ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

11 May 2011

കൊയ്ത്തു കഴിഞ്ഞ്


കന്നി നാളുകള്‍ കൊയ്ത്തു -
        വാളിനാല്‍ പാടത്തിന്റെ
വര്‍ണ്ണ രാജികള്‍ മെല്ലെ
        കൊയ്തെടുത്തീടും നേരം,

അന്ന് നീ പാടി കൃഷി-
      ക്കാരാ, നിന്‍ വിയര്‍പ്പിന്റെ
തുള്ളിയില്‍ അലിഞ്ഞു പോയ്‌
     മൃത്യു , ഞാന്‍ ഓര്‍മ്മിക്കുന്നു!
 
മകരക്കൊയ്തില്‍ നിന്റെ
     പാടത്ത് വിളഞ്ഞ നെല്‍
മണികള്‍! കാലത്തിന്റെ
    വാസന്ത സങ്കല്പങ്ങള്‍ !
 
എല്ലുറപ്പേറും നീ കൈ -
    ക്കോട്ടു പേറിയും, ചോര
നീരാക്കി പണി ചെയ്തും
     ചമച്ച മാണിക്യങ്ങള്‍!
 
ഒക്കെയും നിന്‍ മൌലിയില്‍
    ഭൂഷകള്‍ ചാര്‍ത്തി! ആദ്യ 
കര്‍ഷക രാജന്‍ ! മണ്ണും -
    വിണ്ണും ഒന്നുപോല്‍ വാഴ്ത്തി !
 

ഉണരും ഗ്രാമോത്സവം !
    കൊയ്തുപടത്തിന്‍ മണ്ണില്‍
ഉതിരും ചെറു ചെറു
    കൊള്ളിവാക്കുകള്‍ പോലെ ! 
ജീവിതം ചലിക്കവേ,
    മരണം ആ ജീവന്റെ
കൊടിതന്‍ മുന്നില്‍ മുട്ടു
    കുത്തി നില്‍ക്കുന്ന നേരം
രുധിരം വിയര്‍പ്പാക്കി-
    യൂറ്റി നീ ചമച്ചന്നു
വിധി സംഗീതം! സൌന്ദ-
    ര്യാത്മക ഫലം പോലെ!
 
പൊരിയും വെയിലിന്റെ
    തൃഷ്ണയില്‍ എരിയുന്ന
ചെറുജന്മങ്ങള്‍ എങ്ങോ
    കാതോര്‍ത്തു നില്‍ക്കും നേരം,
 മെല്ലെ നീ പാടി , രാവു
    പകലായ് മാറ്റാന്‍ വിണ്ണില്‍
താരങ്ങള്‍ വെട്ടം തൂവും
    പാതിരാവിനെ പറ്റി! 
ശ്രാവണമാസം പുല്‍കാന്‍
    കൂരിരുള്‍ മാറ്റാന്‍ പന്ത-
ത്തീയുമായ് അണയുന്ന
    യുഗഹസ്തത്തെ പറ്റി ! 
മുറ്റത്തെ തൈമാവില്‍ നി-
    ന്നാഫലം വീഴും നേരം
കണ്ണുനീര്‍ കഥ പാടും
    അമ്മസ്നേഹത്തെ പറ്റി !
 
പാടങ്ങള്‍ പാടും കൊയ്ത്തു
     പാട്ടിന്റെ താളങ്ങളില്‍
ഗ്രാമങ്ങള്‍ മൂളുമോണ-
    പ്പാട്ടിന്റെയീണങ്ങളില്‍
അന്ന് നീ പാടി മുഗ്ധ-
     ഗായകാ നിന്‍ ഗാനത്തിന്‍
തുള്ളിയില്‍ അലിഞ്ഞു പോയ്‌
    മൃത്യു! ഞാന്‍ ഓര്‍മ്മിക്കുന്നു.

