ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

22 August 2011

ജന്തു ജീവിതങ്ങളില്‍ ചില സാധ്യതകള്‍ 2


അരാഷ്ട്രീയ വാദിയായ ഒരു ആമയുടെ ആത്മഗതം !!

അവന്‍ മുന്നിലെത്തും എന്നായിരുന്നു 
എല്ലാവരും ധരിച്ചത്!!

അതിനാല്‍ ജനാവലി
അവനായി ആരവങ്ങള്‍ മുഴക്കി!
മുഷ്ടി ചുരുട്ടി ആകാശത്തെ മര്‍ദിച്ചു !
കോടി തോരണങ്ങള്‍ വീശി !

എപ്പോഴും താന്‍ തന്നെ ജയിക്കുമെന്ന് 
അവനും അഹങ്കരിച്ചു !

അവന്‍
കിടന്നുറങ്ങിയത് കൊണ്ട് മാത്രമാണ് 
ഞാന്‍ മുന്നിലെത്തിയത് !

ഞാന്‍ എന്നും
അതുമാത്രം ഓര്‍ക്കുന്നു!

അവന്‍ പക്ഷെ എന്നും 
അതുമാത്രം മറന്നുപോകുന്നു!!!

17 August 2011

ജന്തു ജീവിതങ്ങളില്‍ ചില സാധ്യതകള്‍ 1



(ആട്ടിന്‍ കുട്ടിയുടെ  മരണത്തെ കുറിച്ച്  ചെന്നായുടെ പ്രതികരണം)


കൊല്ലാനും തിന്നാനും  ഉള്ള 
ഞങ്ങളുടെ അവകാശം 
ജന്മസിദ്ധവും
ദൈവസിദ്ധവും ആണ് !

ഞങ്ങള്‍
കൊല്ലുകയും
തിന്നുകയും 
ചെയ്യന്നത് 
അതുകൊണ്ട് തന്നെ 
ആരും ചോദ്യം ചെയ്യരുത് !

ഇലകള്‍ ആടരുത്!
കിളികള്‍ പാടരുത് 
പൂക്കള്‍ എല്ലായ്പ്പോഴും 
ഞങ്ങളുടെ കാല്‍ക്കീഴില്‍ മാത്രം വീഴട്ടെ !!!

പിന്നെ 
ആട്ടിന്‍കുട്ടിയെ ഞാന്‍ 
കൊന്നു തിന്നത് 

അത് ആട്ടിന്‍കുട്ടി എല്ലായ്പ്പോഴും 
വെള്ളം കലക്കിക്കൊണ്ടിരിക്കും 
എന്നത് കൊണ്ട് മാത്രമല്ലേ ?

അല്ലാതെ
ആട്ടിന്‍കുട്ടിയെ  എനിക്ക് 
പേടിയാണെന്ന് 
ആരാണ് പറഞ്ഞത് ?

ആരാണത് പറഞ്ഞത്?

7 August 2011

കുമ്പസാരം

എന്റെ ഈ ആദ്യ പോസ്റ്റിനു ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയായി !!
 കുരിശുണ്ടാക്കിയത് 
ഞാന്‍ തന്നെയാണ്.
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍തെഴുനേറ്റതും ഇല്ല!

ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
____________________________________________________

2 August 2011

കൃതജ്ഞത!!!

             ഈ ആഗസ്റ്റ്‌  മാസത്തില്‍ ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു! എത്ര കാലം ബ്ലോഗിങ് തുടരും എന്ന നിശ്ചയമില്ലാതെ ആണ് ഞാന്‍ ഇത് തുടങ്ങിവച്ചത് . വായനയുടെ ഘട്ടങ്ങളില്‍ വച്ച് എന്റെ രചനകളെ പിന്തുടരാന്‍ തീരുമാനിച്ച സുമനസ്സുകള്‍ക്ക്‌ നന്ദി . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ എന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു . എപ്പോഴെങ്കിലും നിങ്ങള്‍ക്കു നിങ്ങളുടെ തീരുമാനത്തില്‍ ഖേദം തോന്നിയെങ്കില്‍ എന്നോടു ക്ഷമിക്കുക!!

          ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഇനി എഴുതേണ്ടതില്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. സൈബര്‍ സ്പെയ്സ് തുറന്നു തന്ന സാധ്യതകള്‍ ആണ് എന്നെകൊണ്ട്‌ വീണ്ടും എഴുതിച്ചത് . ഈ ഒരു വര്‍ഷത്തിനിടയില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല പ്രോത്സാഹനം അസീസി മാഗസിനില്‍ നിന്നാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ രണ്ടു രചനകള്‍ ബ്ലോഗില്‍ നിന്നും തിരഞ്ഞെടുത്തു അവര്‍ പ്രസിദ്ധീകരിച്ചു . സൈബര്‍ സ്പെയ്സിലെ രചനകളെ അവജ്ഞയോടെ കാണുന്ന പത്രാധിപന്മാര്‍ വാഴുന്ന ഈ കാലത്ത് അവിടെനിന്നും ഉള്ള രചനകളെ സ്വമേധയാ പ്രസിദ്ധീകരിച്ച അസീസി അധികൃതരോട് , വിശിഷ്യാ ഇപ്പോള്‍ അതിന്റെ മാനേജിംഗ് എഡിറ്റര്‍ ആയ ശ്രീ ജിജോ കുര്യനോടു ഉള്ള എന്റെ കൃതജ്ഞത ഞാന്‍ ഇവിടെ കുറിക്കുന്നു !!!
 
ഏല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി !!!!