ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

30 December 2010

കഥാവശേഷം !

ആരവങ്ങള്‍ നിലച്ചിരിക്കുന്നു!
ആഘോഷങ്ങള്‍ അവസാനിച്ചുകാണണം.


ക്രൂശിതമായ ശരീരം കൊത്തിത്തിന്ന്‌ 
കഴുകന്‍മാര്‍ പള്ളിമേടകളിലേക്ക്‌
പറന്നു പോയിക്കാണണം!
ഉടഞ്ഞ ഒരു എല്ലിന്‍ കൂട്‌ 
കുരിശില്‍ അനാഥമായിക്കാണണം!
നിരാലംബമായി ഒരാത്മാവിപ്പോള്‍ 
തരിശൂ ഭൂമിയില്‍ അലഞ്ഞു തിരിയുകയാവണം!

നീ 
നിന്റെ  ദിനം വരും വരെ 
കാത്തിരിക്കണം 
ചോദ്യം ചോദിക്കുന്നവന്‍ കള്ളനാകുന്നു 
സത്യം പറയുന്നവന്‍ ഭ്രാന്തനാകുന്നു.
ആകയാല്‍ അന്ന് നിന്നെ
ചാട്ടവാര്‍ കൊണ്ട് അടിച്ച് 
കവിയെന്നോ കള്ളനെന്നോ
കാമുകനെന്നോ ഭ്രാന്തനെന്നോ ആര്‍ത്ത്
മലമുകളിലേയ്ക്കു കൊണ്ടുപോകും!
കുന്തങ്ങളും ആണികളും കൂര്‍പ്പിച്ച്‌ 
ചുറ്റികകള്‍ തയ്യാറാക്കി 
അവര്‍ അവിടെ അപ്പോള്‍ 
കാത്തിരിക്കുന്നാണ്ടാവും!

മുള്‍ക്കിരീടം ചൂടി 
മുറിവുകളാല്‍ അലംകൃതനായി 
നീ  അഭിഷിക്തനാകുമ്പോള്‍ 
അലഞ്ഞുതിരിയുന്ന ആ ആത്മാവ്‌ 
പ്രാര്‍ഥിക്കുന്ന ചുണ്ടുകളില്‍ നിന്നല്ല 
നിറഞ്ഞൊഴുകുന്ന മിഴികളില്‍ നിന്ന്‌ 
ഇളംകാറ്റായോ 
ചിലപ്പോള്‍ 
ഒരു കൊടുംകാറ്റായ്‌ തന്നെയോ 
നിന്നെത്തേടി വരും! 

അധരങ്ങളാല്‍ വാഴ്ത്തപ്പെടുമ്പോഴും 
ഹൃദയങ്ങളാല്‍ ഒറ്റുകൊടുക്കപ്പെട്ടവരാണ്‌ 
എല്ലാ ബലിമൃഗങ്ങളും എന്ന്‌ 
നിന്റെ  കാതില്‍ ചൊല്ലിത്തരും! 
നീ കാത്തിരുന്ന തിരുപ്പിറവികള്‍ എല്ലാം
കഥാവശേഷങ്ങളായ 
കള്ളങ്ങളായിരുന്നുവെന്നും!

__________________________________________________________________________________
ചുള്ളിക്കാടിന്റെ  തിരുപ്പിറവി വായിച്ചപ്പോള്‍ എഴുതിയത്‌. എല്ലാവരും ക്ഷമിക്കുക. തിരുപ്പിറവി വായിക്കാത്തവര്‍ക്ക്‌ ഇവിടെ വായിക്കാം
http://balachandranchullikkad.blogspot.com/2010/12/blog-post_21.html


21 December 2010

നാലാം ദിവസം!


വിളിക്കുമ്പോഴെല്ലാം 
'തിരക്കിലാണ്‌ 
അല്‍പ്പനേരം കഴിഞ്ഞ്‌ വിളിക്കൂ' 
എന്നവള്‍ 
ആവര്‍ത്തിക്കാന്‍ തുടങ്ങിയത്‌
രണ്ടു നാള്‍ മുന്‍പാണ്‌. 
അതുവരെ എന്നും
 'പ്രണയിക്കുകയായിരുന്നൂ നാം 
ഓരോരോ ജന്‍മങ്ങളില്‍*' 
എന്ന്‌ പാടിക്കൊണ്ടിരുന്നവള്‍! 

 ഇന്നലെ 
ഏതുനേരവും അവള്‍ 
മറ്റൊരു ലൈനില്‍ 
സംഭാഷണത്തില്‍.
 താങ്കള്‍ ക്യൂവിലാണെന്ന്‌ 
 എല്ലായ്പ്പോഴും ഓര്‍മിപ്പിച്ചുകൊണ്ട്‌! 

ഇന്ന് 
ഈ പാതിരാവിലും 
അവള്‍ പരിധിക്കു പുറത്താണ്‌. 
സ്വീകരിക്കുമെന്ന്‌ ഉറപ്പില്ലാത്ത 
ഒരു ശബ്ദസന്ദേശമയക്കാമെനിക്ക്‌ !
അതും താല്‍പര്യമുണ്ടെങ്കില്‍ മാത്രം! 

ആര്‍ക്കറിയാം? 
നാളെ പുലരുമ്പോള്‍ 
ഓര്‍മ്മകളും വിനിമയങ്ങളും ഇല്ലാതെ 
നഗ്നമായി, അനാഥമായി 
കടലില്‍, 
അജ്ഞാതമായ ഒരു വനാന്തരത്തില്‍ 
 അല്ലെങ്കില്‍ ഏതോ ഒരു നദിയില്‍ 
എവിടെയോ ഒരു തടാകത്തില്‍ 
അതുമല്ലെങ്കില്‍ റയില്‍പ്പാളത്തില്‍ 
ഒന്നും പ്രതികരിക്കാതെ
സ്വിച്ച്‌ ഓഫ്‌ ആയി............ 

