ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

13 April 2011

തിരഞ്ഞെടുത്ത വാര്‍ത്തകള്‍

ആരവങ്ങളുടെ അകമ്പടിയോടെ 
പീഡിത 
വേദിയിലേക്ക് വന്നു.
തൊഴു കൈകളോടെ
അവള്‍  
പീഡകനു വേണ്ടി വോട്ടു ചോദിച്ചു 

വേദി വിട്ടിറങ്ങുമ്പോള്‍
മുഖം മറയ്ക്കാന്‍ ഒരു ചേലയും 
മുപ്പതു വെള്ളിക്കാശും 
എന്നും ധരിക്കാന്‍ ഒരു കുരിശും 
അവള്‍ക്കു സമ്മാനമായ്‌ നല്കപ്പെട്ടു.

രാമനും രാവണനും 
ഒരേ  മുന്നണിയില്‍ 
അണി നിരന്നു!
സീറ്റ് ലഭിക്കാഞ്ഞതിനാല്‍ 
ലക്ഷ്മണന്‍ പ്രചാരണത്തിന് 
ഇറങ്ങിയില്ല.
എന്നാല്‍ ഊര്‍മ്മിള രാമന് വേണ്ടി 
പ്രചാരണത്തിന് വന്നു.
തര്‍ക്കത്തിനൊടുവില്‍ 
ഹനുമാനും കൂട്ടരും 
പ്രത്യേക മുന്നണി ആയാണ് 
മത്സരിച്ചത് .
പാവരാജാവിന്റെ പദവി 
ഉറപ്പുള്ളതിനാല്‍ ആവണം 
ഭരതനും ഭാര്യയും വോട്ടു ചെയ്തില്ല.
ഒരു കെട്ട് വെറ്റിലയും 
ഒരു കുപ്പി നാടനും 
പ്രതിഫലമായി ലഭിച്ചപ്പോള്‍ 
വാനര വൃന്ദം ഒന്നടങ്കം  ഒടുവില്‍ 
രാവണന് തന്നെ വോട്ടു ചെയ്തു.

കവലകള്‍ തോറും യൂദാ
യേശുവിനെ കുറിച്ചോര്‍ത്തു 
കണ്ണീരോടെ പ്രസംഗിച്ചു.
നമ്മള്‍ ജയിച്ചാല്‍ 
വിദ്യാഭ്യാസം 
യൂദയ്ക്ക് തന്നെ നല്‍കണമെന്നും 
അല്ലെങ്കില്‍ അവന്‍ വീണ്ടും കാലു മാറുമെന്നും 
പൌലോ പത്രോസിനോട് പറഞ്ഞു.

ഗാന്ധിയാണ് തന്റെ 
ലക്ഷ്യവും മാര്‍ഗവും എന്ന് 
ഗോഡ് സെ എല്ലാ വേദികളിലും ആവര്‍ത്തിച്ചു!
യോഗാനന്തരം
ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 
നോട്ടിന്റെ കെട്ടുകള്‍ 
അയാള്‍ എല്ലാവര്‍ക്കും നല്‍കി!

വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍,
ജനാധിപത്യത്തിന്റെ നിര്‍വൃതി 
ഒരു ഭാഗിക സൂര്യഗ്രഹണം പോലെ 
വിരല്‍ത്തുമ്പുകളില്‍ അണിഞ്ഞും,
തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന 
എല്ലാ പൂര്‍ണ്ണ ഗ്രഹണങ്ങളെയും മറന്നും,
പൌരാവലി ആത്മഹര്‍ഷ ത്തോടെ കിടന്നുറങ്ങി!
വോട്ടു ചെയ്ത സാധുക്കളെ  ശ്ലാഘിച്ചും
നാളെ മുതല്‍ അവരെല്ലാം 
അസാധുക്കള്‍ എന്ന് ഘോഷിച്ചും 
പ്രജാപതിമാര്‍ 
അഭിഷേകത്തിനായ് ഒരുങ്ങി!

