ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

30 December 2010

കഥാവശേഷം !

ആരവങ്ങള്‍ നിലച്ചിരിക്കുന്നു!
ആഘോഷങ്ങള്‍ അവസാനിച്ചുകാണണം.


ക്രൂശിതമായ ശരീരം കൊത്തിത്തിന്ന്‌ 
കഴുകന്‍മാര്‍ പള്ളിമേടകളിലേക്ക്‌
പറന്നു പോയിക്കാണണം!
ഉടഞ്ഞ ഒരു എല്ലിന്‍ കൂട്‌ 
കുരിശില്‍ അനാഥമായിക്കാണണം!
നിരാലംബമായി ഒരാത്മാവിപ്പോള്‍ 
തരിശൂ ഭൂമിയില്‍ അലഞ്ഞു തിരിയുകയാവണം!

നീ 
നിന്റെ  ദിനം വരും വരെ 
കാത്തിരിക്കണം 
ചോദ്യം ചോദിക്കുന്നവന്‍ കള്ളനാകുന്നു 
സത്യം പറയുന്നവന്‍ ഭ്രാന്തനാകുന്നു.
ആകയാല്‍ അന്ന് നിന്നെ
ചാട്ടവാര്‍ കൊണ്ട് അടിച്ച് 
കവിയെന്നോ കള്ളനെന്നോ
കാമുകനെന്നോ ഭ്രാന്തനെന്നോ ആര്‍ത്ത്
മലമുകളിലേയ്ക്കു കൊണ്ടുപോകും!
കുന്തങ്ങളും ആണികളും കൂര്‍പ്പിച്ച്‌ 
ചുറ്റികകള്‍ തയ്യാറാക്കി 
അവര്‍ അവിടെ അപ്പോള്‍ 
കാത്തിരിക്കുന്നാണ്ടാവും!

മുള്‍ക്കിരീടം ചൂടി 
മുറിവുകളാല്‍ അലംകൃതനായി 
നീ  അഭിഷിക്തനാകുമ്പോള്‍ 
അലഞ്ഞുതിരിയുന്ന ആ ആത്മാവ്‌ 
പ്രാര്‍ഥിക്കുന്ന ചുണ്ടുകളില്‍ നിന്നല്ല 
നിറഞ്ഞൊഴുകുന്ന മിഴികളില്‍ നിന്ന്‌ 
ഇളംകാറ്റായോ 
ചിലപ്പോള്‍ 
ഒരു കൊടുംകാറ്റായ്‌ തന്നെയോ 
നിന്നെത്തേടി വരും! 

അധരങ്ങളാല്‍ വാഴ്ത്തപ്പെടുമ്പോഴും 
ഹൃദയങ്ങളാല്‍ ഒറ്റുകൊടുക്കപ്പെട്ടവരാണ്‌ 
എല്ലാ ബലിമൃഗങ്ങളും എന്ന്‌ 
നിന്റെ  കാതില്‍ ചൊല്ലിത്തരും! 
നീ കാത്തിരുന്ന തിരുപ്പിറവികള്‍ എല്ലാം
കഥാവശേഷങ്ങളായ 
കള്ളങ്ങളായിരുന്നുവെന്നും!

__________________________________________________________________________________
ചുള്ളിക്കാടിന്റെ  തിരുപ്പിറവി വായിച്ചപ്പോള്‍ എഴുതിയത്‌. എല്ലാവരും ക്ഷമിക്കുക. തിരുപ്പിറവി വായിക്കാത്തവര്‍ക്ക്‌ ഇവിടെ വായിക്കാം
http://balachandranchullikkad.blogspot.com/2010/12/blog-post_21.html


2 comments:

praveen mash (abiprayam.com) said...

ആരവങ്ങള്‍ നിലച്ചാലും ... ആത്മഗതങ്ങള്‍ നിലയ്ക്കുന്നില്ല ...! :-)

jayan.thanal@gmail.com said...

കുറെ നാളുകള്‍ക്കു ശേഷം കവിത കണ്ടു.സന്തോഷം