ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

4 September 2010

ഛേദിക്കപ്പെടാനായി ഇതാ കൈകള്‍! !


പറയൂ ,
കൈകള്‍ കൊണ്ട്
എന്ത് പ്രയോജനം?


ചട്ടിയില്‍ വീണ അയിലയെ
മൂന്നായി മുറിക്കാം.പിന്നെ ?


വിലാപങ്ങള്‍ പുറത്ത് വരാതെ വായ്‌ മൂടാം .
കരയുന്ന പെണ്ണിന്റെ മടിക്കുത്തഴിക്കാം
ഗര്‍ഭിണിയുടെ വയര്‍
പച്ചജീവനോടെ പിളര്‍ന്നു
കുഞ്ഞിനെ പുറത്തെടുത്ത കൈകള്‍!
ആ കൈകള്‍ ആരുടേതാണ്?
സ്വപ്നത്തിന്റെ ആകാശ ഗോപുരങ്ങളിലേക്ക്
അസ്വസ്ഥതയുടെ വിമാനങ്ങളുമായി
പറന്നു കയറിയ കൈകള്‍ ?
മിനാരങ്ങള്‍ തച്ചു തകര്‍ത്ത കൈകള്‍ ?
വിഗ്രഹങ്ങള്‍ക്ക് കല്ലെറിഞ്ഞ കൈകള്‍ ?
ജീവന് തീ വെച്ച കൈകള്‍ ?



എല്ലാ കൈകളും ഒരു പോലിരുന്നു!
ഒരേ നിറം! ഒരേ മണം!
ചിലര്‍ നിസ്ക്കാര പ്പായകളില്‍ മുട്ട് കുത്തി!
ചിലര്‍ ശ്രീലകങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പി!.
ചിലര്‍ അള്‍ത്താര യ്ക് മുന്‍പില്‍ കുമ്പിട്ടു!
അനന്തരം
വടിവാളുകളും കൈമഴുവും ഏന്തി
അയല്‍ക്കാരനെ തേടി പുറപ്പെട്ടു!
ഛേദിക്കപ്പെടാനുള്ള കൈകള്‍
ആരുടേതാണ് ??


ചോരയുടെ മണം
തെരുവില്‍ നിന്നും
തെരുവുകളിലേക്ക് പടര്‍ന്നു.
പുരോഹിതര്‍
പ്രാര്‍ത്ഥനാ മുദ്രകളോടെ
കാണിക്ക വഞ്ചിക്കു ചുറ്റും നിരന്നു.
വെളിച്ചത്തെ കുറിച്ചു പ്രസംഗിച്ചു.
വചനങ്ങള്‍ പെയ്തു.
"ദൈവം സ്നേഹമാകുന്നു '
പിന്നെയവര്‍
പഴയത് പോലെ
ഇരുട്ടിനു കാവല്‍ നിന്നു!


വന്‍ മരങ്ങളില്‍ എല്ലാം
ഇത്തിള്‍ കണ്ണികള്‍ ആണ്!
കമ്മട്ടങ്ങളില്‍ കള്ളനാണയങ്ങള്‍ !
കൊടി മരങ്ങളില്‍ കൌപീനം!
ദീപ ശിഖകളില്‍ വിഷജ്വാല!
വിലാപങ്ങള്‍ ഉയരുന്നത് എവിടെ നിന്നാണ്?


പിശാചുക്കള്‍
ദൈവത്തിന്റെ പോരാളികളായി
തെരുവില്‍ പരസ്പ്പരം നായാടി!
കത്തുന്ന തകരക്കുടിലുകളില്‍ നിന്നും
വിശ്വാസികളുടെ
തീ പിടിച്ച ഉടലുകള്‍ ഓടിവന്നു.
കരിഞ്ഞ കൈകള്‍
ആകാശത്തേക്ക് ഉയര്‍ന്നു.
"എന്റെ ദൈവമേ .., എന്റെ ദൈവമേ ....'

രോദനങ്ങള്‍കു നടുവില്‍,
അപരാധങ്ങളുടെ തീ വെയിലില്‍,
ഒരു കുടക്കമ്പി പോലും
പ്രതിരോധമായി ഉയര്‍ത്താതെ
തണുത്ത ഞെരമ്പുകളോടെ
നീയും ഞാനും തല കുനിച്ചു നിന്നു.
ഷണ്ഡന്‍മാര്‍ !


മതി!
വിലപിക്കാനായി
ഇനി നാവു മാത്രം മതി!
വരുവിന്‍!
പിഴുതെടുക്കുവാനായി
ഇതാ എന്റെ കണ്ണുകള്‍!
പറിച്ചെടുക്കുവാനായി
ഇതായെന്‍ ഹൃദയം!
ഛേദിക്കപ്പെടാനായ്
ഇതാ എന്റെ കൈകള്‍!

  ----------------------------------------------------------------------------

3 comments:

suresh said...

mattu kavithakalude athra theevratha illa ennu thonnunnu.
vishayam pranayam allathathano?
ella kapatyangaludeyum marayayi nettiye mattukkondu madhavikkutti kavitha ezhuthiyittund.
ee kavitha athinte anukaranamonnumalla, engilum premeya paramaya alpam samanathakal avidavide und ennu thonni.
ethyalum nalla kavitha.
ini vilapikkan namukku naav mathram mathiyallo

praveen mash (abiprayam.com) said...

athi-manoharam...!!
what a range..!!

ജന്മസുകൃതം said...

അക്ഷരങ്ങള്‍ക്ക് അഗ്നിയുടെ ചൂടും പ്രകാശവും പ്രകടമാക്കുന്ന രചന ...
ആദ്യമായാണിതിലെ വരുന്നത്.
വന്നത് നന്നായി എന്ന് തോന്നുന്നു....
ഇനിയും വരും.
തുടരുക
അഭിനന്ദനങ്ങള്‍.