ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

30 April 2011

ഒടുവില്‍









ഒടുവില്‍
അവ്യക്തമാം ഒരു നോവില്‍ മിഴിയടച്ച് ,
ഹൃദയം നിലച്ച്,
പ്രണയ പാശം മുറിച്ച്, 
നിരാര്‍ദ്രം,നിവചനം, 
നാം  പിരിഞ്ഞു പോകുന്നു!

ചപലമാകും   വികാരങ്ങള്‍ കണ്ണീര്‍
മഴയായ് നമ്മളില്‍ പെയ്യാം ചിലപ്പോള്‍ !
മൃത സുഗന്ധ ധൂപങ്ങളായ് ഖേദ-
സ്മൃതികള്‍ നീറി ജ്വലിക്കാം ചിലപ്പോള്‍!
വ്രണിത മോഹങ്ങള്‍ ഗ്രന്ഥം തുറന്നു
വരികള്‍ വായിച്ചിരിക്കാം ചിലപ്പോള്‍!

ശിഥില ഭഗ്നാക്ഷരങ്ങള്‍, വാക്യങ്ങള്‍
ചിലത് ചേര്‍ത്തു  വിലാപ സംഗീതം
പരിഭവത്താല്‍ നിറയ്ക്ക, സമാശ്വാസ
വചന ധാരകള്‍ തര്‍പ്പണം ചെയ്ക!
പ്രണയ തീര്‍ഥമൊഴുകി വീഴുന്ന
മിഴികളാലെ തിലോദകം നല്ക!

കസവ് തുന്നിയ സ്നേഹവസ്ത്രങ്ങള്‍
മുഴുവനും നാം തിരിച്ചെടുക്ക! നൂറു
ഹത ഹൃദയ വികാരങ്ങള്‍ നീറും
ചിതയില്‍ ഓര്‍മ്മകള്‍ വയ്ക്കണം പിന്നെ!

തരള ജീവനില്‍ ശേഷിക്കുമേക
സ്മരണ പോലും കരിച്ചൊടുക്കേണം!
ഒടുവില്‍ അസ്ഥികള്‍, ഭസ്മ കുംഭങ്ങള്‍,
വിസ്മൃതിയില്‍ ഒന്നായ് നിമജ്ജനം ചെയ്ക!

വഴി തിരിഞ്ഞു നാം ശിഷ്ട ജന്മത്തിന്‍
വഴി തിരയുവാന്‍ പോവുക! ജീവ-
ഭ്രമണ വേളയില്‍ അസ്വസ്ഥമാമീ
മൊഴികള്‍ ഒന്നുമേ നീ സ്മരിക്കായ്ക!
....................................1994

10 comments:

Anurag said...
This comment has been removed by the author.
Anurag said...

ക്ഷമിക്കണം ഒന്നും വായിക്കാന്‍ പറ്റുന്നില്ല

അനില്‍ ജിയെ said...

ക്ഷമിക്കണം അനുരാഗ്, എന്തോ എനിക്കറിയില്ല. എന്റെ സിസ്റ്റത്തില്‍ നന്നായി വായിക്കാം.

Unknown said...

ഇതാ വലുപ്പത്തില്‍ എഴുതിയ്ട്ടും വായിക്കാന്‍ കഴിയുന്നില്ലെന്നോ ...?!!!! അതെന്താണ് പോലും ...!!!

jijo kurian said...

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടീ രാവുകളില്‍ തേങ്ങിയോതീ
വര്‍ഷങ്ങള്‍ പോയാലും നിനവേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍.....

praveen mash (abiprayam.com) said...

വഴി തിരിഞ്ഞു നാം ശിഷ്ട ജന്മത്തിന്‍
വഴി തിരയുവാന്‍ പോവുക! super

SASIKUMAR said...

വായനയ്ക്കു ശേഷവും വിടാത്ത വിങ്ങൽ, കവിത നന്നായിപ്പെയ്തു.

ശ്രീജ എന്‍ എസ് said...

പ്രണയം മനോഹരം ആകുന്നതു അതില്‍ നോവ്‌ നിറഞ്ഞൊരു നഷ്ട പ്രണയം ആകുമ്പോള്‍ മാത്രമാണോ..സ്വന്തമാക്കാത്ത പ്രണയം മാത്രമേ പാടി പുകഴ്ത്തപ്പെടുന്നുള്ളൂ.കവിത നന്നായി..

നാമൂസ് said...

നഷ്ടം, നാശം {മരണം} അത് മാത്രമോ ഓര്‍മ്മയില്‍ ജീവിക്കുക.???

ഭാനു കളരിക്കല്‍ said...

ഭഗ്ന പ്രണയത്തിന്റെ തീക്ഷ്ണ രചന. അഭിനന്ദനങ്ങള്‍