ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

21 February 2011

ഉറങ്ങുക സഖീ




ഉറങ്ങുക സഖീ!


അകലെ,
ഓര്‍മ്മതന്‍
ഒടിഞ്ഞ ചില്ലയില്‍
തനിച്ചിരുന്നേതോ കിളി കരയുന്നു.

അരികെ
പേടകം
പതിഞ്ഞ ശബ്ദത്തില്‍
പഴയൊരു പ്രേമകവിത പാടുന്നു.

മയങ്ങുക
മഞ്ഞില്‍ തണുത്ത രാത്രിയില്‍,
മധുര സ്വപ്നത്തിന്‍ 
മകരശയ്യയില്‍!
സ്ഫടികപാത്രത്തില്‍ 
നുരയുമെന്‍ സ്നേഹം
അതുല്യമാകുന്നു! 
വിശുദ്ധമാകുന്നു!

മധുചഷകങ്ങള്‍
നിറഞ്ഞൊഴിയവേ,
മനസ്സിന്‍ ജാലകമടഞ്ഞു പോകിലും,
അടുത്തിരിക്കാം ഞാന്‍ നിനക്കു കാവലായ്‌!
അടുത്തടുത്തു നാം മടുത്തുവെങ്കിലും!

കുറച്ചും  കൂട്ടിയും
ഗുണിച്ചും ഭാഗിച്ചും
പിഴച്ചു പോകുന്നൂ ഗണിതമെങ്കിലും
ഒരിക്കലുമാരുമറിയാതെ നമ്മള്‍
ഒളിച്ചുവയ്ക്കുന്നു കണക്കുപുസ്തകം!
പല നിറങ്ങളില്‍ ഉടുപുടവകള്‍
അണിഞ്ഞൊരുങ്ങുന്ന പകലുകള്‍‍!
രാത്രി 
വിശുദ്ധവേഷങ്ങള്‍ ഉരിയവേ
എത്ര വിരക്തമാകുന്നൂ വികൃതനഗ്നത!

ഉറങ്ങുക സഖീ!
അനന്ത രാത്രി പോല്‍
അഗാധമെന്‍ സ്നേഹം
വിശുദ്ധമാകുന്നു!

ചഷകങ്ങള്‍ വീണ്ടും 
നിറഞ്ഞൊഴിയുന്നു!
ഹൃദയത്തിലേതോ കടല്‍ കരയുന്നൂ!
ഉടലെരിയുന്ന 
വികാരവേനലില്‍ വരളും
ബോധത്തിന്‍ മരു നിലങ്ങളില്‍,
അകന്നകന്നുപോം 
മരീചികതേടി
അലയുമാസക്തി മനസാ ഭോഗിച്ചും,
മകരമഞ്ഞുപോല്‍ ലഹരി മൂടവേ
മറയുമോര്‍മ്മതന്‍ മല നിരയിലോ
ഇരുണ്ട ചിന്തതന്‍വനാന്തരത്തിലോ
അഗമ്യകാമങ്ങള്‍ സ്ഖലിച്ചുമോമനേ!
അരികില്‍ ഞാനില്ലേ!

വിളിച്ചുണര്‍ത്തി,
നീ കിനാവു കാണുന്ന
തരുണനാരെന്നു തിരക്കുകില്ല ഞാന്‍!

ഉറങ്ങുക സഖീ!
ഉണര്‍ത്തുകില്ല ഞാന്‍! 



15 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

മനസ്സിന്‍ ജാലകമടഞ്ഞു പോകിലും,അടുത്തിരിക്കാം ഞാന്‍ നിനക്കു കാവലായ്‌
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

zephyr zia said...

ഹരിച്ചും കൂട്ടിയും
ഗുണിച്ചും ഭാഗിച്ചും
പിഴച്ചു പോകുന്നൂ ഗണിതമെങ്കിലും
ഒരിക്കലുമാരുമറിയാതെ നമ്മള്‍
ഒളിച്ചുവയ്ക്കുന്നു കണക്കുപുസ്തകം!

നാമൂസ് said...

അഗമ്യ ഗമനത്തിലെ മനോ വ്യാപാരങ്ങള്‍..!

സന്തോഷ്‌ പല്ലശ്ശന said...

ഒരു ഗസലിന് പറ്റിയ വരികള്‍..
ഒരേ തരത്തിലുള്ള ബിംബങ്ങളുടെ ആധിക്യം ഈ കവിതയെ ഒന്നുമുഷിപ്പിക്കുന്നുണ്ട്.

