ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

4 December 2010

ആത്മകഥ!


വരൂ, 
പാദുകങ്ങള്‍ 
പുറത്തു വയ്ക്കണമെന്നില്ല! 

കഥയാവും തിരയുന്നത്‌! 
കഥ മെനയാനുള്ള വാക്കുകളാണ്‌ 
ഞാന്‍ തിരയുന്നത്‌! 

വാക്കുകള്‍ 
നാവില്‍ നിന്നാണു വരുന്നതെന്ന്‌ 
ആരാണു നിന്നോടു പറഞ്ഞത്‌? 

വാക്കുകള്‍ 
നാവില്‍നിന്നോ 
മനസ്സില്‍ നിന്നോ അല്ല, 
ആഴമുള്ള മുറിവുകളില്‍ നിന്നാണ്‌ വരുന്നത്‌! 

എന്നെ 
മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുക! 
മുറിവുകളില്‍ നിന്നും 
നിലയ്ക്കാത്ത നദി പോലെ 
വാക്കുകള്‍ വാര്‍ന്നൊഴുകട്ടെ! 
മുറിവുകളില്‍ മുളകു പുരട്ടുക! 
വാക്കുകള്‍ തീക്ഷ്ണ സുന്ദരമാകട്ടേ! 

ഛേദിക്കപ്പെടുന്ന 
ശിഖരങ്ങളെ കുറിച്ച്‌ 
എനിക്കു ഖേദമില്ല! 

ശിഖരങ്ങള്‍ അടരും തോറും 
എന്റെ  വേരുകള്‍ 
ആഴത്തിലേക്കു പടരും!
ആഴ്ന്നിറങ്ങുന്ന വേരുകളാലാണ്‌ 
ഞാന്‍ നിന്നെ അറിയുന്നത്‌! 

കൊഴിഞ്ഞു വീഴുന്ന ഇലകളാണ്‌ 
എന്നെ വളര്‍ത്തുന്നത്‌! 
കരിഞ്ഞു പോകുന്ന പൂവുകളല്ല, 
അവയുടെ സൌരഭമാണ്‌ 
ഞാന്‍ നിനക്കു നല്‍കുന്നത്‌! 

വെയിലായ വെയിലെല്ലാം കൊള്ളുന്ന 
എന്റെ ഈ ഉടലാണു 
എന്നും നിന്റെ തണല്‍! 

നീ 
ഏറ്റവും അധികം അവഗണിക്കുന്ന 
എന്റെ വാക്കുകളാണു
എനിക്കു ഏറ്റവും പ്രിയങ്കരം. 

ഞാന്‍ 
തീവ്രമായി നിറഞ്ഞു നില്‍ക്കുന്നത്‌ 
അവയിലാണല്ലോ!

അതിനാലാവാം 
നിനക്കവ അന്യമായതും! 

കഥകള്‍ 
ഇവിടെ തീരുന്നു! 
കേട്ടുകഴിഞ്ഞതും കേള്‍ക്കാനിരിക്കുന്നതും 
കണ്ടു കഴിഞ്ഞതും കാണാനിരിക്കുന്നതും 
കഥയില്ലായ്മകള്‍ ആണെന്നു തിരിച്ചറിഞ്ഞ്‌ 
ഈ വരികളില്‍ നിന്നുമിറങ്ങി 
നീ തിരിച്ചു പോകുക! 

ഒരിക്കലും ഈ വഴി 
വരില്ലെന്നുറപ്പുള്ളവരെയാണ്‍്‌ 
ഞാന്‍ കാത്തിരിക്കുന്നത്‌! 
അവര്‍ക്കുള്ളതത്രെ 
എന്റെ ആത്മകഥ!
............2002


13 comments:

MOIDEEN ANGADIMUGAR said...

ഛേദിക്കപ്പെടുന്ന
ശിഖരങ്ങളെ കുറിച്ച്‌
എനിക്കു ഖേദമില്ല!

പദസ്വനം said...

വേദനിക്കുന്ന ആത്മകഥ... :-s

Unknown said...

വാക്കുകള്‍
നാവില്‍നിന്നോ
മനസ്സില്‍ നിന്നോ അല്ല,
ആഴമുള്ള മുറിവുകളില്‍ നിന്നാണ്‌ വരുന്നത്‌!


ശരിയാണ്,

നന്നായിരിക്കുന്നു കവിത

suresh said...

entha parayande? vakkukal mouna kudukkayil kooti vach kavithayayi pottichedukkunnu nee. congrats.

praveen mash (abiprayam.com) said...

അനിലും മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു.. !!
ആ മുറിവ് ഇഷ്ടമാണ് ...വേദനയും

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു....

Sabu Hariharan said...

കവിത വളരെ ഇഷ്ടമായി.
നല്ല വരികൾ. അഭിനന്ദനങ്ങൾ!

ശ്രീജ എന്‍ എസ് said...

ആഴമുള്ള മുറിവില്‍ നിന്ന് തന്നെയാണ് അനില്‍ വാക്കുകള്‍ വരുന്നത്.കവിത ഇഷ്ടമായി

Pranavam Ravikumar said...

GooD one!

Kalavallabhan said...

"ഒരിക്കലും ഈ വഴി
വരില്ലെന്നുറപ്പുള്ളവരെയാണ്‍്‌
ഞാന്‍ കാത്തിരിക്കുന്നത്‌!
അവര്‍ക്കുള്ളതത്രെ
എന്റെ ആത്മകഥ!"
അപ്പോ ശരി, അങ്ങനെ തന്നെ,
അങ്ങനാകുമ്പോൾ ഇനിയും വരണമല്ലോ ?
നല്ല എഴുത്ത്.

അനില്‍ ജിയെ said...

എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി!

Anurag said...
This comment has been removed by the author.
Anurag said...

നല്ലവരികള്‍,ആശംസകള്‍ഇവിടെക്കൂടെ വാ