ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

11 October 2010

നിനക്ക്!


സ്മരണയില്‍ നിന്നും മറഞ്ഞു വാക്കുകള്‍!
ഹൃദയത്തില്‍ വീണു മരിച്ചിതര്‍ത്ഥങ്ങള്‍ !
മനസ്സിന്റെ ഛായാ തലങ്ങളില്‍ നിന്നും
നിറം കവര്‍ന്നെന്നോ മറഞ്ഞു കാലവും!

ഉടുപുടവകള്‍ വെടിഞ്ഞീയാത്മാവ് 
വഴികളൊക്കെയും മറന്നു, ഭീതിയും 
പുതച്ച് മൂലയില്‍ ഒളിക്കുകയാണ് !
കിനാവുകള്‍ സ്വയം ചമച്ച ക്രൂശുമായ് 
മലമുകള്‍ ഏറി മരിക്കുകയാണ്! 
ഉടഞ്ഞ കല്ലറയ്ക്കടിയില്‍ എങ്ങെങ്ങോ
ഉയിര്‍ത്ത് എണീക്കാതെ കിടക്കുകയാണ്!

ക്ഷമിക്കുക!
മൌഡ്യം നിറഞ്ഞ മൌനവും 
പുക പുരണ്ടൊരീ വരികളും , ചോര 
വരണ്ടുണങ്ങിയ സ്മൃതിയും മാത്രമേ 
ഇവന് ബാക്കിയായ്!

അനര്‍ത്ഥമായ്, നീറും അനര്‍ത്ഥമായ് എന്നും
അവയെന്നില്‍ വന്നു നിറയുകയാവാം!

നിനക്ക് മോദിക്കാന്‍ ഇത് മതിയെങ്കില്‍ 
നിറച്ചു കൈകളില്‍ സ്വയമെടുക്കുക!
കഠിന വര്‍ഷങ്ങള്‍ നിറഞ്ഞ ജന്മത്തിന്‍ 
കദന വീഥികള്‍ അലങ്കരിക്കുക! 

കൊഴിഞ്ഞതൊക്കെയും വസന്തമാണെന്നും
വരുന്നതൊക്കെയും ശിശിരമാണെന്നും
വെറുതെയോര്‍പ്പു ഞാന്‍!

ഇവന് ജീവിതത്തിരി- കത്തും മുന്‍പേ 
അണഞ്ഞു പോയൊരു കരിന്തിരി മാത്രം!
കവിത കാലത്തിന്‍ കരയില്‍ പണ്ടെന്നോ 
കളഞ്ഞു പോയൊരു മയില്‍‌പ്പീലി മാത്രം!
.................2000

8 comments:

ജാബിര്‍ മലബാരി said...

നിനക്കായ് :)

എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

പദസ്വനം said...

കാത്തിരുപ്പ് !!! എല്ലാം അര്‍പ്പിച്ച്

കാവലാന്‍ said...

"കവിത
കാലത്തിന്‍ കരയില്‍ പണ്ടെന്നോ
കളഞ്ഞു പോയൊരു മയില്‍‌പ്പീലി മാത്രം! "

നല്ല വരികള്‍.

M.R.Anilan -എം. ആര്‍.അനിലന്‍ said...

കവിത കാലത്തിന്‍ കരയില്‍ പണ്ടെന്നോ
കളഞ്ഞു പോയൊരു മയില്‍‌പ്പീലി മാത്രം!
--വീണ്ടെടുക്കുക പഴയ പുസ്തകം, മയില്പീലി, നാരങ്ങാ മിഠായി, കളിവള്ളം, കടലാസുവഞ്ചി ഒക്കെ...മികച്ച ശില്പഭംഗിയിലേയ്ക്ക് കവിതയെ കൊണ്ടുവരാൻ കഴിയട്ടെ എന്നാശംസിക്കുന്നു!

ധന്യ കുറുപ്പ് said...

“ക്ഷമിക്കുക!
മൌഡ്യം നിറഞ്ഞ മൌനവും
പുക പുരണ്ടൊരീ വരികളും , ചോര
വരണ്ടുണങ്ങിയ സ്മൃതിയും മാത്രമേ
ഇവന് ബാക്കിയായ്!...“

മനോഹരം എന്നല്ലാതെ എന്താ പറയാ!

അനില്‍ ജിയെ said...

എല്ലാ വായനകള്‍ക്കും നന്ദി!

ജന്മസുകൃതം said...

മനോഹരം .അഭിനന്ദനങ്ങള്‍.

അനില്‍ ജിയെ said...

നന്ദി!