പലവരികളും പ്രണയത്തില്‍ മുങ്ങിനിവര്‍ന്നവയാണ്.... വിഷാദത്തിലും...

ആശംസകള്‍

MOIDEEN ANGADIMUGAR said...

ഉറങ്ങുക സഖീ!
അനന്ത രാത്രി പോല്‍
അഗാധമെന്‍ സ്നേഹം
വിശുദ്ധമാകുന്നു!

നല്ല വരികൾ

ശ്രീജ എന്‍ എസ് said...

അടുത്തിരിക്കാം ഞാന്‍ നിനക്കു കാവലായ്‌!
അടുത്തടുത്തു നാം മടുത്തുവെങ്കിലും!

അടുത്തടുത്ത്‌ മടുക്കുകയോ ..

Kalavallabhan said...

വിഷാദം തലയുയർത്തി നില്ക്കുന്നു.

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു..ആശംസകള്‍ !

അനില്‍ ജിയെ said...

നന്ദി! വായിച്ചവര്‍ക്ക്, അഭിപ്രായങ്ങള്‍ കുറിച്ചവര്‍ക്ക്, എല്ലാവര്‍ക്കും.
@സന്തോഷ്‌ പല്ലശന, നിരീക്ഷണം ഉള്‍കൊള്ളുന്നു. ശ്രദ്ധിക്കാം !
@ശ്രീദേവി, ഏറ്റവും അടുക്കുമ്പോള്‍ ചിലപ്പോള്‍ മടുക്കും.ഗണിതങ്ങള്‍ പിഴയ്ക്കുന്നു എന്ന് തുടര്‍ച്ചയായി തിരിച്ചറിയുമ്പോള്‍ , എന്നിട്ടും കണക്കുപുസ്തകങ്ങള്‍ ഒളിച്ചു വയ്ക്കേണ്ടി വരുമ്പോള്‍, പകലിന്റെ വര്‍ണപകിട്ട് വെടിഞ്ഞു രാത്രിയില്‍ ഇരുട്ടില്‍ സ്വയം വികൃതരാകുമ്പോള്‍, അലയുന്ന ആസക്തിയും അഗമ്യ കാമങ്ങളെയും ഉള്ളില്‍ ഒതുക്കിപ്പിടിച്ച് അവള്‍ക്കരികില്‍ അവളെ സ്നേഹിക്കുന്നു എന്ന് നടിച്ച് ഇരിക്കേണ്ടി വരുമ്പോള്‍ , എന്തിനു അന്യനെ സ്വപ്നം കണ്ടാവാം അവള്‍ ഇപ്പോള്‍ ഉറങ്ങുന്നത് എന്ന് ചിലപ്പോള്‍ ഉള്ളാലെ സന്ദേഹിക്കുമ്പോള്‍!

എന്നാലും ഞാന്‍ അവളെ സ്നേഹിക്കുന്നു.
നന്ദി!

കുറ്റൂരി said...

അവളങ്ങനെ ഉറങ്ങിയും നിങ്ങളിങ്ങനെ കാവലിരുന്നും കാലം കഴിക്കണോ?

പാവപ്പെട്ടവൻ said...

മനോഹരമായ വരികൾ

സാബിബാവ said...

ഹൃദ്യമായ വരികള്‍.
നല്ല എഴുത്ത് ഇനിയും പോരട്ടെ

praveen mash (abiprayam.com) said...

ഹൃദയത്തിലേതോ കടല്‍ കരയുന്നൂ

Jenu PraSad said...

അലയുമാസക്തി മനസാ ഭോഗിച്ചും,
മകരമഞ്ഞുപോല്‍ ലഹരി മൂടവേ
മറയുമോര്‍മ്മതന്‍ മല നിരയിലോ
ഇരുണ്ട ചിന്തതന്‍വനാന്തരത്തിലോ
അഗമ്യകാമങ്ങള്‍ സ്ഖലിച്ചുമോമനേ!
അരികില്‍ ഞാനില്ലേ!
manoharamaayirikkunnu chetta.....

ഭാനു കളരിക്കല്‍ said...

വിളിച്ചുണര്‍ത്തി,
നീ കിനാവു കാണുന്ന
തരുണനാരെന്നു തിരക്കുകില്ല ഞാന്‍!


അത് കലക്കി. അവിടെ വിശുദ്ധ പ്രേമത്തിന്റെ കുത്തൊഴുക്കുണ്ട്.