അത്രയേ ഉള്ളൂ 
ചില ജന്‍മങ്ങള്‍! 
അത്രയൊക്കെയേ കാണൂ 
ചില പ്രണയങ്ങള്‍!
_________________________________________________________________________________
*ശ്രീ സുരേഷ്‌ രാമന്തളി മനസ്സില്‍ ഒരു മഞ്ഞുതുള്ളി എന്ന ചലച്ചിത്രത്തിനുവേണ്ടി എഴുതിയ ഗാനം. ഒരു റിംഗ്‌ ബാക്ക്‌ ടോണ്‍.

12 December 2010

രൂപാന്തരം!



അന്ന്‌ 
ഞങ്ങള്‍ ഈരടികള്‍ പോലിരുന്നു. 
വാക്കും അര്‍ഥവും പോലെ,
പരസ്പ്പരം ചേര്‍ന്ന്‌! 
എന്നും ഒരേ താളം!
ഒരേ ഈണം! ഒരേ ലയം!

ഇന്നു പക്ഷെ 
ഒരു ഉത്തരാധുനിക കവിത പോലെ 
കിടക്കവേ,
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല!
എവിടെ നമ്മുടെ താളം?
ഈണം? ലയം?

"കുന്തം!"
അവള്‍ 
തലമൂടിപ്പുതച്ചു 
തിരിഞ്ഞു കിടന്നു.
കൂര്‍ക്കം വലി തുടങ്ങും മുന്‍പെ
ഈരടി ഒഴുകി വന്നു!
" ഉറങ്ങുകയുമില്ല
ഉറക്കുകയുമില്ല!"

കൂട്ടില്‍കിടന്നു 
പട്ടി കുരച്ചു 

ആരുടെയോ തൊഴുത്തില്‍ 
ഒരു പശു അമറി 

"നാശം,
തിന്നുകയുമില്ല,
തീറ്റിക്കുകയുമില്ല!"

4 December 2010

ആത്മകഥ!


വരൂ, 
പാദുകങ്ങള്‍ 
പുറത്തു വയ്ക്കണമെന്നില്ല! 

കഥയാവും തിരയുന്നത്‌! 
കഥ മെനയാനുള്ള വാക്കുകളാണ്‌ 
ഞാന്‍ തിരയുന്നത്‌! 

വാക്കുകള്‍ 
നാവില്‍ നിന്നാണു വരുന്നതെന്ന്‌ 
ആരാണു നിന്നോടു പറഞ്ഞത്‌? 

വാക്കുകള്‍ 
നാവില്‍നിന്നോ 
മനസ്സില്‍ നിന്നോ അല്ല, 
ആഴമുള്ള മുറിവുകളില്‍ നിന്നാണ്‌ വരുന്നത്‌! 

എന്നെ 
മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുക! 
മുറിവുകളില്‍ നിന്നും 
നിലയ്ക്കാത്ത നദി പോലെ 
വാക്കുകള്‍ വാര്‍ന്നൊഴുകട്ടെ! 
മുറിവുകളില്‍ മുളകു പുരട്ടുക! 
വാക്കുകള്‍ തീക്ഷ്ണ സുന്ദരമാകട്ടേ! 

ഛേദിക്കപ്പെടുന്ന 
ശിഖരങ്ങളെ കുറിച്ച്‌ 
എനിക്കു ഖേദമില്ല! 

ശിഖരങ്ങള്‍ അടരും തോറും 
എന്റെ  വേരുകള്‍ 
ആഴത്തിലേക്കു പടരും!
ആഴ്ന്നിറങ്ങുന്ന വേരുകളാലാണ്‌ 
ഞാന്‍ നിന്നെ അറിയുന്നത്‌! 

കൊഴിഞ്ഞു വീഴുന്ന ഇലകളാണ്‌ 
എന്നെ വളര്‍ത്തുന്നത്‌! 
കരിഞ്ഞു പോകുന്ന പൂവുകളല്ല, 
അവയുടെ സൌരഭമാണ്‌ 
ഞാന്‍ നിനക്കു നല്‍കുന്നത്‌! 

വെയിലായ വെയിലെല്ലാം കൊള്ളുന്ന 
എന്റെ ഈ ഉടലാണു 
എന്നും നിന്റെ തണല്‍! 

നീ 
ഏറ്റവും അധികം അവഗണിക്കുന്ന 
എന്റെ വാക്കുകളാണു
എനിക്കു ഏറ്റവും പ്രിയങ്കരം. 

ഞാന്‍ 
തീവ്രമായി നിറഞ്ഞു നില്‍ക്കുന്നത്‌ 
അവയിലാണല്ലോ!

അതിനാലാവാം 
നിനക്കവ അന്യമായതും! 

കഥകള്‍ 
ഇവിടെ തീരുന്നു! 
കേട്ടുകഴിഞ്ഞതും കേള്‍ക്കാനിരിക്കുന്നതും 
കണ്ടു കഴിഞ്ഞതും കാണാനിരിക്കുന്നതും 
കഥയില്ലായ്മകള്‍ ആണെന്നു തിരിച്ചറിഞ്ഞ്‌ 
ഈ വരികളില്‍ നിന്നുമിറങ്ങി 
നീ തിരിച്ചു പോകുക! 

ഒരിക്കലും ഈ വഴി 
വരില്ലെന്നുറപ്പുള്ളവരെയാണ്‍്‌ 
ഞാന്‍ കാത്തിരിക്കുന്നത്‌! 
അവര്‍ക്കുള്ളതത്രെ 
എന്റെ ആത്മകഥ!
............2002