ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

20 May 2011

അവിടെ നിന്നും ഉള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല

[സഞ്ജയാ, എന്താണവിടെ നടക്കുന്നത് ? 
എന്താണ്? എന്താണ് ?]
കെ ജി ശങ്കരപിള്ള , ബംഗാള്‍
ഒന്ന് 
ധര്‍മ്മാധര്‍മ്മ ഭേദങ്ങള്‍ 
അന്യമാം യുദ്ധഭൂമിയില്‍ 
അവരും അവരും തമ്മില്‍
എന്തേ ചെയ് വതു സഞ്ജയാ?



രണ്ട്
പ്രഭോ
പലതും കാണുന്നു
പലതും കേള്‍ക്കുന്നു
പലരും
പലതും 
 
തോക്കുമായ് വന്ന കിഷന്‍ പറഞ്ഞത് 
നദിയിലൂടെ
ഉള്‍ കടലിലേയ്ക്ക് ഒഴുകിപ്പോയത്‌ 
ആട്ടിന്‍ തോലിട്ട ഒരു പറ്റം
ചെന്നായ്ക്കളുടെ ജഡമാണെന്നാണ്!

പാടത്തു ദ്രവിച്ചുകൊണ്ടിരിക്കുന്ന 
ഫാക്ടറി കെട്ടിടംനോക്കിനിന്ന 
ജ്യോതിദായുടെ അഭിപ്രായത്തില്‍ 
ഒഴുകിപ്പോയവരെല്ലാം 
ധര്‍മ്മം മറന്നുപോയ ധര്‍മ്മ പുത്രന്മാരാണ്.

നിറം മങ്ങിയ ചെന്തുണി നെഞ്ചില്‍ ചേര്‍ത്തു
വൃദ്ധനായ ഘനശ്യാം പറഞ്ഞു
അവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ട
പാണ്ഡവന്മാര്‍ ആണെന്ന് !

പ്രഭോ 
സത്യം ഇവയ്ക്കിടയില്‍ എവിടെയോ ഉണ്ട്.
പ്രസക്തവും,പ്രചരണാത്മകവും
പ്രേക്ഷകപ്രിയവും ആയ സത്യത്തെ
നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. 

നന്ദി സഞ്ജയാ,
പറയേണ്ടുന്ന സത്യമേതെന്നു
നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. 
അതുവരെ
കാഴ്ചകള്‍ കണ്ടു നടക്കുക!

പ്രഭോ!


മൂന്ന്
സഞ്ജയനുമായുള്ള ബന്ധത്തില്‍ എന്തോ 
സാങ്കേതിക തടസ്സം സംഭവിച്ചിരിക്കുന്നു!
തടസ്സം മാറുന്നത്  വരെ 
നമുക്ക് ചര്‍ച്ച തുടരാം 
പറയൂ കവേ,
ധാരാളം വാര്‍ത്തകളുണ്ട് കേള്‍ക്കാന്‍!
എന്തുണ്ട് പറയുവാന്‍?


പ്രഭോ,
അവിടെ എനിക്ക് ബന്ധുക്കള്‍ ആരുമില്ല!
അന്യര്‍ക്ക് വേണ്ടി 
പുതുകവികള്‍ സംസാരിക്കാറുമില്ല!
ഞങ്ങള്‍ ഞങ്ങളെ പറ്റി
മാത്രമേ സംസാരിക്കൂ!
ഞാന്‍ എന്നെപ്പറ്റിയും!

എനിക്ക് വേണ്ടി
എന്നെക്കുറിച്ച്
എപ്പോള്‍ വേണമെങ്കിലും
എത്ര വാക്കുകള്‍ വേണമെങ്കിലും !

ക്ഷമിക്കണം 
നമുക്കിപ്പോള്‍
ഒരു ഇടവേള ആവശ്യമായ് വന്നിരിക്കുന്നു.
അവിടെ നിന്നും ഉള്ള  വാര്‍ത്തകള്‍ 
അവസാനിക്കുന്നില്ല!
അവ ഇടവേളയ്ക്കുശേഷം തുടരും!
അതിനാല്‍ എല്ലാവരും ഇവിടെ തുടരുക 

ഈ ഇടവേള
നിങ്ങള്‍ക്കായ് അവതരിപ്പിക്കുന്നത്‌
ടാറ്റാ നാനോ! 
സന്തോഷങ്ങളുടെ  താക്കോല്‍ !


നാല്
ഇടവേളയില്‍ സഞ്ജയന്‍
വീഡിയോ ക്ലിപ്പുകള്‍ നോക്കിക്കൊണ്ടിരുന്നു .
എവിടെയാണ് സത്യം?

പുത്രന്റെ ശവകുടീരത്തിലേക്ക് നോക്കി
കിഷോരി പറഞ്ഞു
കൊല്ലപ്പെട്ടവരെല്ലാം
ആരുടെയെല്ലാമോ പുത്രന്മാരാണ് !
മാനം പോയവര്‍ 
ആരുടെയെല്ലാമോ പുത്രിമാരും!