ഒടുവില്‍ അനിവാര്യ
    മന്ധകാരത്തില്‍ കൊടി-
പ്പടവും താഴ്ത്തി മെല്ലെ
    മറഞ്ഞുവെന്നാകിലും
അണയുന്നല്ലോ പൂര-
    ക്കാറ്റായി നിന്‍ ഗാനത്തിന്‍
അമൃത സ്പന്ദമിന്നും
    പാടത്തിനോരങ്ങളില്‍!. 
ആ വീചി കേള്‍ക്കെ ഞങ്ങള്‍
    നിന്റെ പിന്മുറക്കാരായ്‌
ഈ വിളഭൂവില്‍ , പണി-
    ക്കരുവിന്‍ ഗാനം തീര്‍ക്കേ , 
ഉതിരുന്നുണ്ടോ നവ-
    മാമ്പഴം? മനസ്സുകള്‍
ഉണരും ഉത്സാഹത്താല്‍
    പാടിയാടുന്നോ? വീണ്ടും
നിറയും സ്മൃതി നിണം
    വാര്‍ന്നോഴുകുന്നോ പുത്ര-
കദനം സഹിയാത്ത
    മാതാവിന്‍ ഹൃദയത്തില്‍ ? 
 _________________________________________________________________________
[ഇത് വായിക്കുമ്പോള്‍ ഏതെല്ലാം ചുണ്ടുകളില്‍ പരിഹാസച്ചിരി വിരിയും? ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം ഒരു പ്രീഡിഗ്രീക്കാരന്‍ കോഴിക്കോട് യൂണിവേഴ്സിറ്റി സോണല്‍ കലോത്സവത്തില്‍ കവിത മത്സരത്തില്‍ എഴുതിയതാണ്. "കൊയ്തുകഴിഞ്ഞ പാടത്തിലൂടെ" എന്ന വിഷയം ലഭിച്ചപ്പോള്‍ ആയിടെ അന്തരിച്ച വൈലോപ്പിള്ളിയെ ഓര്‍ത്തു. പൂര്‍വ്വസൂരികളെ അനുസ്മരിച്ചും അനുകരിച്ചും ഇങ്ങനെ എഴുതി. അന്ന് എനിക്ക് ഒന്നാം സ്ഥാനം തന്ന സുമനസ്സുകള്‍ക്ക്‌ നന്ദി! അവര്‍ തന്ന അഹന്തയാണ് ഇന്ന് ഓരോന്ന് കുത്തിക്കുറിച്ചു സൈബര്‍ സ്പെയ്സില്‍ പോസ്റ്റ്‌ ചെയ്തു നടക്കുന്നതിന്റെ അടിസ്ഥാനം .ഇന്ന് വൈലോപ്പിള്ളിയുടെ നൂറാം ജന്മദിനം! പാടങ്ങള്‍ തന്നെ എന്തരോ എന്തോ! പാടവരമ്പില്‍ നമുക്കെന്തു കാര്യം!!]

5 comments:

Jijo Kurian said...

I believe that poetry has no objective standards of valuation. Value of this poem is the value you personally attach to it. To keep this poem with you for more than 30 years..... Daring and loving to post it even when you feel you can write a better one..... Keeping the memories and experience behind the poem so close to heart..... all that makes it valuable. I too value it highly.

ഭാനു കളരിക്കല്‍ said...

വൈലോപ്പിള്ളി സ്മരണയില്‍ തലകുനിച്ച്...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അഭിനന്ദനങ്ങള്‍ .
കവിത ഒരു വൈലോപ്പിള്ളി സ്മരണയാണെങ്കില്‍ വരികളില്‍ ഒരു വൈലോപ്പിള്ളി ശൈലിയുണ്ട്.അതൊരു കഴിവായി കരുതുകയെന്നതു പോലും അഹന്തയായി വ്യാഖ്യാനിക്കപ്പെടുമെങ്കിലും..
ആശംസകളോടെ

സാന്ദ്രം... said...

അഭിനന്ദനങ്ങള്‍ ........
കര്‍ഷകകവിയുടെ സ്മരണയ്ക്ക്...
വരികള്‍ക്ക് ...
താളത്തിന്........
എല്ലാത്തിനും .....

സാന്ദ്രം... said...

അഭിനന്ദ്നങ്ങള്‍ .....