനല്‍ച്ചൂടിന്‍ നടുവില്‍
നിന്നോടൊന്നും   പറയാനില്ലെങ്കിലും

സ്മരണാലയത്തിലെ
പട്ടുപാവാടക്കാരീ

ഈ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍

ഒരിക്കല്‍ പോലും  പറയാനാവാതെ
എന്നിടനെഞ്ചില്‍ എന്നേയ്ക്കുമായ്
ഉറച്ചുപോയൊരു വാക്കിന്‍ രൂപക്കൂടിനു  മുന്‍പില്‍ 
ഒരു മെഴുതിരി കൂടി കത്തിച്ചു
വീണ്ടും മുട്ടുകുത്താതെ വയ്യ

എന്‍റെ സ്നേഹമേ
എന്‍റെ സ്നേഹമേ
എന്നെമാത്രം
എന്നെമാത്രം
നീയറിയാഞ്ഞതെന്ത് ?

മരുഭൂവിലെ നിസ്സഹായമൌനമായ്എന്നെ
എന്നെ മാത്രം നീ ഉപേക്ഷിച്ചതെന്ത്?

6


വിരുന്നു തീരും മുന്‍പേ
ഇന്നും ഞാന്‍ മടങ്ങുന്നു

തിരികെപ്പോകുന്ന വഴിത്താര

ഒരു  വേദന കൂടി കാത്തു   വയ്ക്കുന്നു.

ഏറ്റവും ഉദാത്തമായ സ്നേഹം

ഒരിക്കലും ഉച്ചരിക്കപ്പെടാതെ പോയ ഒരു  വാക്കാണ്

എന്നും  പിന്തുടരുന്ന സ്മരണ

ഒരിക്കലും കേള്‍ക്കാതിരുന്ന ഒരീണവും ...

---------------

* എന്‍ എന്‍ കക്കാട് .. സഫലമീയാത്ര