ചാരു പക്ഷെ നിലത്തുനിന്നും
കണ്ണുകള്‍ ഉയര്‍ത്തിയതേയില്ല!
"ഉപേക്ഷിക്കപ്പെട്ട ഒരു നാട്ടുവഴിപോലെ
എന്റെ  ജീവിതം.
അല്ലെങ്കില്‍
കവര്‍ന്നെടുക്കപ്പെട്ട പാടം പോലെ" 
അയാള്‍ പറഞ്ഞു 
തുരുമ്പു വീണു വീണ്
പാടത്തിന്റെ
ഫല സമൃദ്ധി നഷ്ടമായിരുന്നു .
കാടും പടലും നിറഞ്ഞ്,
മഴയും വെയിലും കൊണ്ട്.
ആരും ആ വഴി വരാറില്ല.
ആരും!
ഒരിക്കലും!

വറചട്ടി വാങ്ങിവച്ചു
നെഞ്ചില്‍ എരിതീയുമായാണ് 
കലാവതി പുറത്തേക്കുവന്നത്.
"എല്ലാവര്‍ക്കും ഇപ്പോള്‍  ഇടവേളയായി  ,
സിംഹാസനത്തില്‍ 
ഇത്രനാള്‍ ഇരുന്നവര്‍ക്കും,
സിംഹാസനത്തിനായ് 
ഇത്രനാള്‍ കൊതിച്ചവര്‍ക്കും.
ഇടവേളകള്‍ ഇല്ലാത്തത് 
എന്റെ ദുരിതങ്ങള്‍ക്ക് മാത്രമാണ് !


കടലില്‍ പോയി 
വെറും കയ്യോടെ തിരികെ വന്ന
ബങ്കിം പറയുന്നത്
ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം
രൂപം കൊള്ളാന്‍ ഇടയുണ്ടെന്നാണ്.
ഇടവേളയ്ക്കു ശേഷം ചിലപ്പോളൊരു
പെരുമഴ പെയ്തേക്കും .
ആരെല്ലാം അതില്‍ ഒലിച്ചു പോകും?
ജയിച്ചവര്‍? 
തോറ്റവര്‍? 
രണ്ടുപേരും ?

ഭ്രാന്തന്‍ യോഗീന്ദ്രന്‍
നിര്‍ത്താതെ പുലമ്പിക്കൊണ്ടിരുന്നു
"സുന്ദര്‍ബന്നില്‍ നിറയെ കടുവകളുണ്ട്.
അതില്‍ നിറയെ തേന്‍ കൂടുകളും ഉണ്ട് !"


അഞ്ച് 
കാഴ്ചയില്ലാത്ത രാജാവു 
കാഴ്ച്ചതന്‍ പൊരുള്‍ കല്‍പ്പിക്കേ
കാഴ്ച്ചതന്‍കടലാഴത്തില്‍ -
ത്താഴ്ന്നു പോകുന്നു സഞ്ജയന്‍ !

കാഴ്ചയില്ലാത്ത കാലത്തിന്‍
അന്ത്യമില്ലാത്തതാം  രാത്രി
ചോര വീണാല്‍ ചുവക്കുമോ?
മഴ പെയ്താല്‍ വെളുക്കുമോ?

8 comments:

നാമൂസ് said...

സഞ്ജയന്‍റെ തത്സമയ പ്രക്ഷേപണം വര്‍ത്തമാന കാലത്തിലൂടെ.. അന്ധനായ വൃദ്ധ പിതാവ് നൂറു കോടിയില്‍പരം ജനങ്ങളുമാവണം.
നന്നായിരിക്കുന്നു.. പുതിയകാല കുരുക്ഷേത്ര പുരാണം.

എന്റെ എഴുത്തുമുറി said...

വിത്യസ്തമായ അവതരണം.ഇഷ്ടപ്പെട്ടു.

കൊമ്പന്‍ said...

ഇത് കൊള്ളാലോ ശൈലി

Unknown said...

അവതരണവും കവിതയും ഇഷ്ടമായി, പിന്നെ പിന്നില്‍ നിന്നുള്ള കുത്തുകളും!

jayan.thanal@gmail.com said...

നിന്റെ രാഷ്ട്രീയകവിതകള്‍ മുന കൂര്‍ത്തത്.നന്നായി!

Ismail Chemmad said...

വിത്യസ്തമായ അവതരണവും, മികച് വരികളും ഇഷ്ടമായി

കുഞ്ഞൂസ് (Kunjuss) said...

സഞ്ജയന്റെ കാഴ്ചയിലൂടെയുള്ള വ്യത്യസ്തമായ അവതരണം മികച്ചതായി....

അനില്‍കുമാര്‍ . സി. പി. said...

ഹൃദ്യമായ ശൈലി, വ്യത്യസ്തമായ അവതരണം...ഇഷ്ടമായി ഈ കവിത.