ജനാധിപത്യം
ഉയര്‍ന്ന നിലകളിലേക്ക് 
ഹെലികോപ്ടറിലും,
താഴ്ന്ന നിലകളിലേക്ക്  
കാളവണ്ടിയിലും,
വന്നു കൊണ്ടിരിക്കുകയാണെന്ന് 
ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ പറഞ്ഞു!

അങ്ങാടി നിലവാരം:
വിപണിയില്‍ 
കൈകൂപ്പല്‍ , കൈ വീശല്‍, 
കൈകുലുക്കല്‍,കെട്ടിപ്പിടിക്കല്‍
വെളുക്കെ ചിരി,
കള്ളവും അല്ലാത്തതും ആയ കണ്ണുനീര്‍,
മുതലായവയ്ക്ക് നാളെമുതല്‍ വിലകുറയും!
മറ്റെല്ലാ സാധനങ്ങള്‍ക്കും വിലകൂടും !


10 comments:

ആചാര്യന്‍ said...

വിപണിയില്‍
കൈകൂപ്പല്‍ , കൈ വീശല്‍, കൈകുലുക്കല്‍
വെളുക്കെ ചിരി, കള്ളവും അല്ലാത്തതും ആയ കണ്ണുനീര്‍,
മുതലായവയ്ക്ക് നാളെമുതല്‍ വിലകുറയും.
മറ്റെല്ലാ സാധനങ്ങള്‍ക്കും വിലകൂടും !!

nannaayittundu kettaa...

snehatheerampost.blogspot.com said...

‘ആരവങ്ങളുടെ അകമ്പടിയോടെ
പീഡിത
വേദിയിലേക്ക് വന്നു.
തൊഴു കൈകളോടെ അവള്‍
പീഡകനു വേണ്ടി വോട്ടു ചോദിച്ചു‘...എന്നാരംഭിക്കുന്ന കവിത നമുക്കുതരുന്നത് വര്‍ത്തമാനകേരളത്തിന്റെ കാലിഡോസ്കോപ്പ് ചിത്രങ്ങളാണ്.ലാളിത്യഭാഷയില്‍ അതു വായനക്കാരോട് ഒരുകൂട്ടം കാര്യങ്ങള്‍ പറയുന്നുണ്ട്.കവിക്ക് ആശംസകള്‍!

ഫെനില്‍ said...

പക്ഷെ ഇപ്പോള്‍ കണ്ണുനീരിനാ മാര്‍ക്കെറ്റ് എന്ന് തോന്നുന്നു

ശ്രീദേവി said...

നമുക്ക് നേരെ പിടിച്ച കണ്ണാടി.നല്ല വരികള്‍.എല്ലാം അറിയുമ്പോഴും മാറ്റത്തിനായി ഒന്നും ചെയ്യാന്‍ ശ്രമിക്കാത്ത,എന്ത് ചെയ്യണം എന്നറിയാത്ത നമുക്ക് വേണ്ടി

ജയന്‍ നീലേശ്വരം said...

വര്‍ത്തമാനത്തിന്റെ കണ്ണാടി....

ജയന്‍ നീലേശ്വരം said...

വര്‍ത്തമാനത്തിന്റെ കണ്ണാടി

M.R.Anilan -എം. ആര്‍.അനിലന്‍ said...

അടിച്ചു തകത്തുകളഞ്ഞല്ലോ ജനാധിപത്യത്തിന്റെ ശ്രീകോവിലുള്ളും ചില്ലുമേടകളും....അനിലേ!

ലീല എം ചന്ദ്രന്‍.. said...

കൊള്ളാമല്ലോ അനില്‍ നല്ലവരികള്‍ ....
ആദ്യമായാണ് ഇവിടെ എത്തുന്നത് . ഇനിയും വരാം അഭിനന്ദനങ്ങള്‍.

kitchu said...

ithu gambheeramayi suhruthe..

ഭാനു കളരിക്കല്‍ said...

ജനാധിപൈത്യം നീണാള്‍ വാഴട്ടെ !!!