ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

15 November 2010

ഹൃദയാന്തരം!


(സമര്‍പ്പണം: ഒരിക്കലും പിരിഞ്ഞു പോവാതെ എന്നില്‍ ജീവിക്കുന്ന എന്റെ കാല്‍പനിക സ്വപ്നങ്ങള്‍ക്ക്‌)

നീ അറിയുന്നോ?
കിനാവിന്റെ  നൌകയില്‍ 
ഞാന്‍ തുഴഞ്ഞെത്തും വിദൂരതീരങ്ങളെ? 

നീ അറിയുന്നോ?
നിലാവിന്റെ  തല്‍പ്പത്തില്‍ 
ഞാന്‍ കുടഞ്ഞിട്ട ഹൃദയദലങ്ങളെ? 

നിന്റെ  നേത്രങ്ങള്‍ 
അലക്ഷ്യമായ്‌ സ്പര്‍ശിക്കെ-
യെന്‍ കണ്ണില്‍ മിന്നിയ മിന്നാമിനുങ്ങിനെ? 

നിന്റെ  സാന്നിദ്ധ്യം അറിയവേ,
എന്നിടം നെഞ്ചില്‍ ശരം കോര്‍ത്തൊരിന്ദ്രധനുസ്സിനെ?

പൊന്‍ചെമ്പകം പൂത്ത 
ഗന്ധവുമായ്‌ എന്റെ  
നെഞ്ചില്‍ പടര്‍ന്നു കയറിയ സന്ധ്യയെ? 

എന്റെ  കൌമാര 
പകല്‍ സ്വപ്ന വീഥിയില്‍ 
എന്നും മുഴങ്ങിയ നിന്റെ കാലൊച്ചയെ? 

നീയറിഞ്ഞില്ലവയൊന്നുമൊരിക്കലും!! 

എന്റെ  മൌനങ്ങള്‍ക്കു 
ചേക്കേറുവാനുള്ള 
ചില്ലകളായില്ല   നിന്‍ ഹൃദയാന്തരം! 

എങ്കിലും, 
ഏതോ വെളിപാടു പോലെ,യെന്‍ 
ചിന്താതപം നിന്റെ  അന്തരംഗത്തിനെ 
മന്ത്രമുഖരിതമാക്കുമൊരു ദിനം! 

എന്നെയും തേടി, 
എന്നെ മാത്രം തേടി, 
നിന്റെ  ഹൃദയം വരുമൊരുനാള്‍! 

അന്ന്‌, 
നിന്നെ വീണ്ടും വരവേല്‍ക്കും, 

എല്ലാ വെളിച്ചവും 
തൂകിക്കഴിഞ്ഞൊരു 
മിന്നാമിനുങ്ങിന്‍ ഹൃദയം! 

എല്ലാ ദലങ്ങളും 
വാടിക്കഴിഞ്ഞൊരു 
ചെമ്പകത്തിന്‍ കനല്‍ക്കാലം! 

എല്ലാവരാലും 
അനാഥമാക്കപ്പെട്ട 
മണ്‍കുടീരത്തിന്‍ വിലാപ മൌനം!
-1993-



5 November 2010

പേപ്പട്ടി, വിഷപ്പാമ്പ്‌, ചില ക്ഷുദ്രജീവികള്‍!


രാത്രിമഴയുടെ ഇടവേളയില്‍ 
പുറത്തേക്കിറങ്ങാന്‍ തുടങ്ങവേ, 
അച്ഛന്‍ പറഞ്ഞു .

"വെളിച്ചം മാത്രം പോരാ! 
നല്ലൊരു വടിയും കരുതണം നീ, 
ബലമുള്ളത്‌!
ഒടിഞ്ഞു പോകാത്തത്! 
കുത്തി നടക്കാനല്ല, 
എവിടെയും എല്ലായ്പ്പോഴും 
ക്ഷുദ്രജീവികളാണ്‌, 
നാള്‍ തോറും അവ പെരുകിവരുന്നു! 
ഏതു പൊന്തക്കാട്ടില്‍ നിന്ന്‌ 
എപ്പോള്‍ എങ്ങിനെ ചാടി വീഴും?
 ആര്‍ക്കറിയാം? 

മുന്നിലെങ്ങാന്‍ വന്നാല്‍,
 ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍, 
മടിക്കേണ്ട, 
കൈയും കാലും വിറക്കേണ്ട! 
കണ്ണും കരളും പതറേണ്ട! 
ഒറ്റത്തല്ലിനു കൊല്ലണം!

 പേപ്പട്ടിയായാലും!
 വിഷപ്പാമ്പായാലും! 
മതഭ്രാന്തനായാലും!'